കേരളത്തില്‍ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരായി; പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിച്ചില്ല; അവര്‍ ഇപ്പോഴും യാതൊരു ഉപാധികളുമില്ലാതെ ചേരാന്‍ തയ്യാറാണ്; ശശി തരൂരിനെ ബിജെപി ഒപ്പം നിര്‍ത്തണം: വെളിപ്പെടുത്തലുമായി മേജര്‍ രവി
കേരളത്തില്‍ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരായി
കൊച്ചി: കേരളത്തിലെ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ താന്റെ അടുത്ത് വന്ന് ബിജെപിക്കൊപ്പം സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി സംവിധായകന്‍ മേജര്‍ രവി വെളിപ്പെടുത്തി. എന്നാല്‍, ബിജെപി നേതൃത്വത്തില്‍ നിന്ന് ആവശ്യമായ അനുമതി ലഭിക്കാത്തതിനാലാണ് ഈ നീക്കം നടക്കാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അവര്‍ ഇപ്പോഴും തയ്യാറാണ്. യാതൊരു ഉപാധികളുമില്ലാതെ ബിജെപിയില്‍ ചേരാന്‍ തയ്യാറാണെന്നാണ് അവര്‍ പറഞ്ഞത്. നിലവിലെ അവരുടെ പാര്‍ട്ടികളില്‍ അവര്‍ തൃപ്തരായിരിക്കില്ല,'മേജര്‍ രവി ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ ആഭ്യന്തരകലാപമാണ് നടക്കുന്നത്. കേരളത്തില്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ബിജെപി ജനകീയ മുഖങ്ങളുള്ള ആളുകളെ മത്സരിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിലവില്‍ ഒരേ മുഖങ്ങള്‍ തന്നെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ ഇറക്കുന്നതെന്നും, ഇത് മാറ്റിയെടുക്കണമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തരായവര്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം അഭപ്രായപ്പെട്ടു.
ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി തയാറാവണമെന്നും മേജര്‍ രവി പറഞ്ഞു. ''ശശി തരൂര്‍ ബുദ്ധിജീവിയാണ്, ആഗോള ധാരണയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവിയില്‍ ഇരുന്ന ആളാണ്. ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന ധാരണയുള്ളയാളാണ്. ജനങ്ങള്‍ക്കിടിയില്‍ പ്രശസ്തനാണ്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ വ്യത്യസ്ത സ്വഭാവമാണ്. അതു മാറ്റിയെടുക്കണമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തരായ ആളുകള്‍ വേണം. അതുകൊണ്ടാണ് ശശി തരൂരിന്റെ പേര് പറഞ്ഞത്.'
നേരത്തെ ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും, എന്നാല്‍ തന്നേക്കാള്‍ കഴിവുള്ള ആളുകള്‍ പാര്‍ട്ടിയിലുള്ളതുകൊണ്ട് കൂടുതല്‍ സജീവമായിരുന്നില്ലെന്നും മേജര്‍ രവി വ്യക്തമാക്കി. തന്റെ നിലപാട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെയും അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് അധികാരം ലഭിച്ചില്ലെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നും പാര്‍ട്ടി പദവികള്‍ വേണ്ടെന്ന് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നതായും മേജര്‍ രവി വ്യക്തമാക്കി.