'അവര്‍ ഹിന്ദി മാത്രം പഠിച്ചു; തമിഴ്നാട്ടില്‍ മേശ തുടയ്ക്കാന്‍ വരുന്നു; പാനിപൂരി വില്‍ക്കുന്നു; നമ്മുടെ കുട്ടികള്‍ വിദേശരാജ്യങ്ങളില്‍ ജോലി സമ്പാദിക്കുന്നു'; തമിഴ്നാട് കൃഷിമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

Update: 2026-02-05 11:57 GMT

ചെന്നൈ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെക്കുറിച്ച് തമിഴ്നാട് കൃഷിമന്ത്രി എം.ആര്‍.കെ. പനീര്‍സെല്‍വം നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഹിന്ദി മാത്രം പഠിക്കുന്നുവെന്നും അതിനാല്‍ തുച്ഛമായ പ്രതിഫലം ലഭിക്കുന്ന ജോലികളില്‍ ഒതുങ്ങുന്നതായും ദ്വിഭാഷാപഠന സംവിധാനമുള്ള തമിഴ്‌നാട്ടുകാര്‍ വിദേശരാജ്യങ്ങളില്‍ ജോലി സമ്പാദിക്കുന്നുവെന്നുമാണ് പനീര്‍സെല്‍വം പറഞ്ഞത്.

'വടക്ക് നിന്നുള്ളവര്‍ തമിഴ്നാട്ടില്‍ മേശ തുടയ്ക്കാന്‍ വരുന്നു. അവര്‍ ഇവിടെ നിര്‍മ്മാണ തൊഴിലാളികളാകുന്നു. പാനി പൂരി വില്‍ക്കാന്‍ വരുന്നു, കാരണം അവര്‍ ഹിന്ദി മാത്രം പഠിച്ചു, എന്നാല്‍ നമ്മുടെ കുട്ടികള്‍ വിദേശത്തേക്ക് പോയിട്ടുണ്ട്... ഞങ്ങള്‍ രണ്ട് ഭാഷാ നയം പിന്തുടരുന്നതിനാല്‍ ഇംഗ്ലീഷ് നന്നായി പഠിച്ചു. അവര്‍ വിദേശത്തേക്ക് പോകുകയും കോടികള്‍ സമ്പാദിക്കാനുള്ള അവസരങ്ങള്‍ നേടുകയും ചെയ്യുന്നു... യുഎസ്എ, ലണ്ടന്‍ എന്നിവിടങ്ങളില്‍.' മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആരെയും ഹിന്ദി സംസാരിക്കുന്നത് തടയില്ലെന്നും സംസ്ഥാനത്തെ വലിയ ജര്‍മ്മന്‍, ജാപ്പനീസ് ജനസംഖ്യയെക്കുറിച്ചു കഴിഞ്ഞ മാസം വ്യവസായ മന്ത്രി ടി.ആര്‍.ബി. രാജാ ഭാഷാസംബന്ധമായി പ്രതികരിച്ചിരുന്നു. വിദേശികള്‍ക്കെല്ലാം തമിഴ്നാട്ടില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുമെന്നും എന്നാല്‍ ഹിന്ദി സംസാരിക്കുന്ന സുഹൃത്തുക്കള്‍ക്ക് എന്തുകൊണ്ട് കഴിയില്ലെന്നും താന്‍ അത്ഭുതപ്പെടുന്നതായി രാജ പറഞ്ഞു. അതേസമയം, തമിഴിനെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടില്‍ വികാരപരമായ വിഷയമായ ഭാഷ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പ്രചാരണ വിഷയമായിരിക്കും, ദേശീയ വിദ്യാഭ്യാസനയം വീണ്ടും ചര്‍ച്ചാവിഷയമാകും. ഇംഗ്ലീഷിനും സംസ്ഥാനത്തിന്റെ ഭാഷകള്‍ക്കും പുറമെ മൂന്നാമതൊരു ഭാഷ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്ന ത്രിഭാഷാനയത്തെ തമിഴ്‌നാട് തുടക്കം മുതലേ എതിര്‍ത്തിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രതികരിച്ചു.

Similar News