അഭാവത്തില്‍ തിരഞ്ഞെടുപ്പല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഭരണഘടന പോലും നിര്‍ദ്ദേശിക്കാത്ത പദവി; ലളിതമെങ്കിലും കണക്കിലെ കളികള്‍ നിര്‍ണ്ണായകമാകുന്ന തിരഞ്ഞെടുപ്പ്; ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ; രണ്ട് ദക്ഷിണേന്ത്യക്കാര്‍ തമ്മിലെ പോരാട്ടത്തില്‍ എന്തുസംഭവിക്കും? പതിനാറാമത് ഉപരാഷ്ട്രപതിയെ നാളെ അറിയാം

പതിനാറാമത് ഉപരാഷ്ട്രപതിയെ നാളെ അറിയാം

Update: 2025-09-08 14:32 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാറാമത് ഉപരാഷ്ട്രപതിയെ നാളെ അറിയാം. ഇന്ത്യന്‍ ഉപരാഷ്ട്രപതി സ്ഥാനത്തു നിന്ന് ആരോഗ്യ കാരണങ്ങളാല്‍ ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെത്തുടര്‍ന്ന് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രണഘടനയിലെ ആര്‍ട്ടിക്കിള്‍ 324 (1) അനുസരിച്ച്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടവും നടത്തിപ്പും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണ്. 'പ്രസിഡന്‍ഷ്യല്‍ ആന്‍ഡ് വൈസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ആക്ട്, 1952', 'പ്രസിഡന്‍ഷ്യല്‍ ആന്‍ഡ് വൈസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ റൂള്‍സ്, 1974' എന്നിവയാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയയെ നിയന്ത്രിക്കുന്നത്.

ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും നോമിനേറ്റ് ചെയ്യപ്പെട്ടതുമായ എല്ലാ അംഗങ്ങളും ചേര്‍ന്നതാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറല്‍ കോളേജ്. സാധാരണ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ (whip) അംഗങ്ങള്‍ പാലിക്കണമെങ്കിലും, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അത് നിര്‍ബന്ധമല്ല. അവര്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. 1952-ലെ നിയമം അനുസരിച്ചുള്ള ഒറ്റ കൈമാറ്റ വോട്ട് (Single Transferable Vote) വഴിയുള്ള ആനുപാതിക പ്രാതിനിദ്ധ്യ സമ്പ്രദായമനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രഹസ്യ ബാലറ്റിലൂടെ ആയിരിക്കും വോട്ടിംഗ്.

ഒരു രാഷ്ട്രപതി രാജിവച്ചാല്‍, ഉപരാഷ്ട്രപതിയാണ് ആക്ടിംഗ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പക്ഷെ നിലവിലുള്ള ഉപരാഷ്ട്രപതിയാണ് ഇടക്കാലത്ത് രാജിവെക്കുന്നത് എങ്കില്‍ ആക്ടിംഗ് വൈസ് പ്രസിഡന്റിനെ നിയമിക്കുന്ന ഒരു വ്യവസ്ഥയും നിലവിലില്ല.

ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്‌സ്-ഒഫീഷ്യോ ചെയര്‍മാന്‍ കൂടിയായതിനാല്‍, പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതുവരെ ആ ചുമതലകള്‍ ഡെപ്യൂട്ടി ചെയര്‍മാനില്‍ സ്വയമേവ നിക്ഷിപ്തമായിരിക്കും. ഇടക്കാലത്ത്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിംഗ് സഭയുടെ അധ്യക്ഷനാകുകയായിരുന്നു. പാര്‍ലമെന്ററി ചടങ്ങുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു താല്‍ക്കാലിക ക്രമീകരണമാണിത്. ഉപരാഷ്ട്രപതിയുടെ പദവിയോ അധികാരങ്ങളോ ഡെപ്യൂട്ടി ചെയര്‍മാന് ഇല്ല.

എത്രയും വേഗം പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും ഭരണഘടന മുന്നോട്ട് വെക്കുന്നുമില്ല. മറ്റ് തെരഞ്ഞെടുപ്പുകളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കുറച്ച്കൂടി ലളിതമാണ്. എങ്ങനെയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് എന്ന് പരിശോധിക്കാം..

