ഇടുക്കി പിടിക്കാന്‍ വീണ്ടും റോഷി തന്നെ! ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ തീരും മുന്‍പേ വെടിപൊട്ടിച്ച് ജോസ് കെ മാണി; അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ അമ്പരന്ന് മുന്നണി നേതാക്കള്‍; ആറാം അങ്കത്തിന് റോഷി അഗസ്റ്റിന്‍ റെഡി! കേരള കോണ്‍ഗ്രസിലെ എല്ലാ എംഎല്‍എമാരും സ്വന്തം തട്ടകത്തില്‍ പൊരുതും; ഹൈറേഞ്ചില്‍ തിരഞ്ഞെടുപ്പ് ചൂട്

ഇടുക്കി പിടിക്കാന്‍ വീണ്ടും റോഷി തന്നെ!

Update: 2026-03-12 15:26 GMT

കട്ടപ്പന: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മന്ത്രി റോഷി അഗസ്റ്റിനെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് എല്‍.ഡി.എഫിലെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനാണ് ഇടുക്കി സാക്ഷ്യം വഹിച്ചത്. റോഷി അഗസ്റ്റിന്‍ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന വേദിയിലായിരുന്നു അപ്രതീക്ഷിതമായി ഈ പ്രഖ്യാപനം ഉണ്ടായത്.

ഇടുക്കിയുടെ വികസന നായകന്‍ റോഷി അഗസ്റ്റിന്‍ തന്നെയായിരിക്കുമെന്നും മണ്ഡലത്തില്‍ അദ്ദേഹത്തിന് ബദലായി മറ്റൊരു പേര് ആലോചിക്കാനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. റോഷി അഗസ്റ്റിന്‍ വീണ്ടും മത്സരിക്കുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഒന്നാണെങ്കിലും, മുന്നണിയിലെ ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ പാര്‍ട്ടി ചെയര്‍മാന്‍ പരസ്യമായി പേര് വെളിപ്പെടുത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ നിലവിലെ എല്ലാ എം.എല്‍.എമാരും ഇക്കുറിയും ജനവിധി തേടുമെന്നും എല്ലാവരും തങ്ങളുടെ നിലവിലെ മണ്ഡലങ്ങളില്‍ തന്നെയാകും മത്സരിക്കുകയെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിന്‍, തുടര്‍ച്ചയായ ആറാം വിജയമാണ് ലക്ഷ്യമിടുന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ. ഫ്രാന്‍സിസ് ജോര്‍ജിനെ 5573 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റോഷി അഗസ്റ്റിന്‍ നിയമസഭയിലെത്തിയത്. ഇത്തവണയും വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തി മണ്ഡലം നിലനിര്‍ത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണിയും കേരള കോണ്‍ഗ്രസും.

1969 ജനുവരി 20-ന് പാലായിലെ രാമപുരത്ത് ജനിച്ച അദ്ദേഹം, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. കെ.എം. മാണിയുടെ അടിയുറച്ച അനുയായിയായി വളര്‍ന്ന റോഷി, കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ്, യുവജന വിഭാഗം നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ബി.എസ്.സി ബിരുദവും നിയമബിരുദവും നേടിയ അദ്ദേഹം, രാഷ്ട്രീയത്തിലെന്ന പോലെ നിയമപരമായ കാര്യങ്ങളിലും വ്യക്തമായ അറിവുള്ള നേതാവാണ്.

ഇടുക്കി മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ റോഷി അഗസ്റ്റിന്റെ പേര് സുവര്‍ണ്ണാക്ഷരങ്ങളാല്‍ എഴുതപ്പെട്ടതാണ്. 2001-ല്‍ തന്റെ 32-ാം വയസ്സില്‍ ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം, പിന്നീട് അങ്ങോട്ട് തോല്‍വി അറിയാത്ത പോരാളിയായി മാറി. 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച അദ്ദേഹം, 2021-ല്‍ കേരള കോണ്‍ഗ്രസ് (എം) മുന്നണി മാറിയപ്പോഴും ഇടുക്കിയില്‍ തന്റെ ആധിപത്യം തുടര്‍ന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഞ്ചാം തവണയും വിജയിച്ചതോടെയാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്.

മന്ത്രി എന്ന നിലയില്‍ മുല്ലപ്പെരിയാര്‍ വിഷയം, ജലജീവന്‍ മിഷന്‍ പദ്ധതികള്‍ എന്നിവയില്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഇടുക്കിയുടെ വികസന നായകന്‍ എന്ന പ്രതിച്ഛായ നിലനിര്‍ത്തുന്ന അദ്ദേഹം, കാല്‍നൂറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിന്റെ അനുഭവസമ്പത്തുമായാണ് ഇപ്പോള്‍ ആറാം അങ്കത്തിനൊരുങ്ങുന്നത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ ഏറ്റവും വിശ്വസ്തനായ നേതാവായി അറിയപ്പെടുന്ന റോഷി അഗസ്റ്റിന്‍, ഹൈറേഞ്ച് രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി ഇന്നും തുടരുന്നു.

Tags:    

Similar News