'കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വേണം; സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ സംശയമില്ല'; ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകളെ പുകഴ്ത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദത്തിനിടെ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂര്‍; കോണ്‍ഗ്രസ് പുനഃസംഘടന വീണ്ടും ചര്‍ച്ചകളില്‍

Update: 2025-12-28 07:19 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വേണമെന്ന മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിന്റെ നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍ എം.പി. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ദിഗ്വിജയ് സിങ്ങിന്റെ നിലപാടിനെ പിന്തുണക്കുന്നുവെന്നും തരൂര്‍ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ വാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഞങ്ങള്‍ സുഹൃത്തുക്കളാണ്. സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം. അതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍എസ്എസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകളെ പുകഴ്ത്തുന്ന തരത്തിലുള്ള ദിഗ്വിജയ് സിങ്ങിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. സിങ്ങുമായി തനിക്ക് സൗഹൃദമുണ്ടെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയ ഉന്നത പദവികളിലേക്ക് വളരാന്‍ ബി.ജെ.പി-ആര്‍.എസ്.എസ് സംവിധാനങ്ങള്‍ അവസരം നല്‍കുന്നുണ്ടെന്നായിരുന്നു സിങ്ങിന്റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്‍.കെ അദ്വാനിക്ക് സമീപം തറയിലിരിക്കുന്ന പഴയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. പിന്നാലെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി.

ഗുജറാത്തില്‍ ബിജെപി നേതാവ് എല്‍.കെ. അദ്വാനി ഗുജറാത്തിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത ചടങ്ങിലെ ക്വോറ സ്‌ക്രീന്‍ഷോട്ട് ആണ് അദ്ദേഹം ശനിയാഴ്ച എക്സില്‍ പങ്കുവെച്ചത്. 1990-കളിലെ മോദിയുടെ ഗുജറാത്തിലെ രാഷ്ട്രീയ വളര്‍ച്ച രേഖപ്പെടുത്തുന്ന ചിത്രമാണിത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ യുവാവായ നരേന്ദ്ര മോദി അദ്വാനിയുടെ സമീപം തറയില്‍ ഇരിക്കുന്നത് കാണാം. ഒരിക്കല്‍ മുതിര്‍ന്ന നേതാവിനടുത്ത് തറയില്‍ ഇരുന്ന ഒരു പ്രവര്‍ത്തകന്‍ സംഘപരിവാര്‍-ബിജെപി സംവിധാനത്തിനുള്ളില്‍ വളര്‍ന്ന് മുഖ്യമന്ത്രിയും ഇന്ന് പ്രധാനമന്ത്രിയും ആയതെങ്ങനെ എന്ന് നമ്മള്‍ ചിന്തിക്കണമെന്നായിരുന്നു പോസ്റ്റ്.

ഈ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചതോടെ താന്‍ ബി.ജെ.പി-ആര്‍.എസ്.എസ് ആശയങ്ങളുടെ ശക്തനായ എതിരാളിയായി തുടരുന്നുവെന്ന് ദിഗ്വിജയ് സിങ് പിന്നീട് വ്യക്തത വരുത്തിയിരുന്നു. ഒരാഴ്ച മുമ്പ് അദ്ദേഹം നടത്തിയ മറ്റൊരു പരാമര്‍ശവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്തുകൊണ്ട് കോണ്‍ഗ്രസിനുള്ളില്‍ പരിഷ്‌കാരങ്ങളുടെയും അധികാര വികേന്ദ്രീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തു.

Tags:    

Similar News