'മനുഷ്യകേന്ദ്രീകൃത ബജറ്റ്; ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തും; സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുത്തന്‍ സംരംഭക മേഖലകള്‍ക്കും വലിയ ഉത്തേജനം; വികസിതഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ബജറ്റെന്ന് മോദി
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് 'ഐതിഹാസിക ബജറ്റ്' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍മ്മല സീതാരാമനെ പുകഴ്ത്തി കൊണ്ടാണ് ബജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത്. വലിയ അവസരങ്ങള്‍ ബജറ്റ് തുറക്കുന്നു. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്നും നരേന്ദ്രമോദി പ്രതികരിച്ചു.
ബജറ്റ് പുതിയ ഊര്‍ജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കള്‍ക്ക് വലിയ അവസരങ്ങള്‍ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികള്‍ക്ക് വലിയ തോതില്‍ ചെലവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബജറ്റ് വിപ്ലവകരമായ പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യയുടെ അടിത്തറയെ ശക്തിപ്പെടുത്തുന്നതാണ്. ഇത് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുത്തന്‍ സംരംഭക മേഖലകള്‍ക്കും വലിയ ഉത്തേജനം നല്‍കുന്നു. ബജറ്റ് ഇന്ത്യയുടെ ആഗോള പങ്കിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇത് 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. എത്രയും വേഗം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത് അവരുടെ ദൃഢനിശ്ചയമാണെന്നും മോദി പറഞ്ഞു.
സ്ത്രീ ശാക്തീകരണമെന്ന ഇന്ത്യയുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്നതിനാല്‍ ഇന്നത്തെ ബജറ്റ് ചരിത്രപരമാണെന്നും മോദി വിശേഷിപ്പിച്ചു. 'ഒരു വനിതാ ധനമന്ത്രി എന്ന നിലയില്‍, തുടര്‍ച്ചയായ ഒമ്പതാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍മ്മലാജി പുതിയൊരു റെക്കോഡ് സൃഷ്ടിച്ചു' മോദി പറഞ്ഞു.
'ഇന്ത്യയുടെ യുവത്വത്തെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു, കാരണം ഈ ബജറ്റ് തൊഴില്‍ സൃഷ്ടിക്കുന്നതിന് വലിയ ഉത്തേജനമാണ് നല്‍കുന്നത്. സംസ്ഥാനങ്ങളിലുടനീളം വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ മേഖലയില്‍, ശക്തിപ്പെടുത്തിയിരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകളെ, പിന്തുണയ്ക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കര്‍ഷകര്‍ക്കുള്ള പിന്തുണയും ഗ്രാമീണ സംരംഭകത്വത്തിന്റെ പ്രോത്സാഹനവും കൂടുതല്‍ പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. നമ്മുടെ രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന ഒരു ലക്ഷ്യബോധമുള്ള ബജറ്റാണിത്' മോദി കൂട്ടിച്ചേര്‍ത്തു.
2026-27 കേന്ദ്ര ബജറ്റ് 'മനുഷ്യകേന്ദ്രീകൃത'മാണെന്നും വിപ്ലവകരമായ പരിഷ്‌കാരങ്ങളിലൂടെ അത് ഇന്ത്യയുടെ അടിത്തറയെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞു. ഈ നിര്‍ദ്ദേശങ്ങള്‍ 'നവ ഇന്ത്യ'യുടെ അടിത്തറ പാകുന്നതാണെന്നും സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുതിയ മേഖലകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ ബജറ്റ് അവതരണത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ ബജറ്റിനെ 'ചരിത്രപരം' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യാനുള്ള സര്‍ക്കാരിന്റെ ദീര്‍ഘകാല കാഴ്ചപ്പാടിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു. 'ഈ ബജറ്റ് ഇന്ത്യയുടെ അടിത്തറയെ ശക്തിപ്പെടുത്തുന്നു,' എന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന്റെ 'സ്ത്രീശക്തി (Female Power) ബജറ്റില്‍ വ്യക്തമായി കാണാമെന്നും' കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി ഒമ്പതാം തവണയും ബജറ്റ് അവതരിപ്പിച്ചത് ശ്രദ്ധേയമായ നിമിഷമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
