ഓപ്പറേഷന്‍ സിന്ദൂര്‍; ലോക്‌സഭയില്‍ അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് തരൂര്‍; ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന പ്രസ്താവനയില്‍ കയ്യടിച്ചു തിരുവനന്തപുരം എംപി; പ്രതിപക്ഷ ബെഞ്ചിലിരുന്നത് രാജ്യതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് തരൂര്‍

ഓപ്പറേഷന്‍ സിന്ദൂര്‍; ലോക്‌സഭയില്‍ അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് തരൂര്‍

Update: 2025-07-29 10:49 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ലോക്സഭയിലെ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് കോണ്‍ഗ്രസ് എംപി തരൂര്‍. ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന് അമിത് ഷാ സഭയില്‍ പറഞ്ഞു.

പഹല്‍ഗാം ആക്രമണം നടത്തിയ സുലൈമാന്‍, അഫ്ഗാന്‍, ജിബ്രാന്‍ എന്നീ മൂന്ന് പേരെയാണ് തിങ്കളാഴ്ച വധിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി. അമിത് ഷായുടെ പ്രസംഗത്തെ ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്. ഇതിനിടെയാണ് തരൂരും കൈയടികളോടെ മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തത്. രാജ്യതാല്‍പ്പര്യമാണ് തനിക്ക് വലുതെന്ന് തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ താന്‍ സംസാരിക്കില്ലെന്ന് ശശി തരൂര്‍ നേരത്തേ നിലപാടെടുത്തിരുന്നു.സംസാരിക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ച് വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തെ നയിച്ച ശശി തരൂരുമായി ഭിന്നത നിലനില്‍ക്കെയാണ് ചര്‍ച്ചയില്‍ സംസാരിക്കുന്നത് സംബന്ധിച്ച് തരൂരിനോട് പാര്‍ട്ടി നിലപാട് തേടിയത്.

അതേസമയം, ലോക്‌സഭയില്‍ കോണ്‍ഗ്രസിന് വേണ്ടി ലോക്‌സഭ കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയിയാണ് ചര്‍ച്ചക്ക് തുടക്കമിടുക. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നീ കോണ്‍ഗ്രസ് എം.പിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം കഴിഞ്ഞ ദിവസം കശ്മീരില്‍ സുരക്ഷാസേന നടത്തിയ ഓപറേഷന്‍ മഹാദേവില്‍ വധിച്ച മൂന്ന് ഭീകരരും ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചിരുന്നു. പാര്‍ലമെന്റില്‍ ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയിലാണ് കൊല്ലപ്പെട്ടത് ലശ്കര്‍ ഭീകരരാണെന്ന് മന്ത്രി വ്യക്തമാക്കിയത്. കൊല്ലപ്പെട്ട ഭീകരരുടെ പാകിസ്താന്‍ ബന്ധം വ്യക്തമാക്കുന്ന വോട്ടര്‍ ഐ.ഡിയും ചോക്ലേറ്റുമുള്‍പ്പെടെ കണ്ടെത്തിയെന്നും അമിത് ഷാ പറഞ്ഞു.

''ബൈസരന്‍ താഴ്വരയില്‍ നിരപരാധികളായ സാധാരണക്കാരെ അവരുടെ മതംചോദിച്ച് ബന്ധുക്കള്‍ക്ക് മുമ്പില്‍ കൊലപ്പെടുത്തി. അന്നത്തെ ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരെയും കരസേനയും സി.ആര്‍.പി.എഫും ജമ്മുകശ്മീര്‍ പൊലീസും ചേര്‍ന്നു നടത്തിയ സംയുക്ത ദൗത്യത്തില്‍ വധിച്ചു. ലശ്കര്‍ കമാന്‍ഡര്‍ സുലൈമാന്‍ ഷാ, അഫ്ഗാന്‍, ജിബ്രാന്‍ എന്നിവരെ, ആക്രമണത്തിനു ശേഷം അവര്‍ക്ക് അഭയം നല്‍കിയവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് സഹായം നല്‍കിയവരെ നേരത്തെ പിടികൂടിയിട്ടുണ്ട്. ഭീകരരുടെ മൃതദേഹം ശ്രീനഗറില്‍ എത്തിച്ചാണ് തിരിച്ചറിഞ്ഞത്.

പഹല്‍ഗാം ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭീകരരെ പിടികൂടാന്‍ പദ്ധതിയൊരുക്കി. അവര്‍ രാജ്യംവിട്ട് പോകാതിരിക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തി. ദച്ചിഗാം വനമേഖലയില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായി മേയ് 22ന് രഹസ്യ വിവരം ലഭിച്ചു. പിന്നാലെ സുരക്ഷാസേന പട്രോളിങ് ശക്തമാക്കി. ജൂലൈ 22ന് ഭീകരരെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിച്ചു. എല്ലാം സ്ഥിരീകരിച്ച ശേഷമാണ് മാധ്യമങ്ങളെ വിവരമറിയിച്ചത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ റൈഫിളുകളും ഇരുപതോളം ഗ്രനേഡുകളും ഭീകരര്‍ ഒളിച്ചുതാമസിച്ച ഇടത്തുനിന്ന് കണ്ടെടുത്തു'' -അമിത് ഷാ പറഞ്ഞു.

Tags:    

Similar News