തിരഞ്ഞെടുപ്പ് പ്രക്രിയ

ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ഇലക്ടറല്‍ കോളേജ് നടത്തുന്ന തിരഞ്ഞെടുപ്പിലൂടെയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. പാര്‍ലമെന്റ് എംപിമാര്‍ക്ക് മാത്രമേ വോട്ടുചെയ്യാന്‍ കഴിയൂ. സംസ്ഥാന നിയമസഭകളിലെ എംഎല്‍എമാര്‍ക്ക് വോട്ടിങ്ങിന് അനുമതിയില്ല. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തുന്നത്. ഇലക്ടറല്‍ കോളേജിലെ അംഗങ്ങള്‍ ഒരു പാര്‍ട്ടി വിപ്പിനും വിധേയരല്ല.

രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് സമാനമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ, പക്ഷേ ഇലക്ടറല്‍ കോളേജ് വ്യത്യസ്തമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ ഇലക്ടറല്‍ കോളേജിന്റെ ഭാഗമല്ല. കൂടാതെ, ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പില്‍, സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു പങ്കും വഹിക്കാനില്ല, അവിടെ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇലക്ടറല്‍ കോളേജിന്റെ ഭാഗമാണ്.

ആര്‍ക്കൊക്കെ മത്സരിക്കാം?

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍, സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ പൗരനായിരിക്കണം, കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം, രാജ്യസഭാംഗമായിരിക്കണം, മറ്റ് വരുമാന പദവികള്‍ വഹിക്കരുത് എന്നീ നിബന്ധനകളാണുള്ളത്. നാമനിര്‍ദ്ദേശ പത്രികയില്‍ കുറഞ്ഞത് 20 ഇലക്ടര്‍മാര്‍ പ്രൊപ്പോസര്‍മാരായും 20 ഇലക്ടര്‍മാര്‍ സെക്കന്‍ഡര്‍മാരായും ഒപ്പിടണം. ഉപരാഷ്ട്രപതി അഞ്ച് വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. എന്നാല്‍ കാലാവധി അവസാനിച്ചതിനുശേഷവും പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹത്തിന് തുടരാം.

ഒരാള്‍ക്ക് ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കാവുന്ന തവണകളുടെ എണ്ണം ഭരണഘടന പരിമിതപ്പെടുത്തിയിട്ടില്ല. അതിനാല്‍, ഒരു മുന്‍ ഉപരാഷ്ട്രപതിക്ക് വീണ്ടും മത്സരിക്കാന്‍ അര്‍ഹതയുണ്ട്.ഒരു തവണ കാലാവധി പൂര്‍ത്തിയാക്കിയ ഉടന്‍ അല്ലെങ്കില്‍ ഒരു ഇടവേളയ്ക്ക് ശേഷം നിര്‍ദ്ദിഷ്ട പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ക്ക് ഒന്നിലധികം തവണ സേവനമനുഷ്ഠിക്കാം. എസ് രാധാകൃഷ്ണന്‍ (1952-1962), മുഹമ്മദ് ഹമീദ് അന്‍സാരി (2007-2017) എന്നിവര്‍ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തില്‍ സേവനമനുഷ്ഠിച്ചിവരണാണ്.

രാഷ്ട്രപതിയുടെ റോളിലും

രാഷ്ട്രപതിക്ക് ശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭരണഘടനാ പദവിയാണ് വൈസ് പ്രസിഡന്റ്. രാഷ്ട്രപതി സ്ഥാനത്തിന് ശേഷമുള്ള ആദ്യ സ്ഥാനമാണിത്. രാഷ്ട്രപതിക്ക് ഏതെങ്കിലും കാരണത്താല്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തപ്പോള്‍ - പരമാവധി ആറ് മാസം വരെ - വൈസ് പ്രസിഡന്റ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. രാഷ്ട്രപതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുമ്പോള്‍, രാജ്യസഭാ അധ്യക്ഷന്റെ ചുമതലകള്‍ വൈസ് പ്രസിഡന്റ് നിര്‍വഹിക്കുന്നില്ല.

കണക്കിലെ കളികള്‍.. ഇത്തവണ എന്ത് സംഭവിക്കും?

