ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ല; വിദഗ്ധരുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിക്കും; യുവതീപ്രവേശന നടപടി വേണോ വേണ്ടയോ എന്നതല്ല കോടതിയുടെ ചോദ്യമെന്നും എം വി ഗോവിന്ദന്‍
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി.പി.എം. നിലപാടില്‍ മാറ്റമില്ലെന്ന് എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി.പി.എം. നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം, യുവതീപ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍ നിലപാട് തിരുത്തിക്കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം 14-നകം സര്‍ക്കാരും ദേവസ്വം ബോര്‍ഡും തങ്ങളുടെ നിലപാട് സുപ്രീംകോടതിയെ അറിയിക്കണമെന്ന നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍.
ആചാരങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം ഭരണഘടനാപരമായി ഉചിതമായ നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. യുവതീപ്രവേശന നടപടി വേണോ വേണ്ടയോ എന്നതല്ല സുപ്രീംകോടതിയുടെ ചോദ്യം. ആകെയുള്ള ഏഴ് ചോദ്യങ്ങളില്‍ ഒന്നില്‍പ്പോലും അങ്ങനെയൊരു ചോദ്യമില്ലെന്നും, ഇന്നത്തെ സാമൂഹികാവസ്ഥയില്‍ നിന്നുകൊണ്ട് നിയമപരമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും, 2018-ലെ സുപ്രീംകോടതി വിധിക്ക് അനുകൂലമായി 2019-ല്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നതാണ് ബോര്‍ഡിന്റെ പുതിയ നിലപാട്.
മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. മാര്‍ച്ച് 14-നകം രേഖാമൂലം നിലപാടുകള്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ഏപ്രില്‍ 7-ന് വാദം തുടങ്ങുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.