'ഒരു ജീവിയുണ്ട്, എങ്ങനെ വേണമെങ്കിലും അത് വളരും, ആഗ്രഹങ്ങൾക്കനുസരിച്ച് രൂപം കൊള്ളും'; അച്ഛൻ ദേശസ്നേഹം പഠിപ്പിക്കുന്നു, മകൻ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നു; നവാസ് ഷെരീഫിനെ സന്ദർശിച്ച മോദിയെ എന്തു വിളിക്കണം?; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ
മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. മുംബൈ ശിവാജി പാർക്കിൽ നടന്ന ദസറാ റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ബിജെപിയെ 'അമീബ'യോട് ഉപമിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഏത് സാഹചര്യത്തിലും മാറാൻ തയ്യാറാകുന്ന പാർട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ഒരു ജീവിയുണ്ട്, അമീബ. എങ്ങനെ വേണമെങ്കിലും അത് വളരും. ആഗ്രഹങ്ങൾക്കനുസരിച്ച് രൂപം കൊള്ളും. ബിജെപിയും അങ്ങനെയാണ്, എങ്ങനെ വേണമെങ്കിലും വളരും. ആരുമായും സഖ്യമുണ്ടാക്കും, പക്ഷേ വളരുന്നത് ബിജെപി മാത്രമായിരിക്കും," താക്കറെ പറഞ്ഞു. എൻഡിഎ സഖ്യകക്ഷികളെയും വിമർശനത്തിൽ അദ്ദേഹം ഉൾപ്പെടുത്തി.
ലഡാക്കിലെ പ്രക്ഷോഭക നായകനായ സോനം വാങ്‌ചുക്കിനെ പാക്കിസ്ഥാൻ സന്ദർശിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തതിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്കിസ്ഥാൻ സന്ദർശനത്തെയും താക്കറെ താരതമ്യം ചെയ്തു. വാങ്‌ചുക്കിനെ അറസ്റ്റ് ചെയ്തെങ്കിൽ, നവാസ് ഷെരീഫിനെ സന്ദർശിച്ച മോദിയെ എന്തു വിളിക്കണമെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും താക്കറെ പരിഹസിച്ചു. ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയെക്കുറിച്ചുള്ള പരാമർശത്തിൽ, "ഒരു വശത്ത് അച്ഛൻ ദേശസ്നേഹം പഠിപ്പിക്കുന്നു, മറുവശത്ത് മകൻ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നു," എന്ന് അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐ അധ്യക്ഷനും ഐ.സി.സി.യുടെ ഉന്നത സ്ഥാനക്കാരനുമായ ജയ് ഷായെ ഉദ്ദേശിച്ചായിരുന്നു ഈ പരാമർശം.