ഒടുവില്‍ മഞ്ഞുരുക്കം..! പറയാനുള്ളത് പരാതികളെല്ലാം നേതൃത്വത്തോട് നേരിട്ട് പറഞ്ഞ് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും പ്രത്യേകം ചര്‍ച്ച നടത്തി; പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന കൂടിക്കാഴ്ച്ച നീണ്ടത് അര മണിക്കൂര്‍; താന്‍ പൂര്‍ണതൃപ്തന്‍, പാര്‍ട്ടിയുമായി ഒരു പ്രശ്‌നവുമില്ല; താനും പാര്‍ട്ടിയും ഒരേ ദിശയില്‍; പ്രചരണത്തില്‍ സജീവമായി ഇറങ്ങുമെന്നും തരൂര്‍
ഒടുവില്‍ മഞ്ഞുരുക്കം..! പറയാനുള്ളത് പരാതികളെല്ലാം നേതൃത്വത്തോട് നേരിട്ട് പറഞ്ഞ് ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ശശി തരൂരും വീണ്ടും ഒരേവഴിയില്‍. ഇടക്കാലം കൊണ്ട് വഷളായ ബന്ധം വീണ്ടും ട്രാക്കിലാക്കാന്‍ നടന്ന ചര്‍ച്ചകള്‍ വിജയം കണ്ടു. കോണ്‍ഗ്രസ് നേതൃത്വവും ശശി തരൂര്‍ എംപിയുമായുള്ള ബന്ധം അടുത്തിടെയായി അത്ര നല്ലനിലയിലായിരുന്നില്ല. തനിക്ക് പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയും എന്ന് തരൂര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോടും മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിയോടും തരൂര്‍ നേരിട്ട് ചര്‍ച്ച നടത്തി. പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചാണ് ഇരു നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
അരമണിക്കൂറോളം ചര്‍ച്ചകള്‍ നടന്നതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ചര്‍ച്ചയില്‍ എല്ലാം പരിഭവങ്ങളും തരൂര്‍ പറഞ്ഞു തീര്‍ത്തു. പാര്‍ലമെന്റ് ഹൗസില്‍ വ്യാഴാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടുനിന്നു. കഴിഞ്ഞ കുറച്ചു കാലമായി പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന തരൂര്‍, തന്റെ ആശങ്കകളും നിലപാടുകളും നേതൃത്വത്തെ നേരിട്ട് അറിയിച്ചു. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയെന്നാണ് തരൂര്‍ വ്യക്തമാക്കിയത്. താന്‍ പൂര്‍ണതൃപ്തന്‍, പാര്‍ട്ടിയുമായി ഒരു പ്രശ്‌നവുമില്ല. താനും പാര്‍ട്ടിയും ഒരേ ദിശയില്‍. പ്രചരണത്തില്‍ സജീവമായി ഇറങ്ങുമെന്നും തരൂര്‍ വ്യക്തമാക്കി.
അടുത്ത കാലത്തായി തരൂര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ സാമ്പത്തിക-സാംസ്‌കാരിക കാഴ്ചപ്പാടുള്ള മികച്ച പ്രസംഗമെന്ന് തരൂര്‍ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. പ്രധാനമായും താഴെ പറയുന്ന സംഭവങ്ങളാണ് തരൂരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം വഷളാക്കിയത്. കൂടാതെ 'ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്' എന്ന പേരില്‍ തരൂര്‍ എഴുതിയ ലേഖനം ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മോദി സര്‍ക്കാരിന്റെ നടപടികളെ തരൂര്‍ പുകഴ്ത്തിയതും, ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ദൗത്യസംഘത്തെ നയിക്കാന്‍ അദ്ദേഹം സമ്മതിച്ചതും കോണ്‍ഗ്രസ് നേതാക്കളുടെ കടുത്ത വിമര്‍ശനത്തിന് കാരണമായി.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന യോഗങ്ങളില്‍ നിന്ന് തരൂര്‍ വിട്ടുനിന്നത് അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ തന്റെ പ്രസംഗങ്ങള്‍ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്നും താന്‍ 16 വര്‍ഷമായി പാര്‍ട്ടിയോട് വിശ്വസ്തനാണെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തരൂരിന്റെ പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 2022ലെ പാര്‍ട്ടി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയ്ക്കെതിരെ മത്സരിച്ചത് മുതല്‍ തരൂര്‍ നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ലായിരുന്നു. പുതിയ കൂടിക്കാഴ്ചയോടെ ഈ അകല്‍ച്ച അവസാനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
സിപിഎമ്മിലേക്ക് തരൂര്‍ പോകുന്നുവെന്നും ഇതിനായി ഗള്‍ഫില്‍ ഒരു വ്യവസായിയുടെ സഹായത്തില്‍ ചര്‍ച്ച നടന്നെന്നും വന്ന വാര്‍ത്തകളെ തരൂര്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു. 'ദുബായിയില്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം മാദ്ധ്യമങ്ങള്‍ സൃഷ്ടിച്ചതാണ്. നിങ്ങളുടെ ആഹാരത്തിന് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോടേ പറയൂ.' തരൂര്‍ വ്യക്തമാക്കി.