ഉപരാഷ്ട്രപതിയെ പാര്‍ലമെന്റ് അംഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിനാല്‍, എന്‍ഡിഎയ്ക്ക് അവരുടെ സ്ഥാനാര്‍ത്ഥിയെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ കഴിയും. രണ്ട് സഭകളുടെയും നിലവിലെ സംയുക്ത ശക്തി 786 ആണ്, ആറ് ഒഴിവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍. 100% പോളിംഗ് ഉണ്ടെന്ന് അനുമാനിക്കുകയാണെങ്കില്‍, ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 394 വോട്ടുകള്‍ ആവശ്യമാണ്. എന്‍ഡിഎയ്ക്ക് ലോക്സഭയില്‍ 293 എംപിമാരും രാജ്യസഭയില്‍ 129 എംപിമാരുമുണ്ട്, ഇത് രണ്ടും കുടിയാകുമ്പോള്‍ തന്നെ 422 വോട്ടുകളുടെ പിന്‍ബലം ആകും. ആവശ്യമായ കണക്കിനേക്കാള്‍ വളരെ കൂടുതലാണിത്.

രണ്ട് ദക്ഷിണേന്ത്യക്കാര്‍ തമ്മിലാണ് പോരാട്ടം എന്നതാണ് ഇത്തവണത്തെ പ്രത്യേകത. തമിഴ്‌നാട് സ്വദേശിയായ ആര്‍എസ്എസ് നേതാവ് സി.പി രാധാകൃഷ്ണന്റെ വിജയം ഉറപ്പാണ്.

തമിഴ്‌നാട് , ബിജെപി ഏറെ മോഹിക്കുന്ന ദക്ഷിണേന്ത്യന്‍ മണ്ണ്. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് .സി.പി രാധാകൃഷ്ണനെന്ന സിപിആറിനെ ഉപരാഷ്ട്രപതിയാക്കുന്നതിലൂടെ ഒരുവെടിക്ക് രണ്ടു പക്ഷിയാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ദ്രാവിഡമക്കളെയും ആര്‍എസ്എസിനെയും ഒരുപോലെ സന്തോഷിപ്പിക്കാം.

ആശയപരമായ പോരാട്ടമെന്ന് പറയുമ്പോഴും അവിഭക്ത ആന്ധ്രയില്‍ ജനിച്ച സുദര്‍ശന്‍ റെഡ്ഡിയെ കളത്തിലിറക്കി എന്‍ഡിഎയുടെ മുഖ്യഘടകകക്ഷിയായ ടിഡിപിയെയും വൈഎസ്ആര്‍സിപിയെയും സമ്മര്‍ദത്തിലാക്കാനായിരുന്നു ഇന്ത്യ സഖ്യത്തിന്റെ ശ്രമം. പ്രാദേശികവാദത്തിനപ്പുറം രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമെന്നാണ് തമിഴ്‌നാട്, ആന്ധ്ര എംപിമാര്‍ പറയുന്നത്. അതിനാല്‍ത്തന്നെ സി.പി രാധാകൃഷ്ണന്‍ പതിനഞ്ചാമത് ഉപരാഷ്ട്രപതിയാവുമെന്ന് ഉറപ്പ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആറാമത്തെ ഉപരാഷ്ട്രപതിയും.

ഇന്ത്യയുടെ ഉപരാഷ്ട്രപതിമാര്‍ (സ്വാതന്ത്ര്യം മുതല്‍):

ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ (1952-1962) ഡോ. സക്കീര്‍ ഹുസൈന്‍ (1962-1967) വി.വി. ഗിരി (19671969) ഗോപാല്‍ സ്വരൂപ് പാഠക് (1969-1974) ബി.ഡി. ജെട്ടി (1974-1979) മുഹമ്മദ് ഹിദായത്തുള്ള (1979-1984) ആര്‍. വെങ്കടരാമന്‍ (19841987) ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ (1987-1992) കെ.ആര്‍. നാരായണന്‍ (1992-1997) കൃഷന്‍ കാന്ത് (1997-2002) ഭൈറോണ്‍ സിംഗ് ശെഖാവത്ത് (2002-2007) മുഹമ്മദ് ഹാമിദ് അന്‍സാരി (2007-2017) വെങ്കയ്യ നായിഡു (2017-2022) ജഗ്ദീപ് ധന്‍ഖര്‍ (2022-2025 ജൂലായ്)

Tags:    

Similar News