'ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് തീരുമാനിക്കേണ്ടത് അതത് പാര്‍ട്ടി നേതൃത്വം; അനവസരങ്ങളില്‍ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്'; മുസ്ലിംലീഗിന്റെ വനിതാ സ്ഥാനാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഉമര്‍ ഫൈസിയുടെ പ്രസ്താവനക്കെതിരെ ജിഫ്രി തങ്ങള്‍; ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കാന്‍ സമസ്തയുടെ അംഗീകാരമുണ്ടെന്ന് നാസര്‍ ഫൈസിയും
ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് തീരുമാനിക്കേണ്ടത് അതത് പാര്‍ട്ടി നേതൃത്വം
കോഴിക്കോട്: മുസ്ലിംലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ അഭിപ്രായ പ്രകടനം നടത്തിയ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. അനവസരങ്ങളില്‍ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ജിഫ്രി തങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഉത്തരവാദപ്പെട്ടവര്‍ അത്തരം കാര്യങ്ങളില്‍ നിന്നും പിന്തിരിയണം. ഓരോ തെരഞ്ഞെടുപ്പിലും ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അതത് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അതിന്റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ മതത്തിന്റെയും രാഷ്ടീയ പാര്‍ട്ടികളുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കാം' -തങ്ങള്‍ പറഞ്ഞു. വ്യക്തിഹത്യകളില്‍ നിന്നും വിദ്വേഷ പ്രചാരണങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളില്‍ മുസ്‌ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതിനെതിരെയാണ് ഉമര്‍ ഫൈസി മുക്കം ഇന്നലെ പരസ്യമായി രംഗത്തുവന്നത്. ജനറല്‍ സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്നും സംവരണ സീറ്റുകളില്‍ മാത്രം സ്ത്രീകളെ നിര്‍ത്താനാണ് സമസ്ത നേരത്തെ അനുവാദം നല്‍കിയിട്ടുള്ളതെന്നും ഉമര്‍ഫൈസി പറഞ്ഞു.
'തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിയ കാലത്ത് ലീഗ് നേതൃത്വം സമസ്തയുടെ അഭിപ്രായം തേടിയിരുന്നു. അന്ന് സംവരണ സീറ്റുകളില്‍ മാത്രം ഇളവ് നല്‍കുകയും ജനറല്‍ സീറ്റുകളില്‍ പുരുഷന്മാരെ തന്നെ പരിഗണിക്കണമെന്നുമാണ് മറുപടി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ലീഗിന്റെ ഭാഗത്തുനിന്ന് ഈ നിലപാടില്‍ മാറ്റം കാണുന്നുണ്ട്. ഇത് സമസ്തയുടെ ഫത്വയുമായി ചേരുന്നതല്ല.
മുസ്ലിം ലീഗ് സമസ്തയുടെ കൂടെ നില്‍ക്കുന്നതാണ് അവര്‍ക്ക് നല്ലത്. സംഘടനയുടെ ആദര്‍ശത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. നിലവിലെ ഭരണത്തെക്കുറിച്ച് പരാതികളില്ല. പ്രാപ്തരായ പുരുഷന്മാര്‍ ധാരാളമുള്ളപ്പോള്‍ സ്ത്രീകളെ ജനറല്‍ സീറ്റുകളില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് സമസ്തയുടെ ഉറച്ച നിലപാട്' -എന്നായിരുന്നു ഉമര്‍ ഫൈസിയുടെ പ്രസ്താവന.
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി കൂടത്തായിയും രംഗത്തുവന്നിരുന്നു. ജനറല്‍ സീറ്റുകളില്‍ മുസ്ലിം വനിതകള്‍ മത്സരിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്നും ഇതിന് സമസ്തയുടെ അംഗീകാരമുണ്ടെന്നും നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി. ജനറല്‍ സീറ്റില്‍ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമര്‍ ഫൈസിയുടെ നിലപാടിനെ തള്ളിയ അദ്ദേഹം, സ്ത്രീകളെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുന്നത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിനെ മാത്രം ലക്ഷ്യം വെച്ചുള്ള വിമര്‍ശനങ്ങള്‍ രാഷ്ട്രീയ തിമിരം ബാധിച്ചതാണെന്നും, ലീഗിനോട് ചേര്‍ന്നുനിന്നുള്ള ഗുണപരമായ വിമര്‍ശനങ്ങളെ മാത്രമേ അംഗീകരിക്കാനാവൂ എന്നും നാസര്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.
നാസര്‍ ഫൈസിയുടെ കുറിപ്പ്:
ജനറല്‍ സീറ്റും സ്ത്രീ സ്ഥാനാര്‍ത്ഥിത്വവും
സ്ത്രീസംവരണ സീറ്റുകളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണ്. ജനറല്‍ സീറ്റുകളില്‍ മുസ്ലിം സ്ത്രീകള്‍ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണ്. മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ ഇമേജ്, അവരെ മാറ്റി നിര്‍ത്തിയാല്‍ സ്ത്രീകള്‍ക്കിടയിലും പൊതു സമൂഹത്തിലും ചിലര്‍ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം.
തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ച് കൊണ്ട് മുസ്ലിം ലീഗും സ്ത്രീകളെ ജനറല്‍ സീറ്റുകളില്‍ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ പറഞ്ഞത് കാലിക നിലപാടാണ്. പിന്നെ രാഷ്ട്രീയ സമീപനത്തില്‍ സമദൂരം തരാതരം പ്രസ്താവിക്കുകയും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വിമര്‍ശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നതും രാഷ്ട്രീയ തിമിരമാണ്.
ലീഗിനെ ഉപദേശിക്കാം പക്ഷേ അത് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ! അല്ലെങ്കില്‍ ഉപദേശം എല്ലാ പാര്‍ട്ടികളോടും ഒരുപോലെ വേണം. എല്ലാ പാര്‍ട്ടിയോടും സമീപനം ഒരുപോലെയാണെങ്കില്‍ ഉപദേശവും ശാസനയും അത് പോലെ മതിയാവും. ധാര്‍മ്മിക വിഷയങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് ലീഗിനെ ഉപദേശിക്കാം, അത് ലീഗിനോട് ചേര്‍ന്നു കൊണ്ടാവണം.
