'എനിക്ക് ആറ് കുട്ടികളുണ്ട്, നാല് കുട്ടികൾക്ക് ജന്മം നൽകാൻ ആരാണ് തടസ്സം'; ബിജെപി നേതാവിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ഒവൈസി

Update: 2026-01-05 09:58 GMT

ന്യൂഡൽഹി: ബിജെപി നേതാവ് നവ്നീത് റാണ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. കുടുംബത്തിന്റെ വലുപ്പത്തെ ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തിയും ഹൈന്ദവർക്ക് കൂടുതൽ കുട്ടികൾ വേണമെന്നുമായിരുന്നു നവ്നീത് റാണയുടെ പരാമർശം. മറുപടിയായി തനിക്ക് ആറ് കുട്ടികളുണ്ടെന്നും നാല് കുട്ടികൾക്ക് ജന്മം നൽകുന്നതിൽനിന്ന് നവ്നീത് റാണയെ ആരും തടയുന്നില്ലെന്നും ഒവൈസി തുറന്നടിച്ചു.

കഴിഞ്ഞ ഡിസംബറിലായിരുന്നു മുൻ എംപി കൂടിയായ നവ്നീത് റാണ വിവാദ പ്രസ്താവന നടത്തിയത്. ധാരാളം കുട്ടികളെ പ്രസവിച്ച് ഹിന്ദുസ്ഥാനെ പാക്കിസ്ഥാനാക്കാൻ ശ്രമിക്കുന്ന ചിലരുടെ ലക്ഷ്യത്തെ നേരിടാൻ ഹൈന്ദവർ കുറഞ്ഞത് മൂന്നോ നാലോ കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്ന് റാണ ആവശ്യപ്പെട്ടു. നാല് ഭാര്യമാരും 19 കുട്ടികളുമുള്ള ഒരാളെക്കുറിച്ച് പരാമർശിച്ച റാണ, 30 കുട്ടികളുടെ ഒരു ക്വാറം പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും പറഞ്ഞു. 'എന്തുകൊണ്ട് നമ്മൾ ഒരു കുട്ടിയിൽ മാത്രം സംതൃപ്തരാകണം? നമ്മളും മൂന്നോ നാലോ കുട്ടികൾക്ക് ജന്മം നൽകണം,' റാണ പറഞ്ഞിരുന്നു.

നവ്നീത് റാണയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട്, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മഹാരാഷ്ട്രയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ മൂന്നിൽ കൂടുതൽ കുട്ടികളെ വേണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞതും അദ്ദേഹം ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതിനെ ആരും തടയുന്നില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.

Tags:    

Similar News