നേരത്തെ 2022ല്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തിനായി സോണിയാ ഗാന്ധിയ്ക്ക് കത്ത് നല്‍കിയ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു തരൂര്‍. ശേഷം പാര്‍ട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. 84 ശതമാനം വോട്ടോടെ നെഹ്റു കുടുംബം പിന്തുണച്ച ഖാര്‍ഗെ പ്രസിഡന്റായി. എന്നാല്‍ തരൂരിന് 11 ശതമാനത്തിലധികം വോട്ട് നേടാനായി.
അതിനിടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വഴിവെച്ചത് കെ സി വോണുഗോപാലിന്റെ ഇടപെടലാണെന്നും സൂചനയുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തെരഞ്ഞെടുപ്പ് സമിതി യോഗങ്ങളില്‍ നിന്ന് പോലും വിട്ടുനിന്ന തരൂരിനെ അനുനയിപ്പിച്ചത് എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലിന്റെ നിര്‍ണ്ണായകമായ ഫോണ്‍ കോളാണെന്നാണ് വിവരം.
പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുന്നു എന്ന പരാതി തരൂര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്ത് വേദിയില്‍ രാഹുല്‍ ഗാന്ധി തരൂരിന്റെ പേര് പരാമര്‍ശിക്കാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത് വെറുമൊരു 'കമൂണിക്കേഷന്‍ ഗ്യാപ്പ്' മാത്രമാണെന്ന വിശദീകരണമാണ് നേതൃത്വം ഇപ്പോള്‍ തരൂരിന് നല്‍കിയിരിക്കുന്നത്. പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്നും പാര്‍ട്ടി ഫോറങ്ങളില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നും കെ. സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയതോടെയാണ് തരൂര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
തരൂര്‍ സി.പി.എമ്മിലേക്ക് ചേക്കേറുമെന്ന തരത്തില്‍ ദുബായ് ചര്‍ച്ചകളെ മുന്‍നിര്‍ത്തി പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തിയ ശേഷം തരൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍നിരയിലേക്ക് എത്തും. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് തരൂരുമായി ഉടന്‍ കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. രാഹുലുമായി ഉടന്‍ ചര്‍ച്ചകള്‍ നടക്കും. പ്രിയങ്കാ ഗാന്ധിയും സജീവ ഇടപെടല്‍ നടത്തും.
യുവാക്കളുടെയും പുതുതലമുറ വോട്ടര്‍മാരുടെയും പിന്തുണ ഉറപ്പാക്കാന്‍ തരൂരിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി 'ജെന്‍സി കണക്ട്' എന്ന പ്രത്യേക ക്യാമ്പയിന്റെ ചുമതല തരൂരിന് നല്‍കിയേക്കും. സോഷ്യല്‍ മീഡിയയിലും യുവാക്കള്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന എല്‍.ഡി.എഫിനെ പ്രതിരോധിക്കാനാണ് യു.ഡി.എഫ് നീക്കം.
