ഇന്ത്യ മഹത്തായ രാജ്യം; നമ്മൾ അനുകമ്പ കാണിക്കുകയും ഭയത്തെ അതിജീവിക്കുകയും ചെയ്താൽ നമുക്ക് ശത്രുക്കളുണ്ടാകില്ല; യുഎസിനെ പേരെടുത്തുപറയാതെ വിമർശിച്ച് മോഹൻ ഭാഗവത്
നാഗ്പുർ: മനുഷ്യരും രാജ്യങ്ങളും തങ്ങളുടെ യഥാർത്ഥ സ്വത്വത്തെ തിരിച്ചറിയുന്നത് വരെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിലെ ബ്രഹ്മകുമാരീസ് വിശ്വ ശാന്തി സരോവറിന്റെ ഏഴാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയൽരാജ്യങ്ങളിലെ നിലവിലെ പ്രശ്നങ്ങളെ പരോക്ഷമായി പരാമർശിച്ചായിരുന്നു ഭാഗവതിന്റെ പ്രസ്താവന.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആത്മീയ പ്രസ്ഥാനമായ ബ്രഹ്മകുമാരീസ് പോലെ, ആർഎസ്എസും ആന്തരിക അവബോധം ഉണർത്താൻ പ്രവർത്തിക്കുന്ന സംഘടനയാണെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. "മനുഷ്യരും രാജ്യങ്ങളും അവരുടെ യഥാർത്ഥ സ്വത്വം മനസ്സിലാക്കിയില്ലെങ്കിൽ, അവർ പ്രശ്നങ്ങളിൽ തുടരും. അനുകമ്പ പ്രകടിപ്പിക്കുകയും ഭയത്തെ അതിജീവിക്കുകയും ചെയ്താൽ നമുക്ക് ശത്രുക്കളുണ്ടാകില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം പരിഹാരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും, മനുഷ്യർ 'ഞാൻ' എന്ന ചിന്താഗതിയിൽ നിന്ന് 'നമ്മൾ' എന്നതിലേക്ക് മാറുകയാണെങ്കിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രസ്താവിച്ചു. അമേരിക്കയെ പേരെടുത്തു പറയാതെ വിമർശിച്ച അദ്ദേഹം, ഇന്ത്യ വളരുകയും പുരോഗമിക്കുകയും ചെയ്യുമ്പോൾ മറ്റു രാജ്യങ്ങൾ അത് എങ്ങനെ ബാധിക്കുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സൂചിപ്പിച്ചു.