'വ്യാജ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കണോ?, കോൺഗ്രസും ആർ.ജെ.ഡിയും ആഗ്രഹിക്കുന്നത് അതാണ്'; ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെയും അവർ എതിർക്കുന്നു; ബുർഖ വോട്ടർ വിവാദത്തിൽ യോഗി ആദിത്യനാഥ്

Update: 2025-10-16 13:25 GMT

പട്ന: ബുർഖ ധരിച്ച് പോളിങ് ബൂത്തുകളിലെത്തുന്ന സ്ത്രീ വോട്ടർമാരെ പരിശോധിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ എതിർക്കുന്ന ബിഹാറിലെ ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ വിവാദങ്ങൾ സൃഷ്ടിച്ച് പ്രശ്നങ്ങൾ വഷളാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യാജ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നും, ഇതിനെ മറയാക്കി പ്രതിപക്ഷം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യോഗി തുറന്നടിച്ചു.

പട്നയുടെ പ്രാന്തപ്രദേശത്തുള്ള ദനപുരിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി. ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാം ക്രിപാൽ യാദവ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം, ബുർഖ ധരിച്ചെത്തുന്നവരെ തിരിച്ചറിയുന്നതിനായി പോളിങ് ബൂത്തുകളിൽ അങ്കണവാടി വർക്കർമാരെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ നടപടിയെയാണ് പ്രതിപക്ഷം എതിർക്കുന്നത്.

'വ്യാജ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കണോ? കോൺഗ്രസും ആർ.ജെ.ഡിയും അങ്ങനെ വേണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവർ ബുർഖയുടെ പേരിൽ വിവാദങ്ങൾ ഉയർത്തുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെയും അവർ എതിർക്കുന്നു. അവരുടെ ആവശ്യം ബാലറ്റ് പേപ്പറുകൾ വീണ്ടും കൊണ്ടുവരിക എന്നതാണ്. അങ്ങനെ വന്നാൽ അവരുടെ കൂട്ടാളികൾക്ക് ബൂത്തുകൾ പിടിച്ചെടുക്കാൻ അവസരം ലഭിക്കില്ലേ?' യോഗി ചോദ്യമുന്നയിച്ചു.

ബിഹാറിലെ വികസന കുതിപ്പ് തുടരാൻ തയ്യാറെടുക്കുന്ന എൻ.ഡി.എ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ സംസ്ഥാനത്തിലെ മാഫിയകളെ ആർ.ജെ.ഡിയുടെ പങ്കാളികളെന്ന് വിശേഷിപ്പിച്ച യോഗി, എൻ.ഡി.എ ഭരണത്തിന് കീഴിൽ ബിഹാറിലും അവർ ഇതേ അവസ്ഥ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. കോൺഗ്രസിന്റെ മടിയിലിരുന്ന് രാഷ്ട്രീയ കളികൾ കളിക്കാനാണ് ആർ.ജെ.ഡി ഇപ്പോഴും ശ്രമിക്കുന്നതെന്നും യോഗി പരിഹസിച്ചു.

തൻ്റെ സംസ്ഥാനമായ ഉത്തർപ്രദേശിലെ എതിരാളികളായ സമാജ്‌വാദി പാർട്ടിയും ജയപ്രകാശ് നാരായൻ്റെ ആദർശങ്ങളോട് നിസ്സംഗത പുലർത്തിയിരുന്നവരാണെന്ന് യോഗി പറഞ്ഞു. ജെ.പി.യുടെ ജന്മദേശത്ത് അദ്ദേഹത്തിൻ്റെ പേരിൽ നിർമ്മിച്ച ആശുപത്രി നവീകരിക്കാൻ ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷമാണ് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് യോഗി ആദിത്യനാഥ് ബിഹാറിലെത്തിയത്. 

Tags:    

Similar News