'അത് അച്ഛനും മകളും തമ്മിലുള്ള സ്നേഹ പ്രകടനം..'; നിതീഷ് കുമാർ ഹിജാബിന് പിടിച്ചുവലിച്ച ആ യുവ ഡോക്ടർ ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല; ബിഹാറിൽ കെട്ടടങ്ങാതെ വിവാദം
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഹിജാബ് നീക്കം ചെയ്ത സംഭവത്തെത്തുടർന്ന് വാർത്തകളിൽ നിറഞ്ഞ ഡോക്ടർ നുസ്രത്ത് പർവീണിന് വമ്പൻ ജോലി വാഗ്ദാനവുമായി അയൽ സംസ്ഥാനമായ ജാർഖണ്ഡ് രംഗത്തെത്തി. പ്രതിമാസം 3 ലക്ഷം രൂപ ശമ്പളം, താമസിക്കാൻ സർക്കാർ ഫ്ലാറ്റ്, പൂർണ്ണ സുരക്ഷ എന്നിവയാണ് ജാർഖണ്ഡ് ആരോഗ്യ മന്ത്രി ഇർഫാൻ അൻസാരി നുസ്രത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബിഹാറിൽ നടന്ന നിയമന ഉത്തരവ് വിതരണ ചടങ്ങിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ ഡോക്ടർ നുസ്രത്തിന്റെ മുഖാവരണം നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് ജാർഖണ്ഡ് മന്ത്രി നുസ്രത്തിന് ഉയർന്ന ആനുകൂല്യങ്ങളോടെ ജോലി വാഗ്ദാനം ചെയ്തത്. എന്നാൽ, ഈ നീക്കത്തെ പ്രീണന രാഷ്ട്രീയമെന്ന് ബിജെപി വിമർശിച്ചു.
വിവാദം തുടരുന്ന പശ്ചാത്തലത്തിൽ, പാറ്റ്ന സദറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നുസ്രത്തിന് ലഭിച്ച ജോലിയിൽ അവർ ഇതുവരെ പ്രവേശിച്ചിട്ടില്ല. നുസ്രത്ത് ജോലിയിൽ പ്രവേശിക്കണമോ അതോ ഉപരിപഠനം തുടരണോ എന്ന കാര്യത്തിൽ കുടുംബം ആലോചന നടത്തുകയാണെന്ന് നുസ്രത്ത് പഠിക്കുന്ന കോളേജ് അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നടപടി സ്നേഹപൂർവ്വമായ ഇടപെടലായി കാണണമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നുമാണ് ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. ഈ സംഭവം ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.