എന്‍ഡിഎ എന്നു പറയുന്നത് സങ്കല്പം മാത്രം; നേതൃയോഗം പോലും നടക്കുന്നില്ല! വെള്ളാപ്പള്ളി അനുകൂലികള്‍ക്ക് മടുത്തു; കോണ്‍ഗ്രസുമായി ബിഡിജെഎസ് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; തുഷാറിനെ കേന്ദ്രമന്ത്രിയാക്കിയില്ലെങ്കില്‍ 'ഈഴവ വോട്ട് ബാങ്ക്' യുഡിഎഫിലേക്ക് ചേക്കേറും? ബിജെപിയുമായി ബിഡിജെഎസ് അകലുന്നുവോ?
ആലപ്പുഴ: ദേശീയ ജനാധിപത്യ മുന്നണി(എന്‍.ഡി.എ.)യില്‍ ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍ എന്ന് റിപ്പോര്‍ട്ട്. മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ മിക്ക നേതാക്കളും എന്നാണ് വാര്‍ത്ത. പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുപോലും അര്‍ഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യില്‍ ലഭിക്കുന്നില്ലെന്നാണ് മുഖ്യ ആരോപണം. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംസാരമുണ്ടായി എന്ന് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ് എന്‍ ഡി പിയുടെ പിന്തുണയിലാണ് ബിഡിജെഎസിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകടിപ്പിച്ചിരുന്നു. ഈഴവ വോട്ട് ബാങ്കാണ് ബിഡിജെഎസിന്റെ കരുത്ത്. എന്‍ഡിഎയിലേക്ക് ബിഡിജെഎസ് എത്തിയ ശേഷമാണ് ബിജെപിയുടെ വോട്ട് വിഹിതം കൂടിയത്. തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കണമന്ന് ബിഡിജെഎസ് ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ബിജെപി തീരുമാനം എടുക്കുന്നില്ല. ഇതിലെ അതൃപ്തിയും മുന്നണി മാറ്റ ചിന്തകളിലുണ്ടെന്നാണ് സൂചന.
തുഷാര്‍ സ്ഥലത്തില്ലാതെ അടുത്തയിടെ ബി.ഡി.ജെ.എസ്. നേതൃയോഗം ചേര്‍ന്നിരുന്നു. അതിലാണ് മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകൂടാന്‍ മുഖ്യകാരണം എസ്.എന്‍.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബി.ഡി.ജെ.എസ്. പറയുന്നത്. എന്നാല്‍, ആ പരിഗണന ബി.ജെ.പി.യില്‍നിന്ന് പാര്‍ട്ടിക്കു കിട്ടുന്നില്ലെന്നാണ് ആരോപണം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. പ്രത്യേക സഹായമൊന്നും മുന്നണിസ്ഥാനാര്‍ഥിക്കു ചെയ്തില്ലെന്നും അതിനാലാണ് സി.പി.എമ്മിന് വോട്ടുകുറയാതിരുന്നതെന്നുമാണ് നേതാക്കളുടെ വാദം. പലവിധ ചര്‍ച്ചകള്‍ ആ യോഗത്തിലുണ്ടായി എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ യോഗത്തില്‍ വെള്ളപ്പാള്ളി നടേശന്‍ അനുകൂലികള്‍ എല്ലാം യുഡിഎഫിലേക്ക് മാറുന്നതാണ് നല്ലതെന്ന നിലപാട് എടുത്തുവെന്നാണ് സൂചന. അതിനിടെ ബിഡിജെഎസിനെ കൂടെ നിര്‍ത്താന്‍ ബിജെപി എന്തും ചെയ്യുമെന്നും വിലയിരുത്തലുണ്ട്. അങ്ങനെ വന്നാല്‍ തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കി കേന്ദ്രമന്ത്രിയാക്കാനുള്ള സാധ്യതയും ഏറെയാണ്. അതിന് ബിജെപി തയ്യാറായില്ലെങ്കില്‍ മുന്നണി മാറ്റം ബിഡിജെഎസ് സജീവമായി ചിന്തിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നാല്‍ അഞ്ചില്‍ അധികം എംഎല്‍എമാരെ ഉണ്ടാക്കാമെന്നാണ് ബിഡിജെഎസ് വിലയിരുത്തല്‍.
എന്‍.ഡി.എ. എന്നു പറയുന്നത് സങ്കല്പം മാത്രമായി, നേതൃയോഗം പോലും നടക്കുന്നില്ല, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുവര്‍ഷംപോലും ഇല്ലാതിരിക്കെ പ്രാദേശികതലത്തില്‍ മുന്നൊരുക്കമൊന്നും നടക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ബി.ഡി.ജെ.എസ്. ഉന്നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ക്കു മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കാനും ആലോചനയുണ്ട്. മറ്റു പാര്‍ട്ടികളില്‍നിന്ന് ബി.ഡി.ജെ.എസിലെത്തുന്നവര്‍ ക്രമേണ ബി.ജെ.പി.ക്കാരായി മാറുകയാണെന്നും പാര്‍ട്ടിക്കു വളര്‍ച്ചയില്ലാത്തത് എന്‍.ഡി.എ.യില്‍ നില്‍ക്കുന്നതു കൊണ്ടാണെന്നുമാണ് പാര്‍ട്ടിയില്‍ ചര്‍ച്ചയുയര്‍ന്നത്. എന്നാല്‍, മുന്നണിമാറ്റത്തിന്റെ പ്രധാന തടസ്സം തുഷാര്‍ വെള്ളാപ്പള്ളിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധമാണ്. അതിനാല്‍, മുന്നണിമാറ്റത്തെ തുഷാര്‍ അംഗീകരിക്കാന്‍ സാധ്യത കുറവാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളപ്പാള്ളിയുടെ നിലപാട് എത്രത്തോളെ ബിഡിജെഎസിനെ സ്വാധീനിക്കുമെന്നത് മുന്നണി മാറ്റത്തില്‍ നിര്‍ണ്ണായകമാകും.
കേരള കോണ്‍ഗ്രസ് മാണിവിഭാഗം യു.ഡി.എഫ്. വിട്ടതിനാല്‍ മധ്യതിരുവിതാംകൂറില്‍ ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടുന്നത് നല്ലതാണെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചിന്തിക്കുന്നു. രമേശ് ചെന്നിത്തലയാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെങ്കില്‍ കൂടുതല്‍ സന്തോഷമെന്ന നിലയിലാണ് ബി.ഡി.ജെ.എസ്. നേതാക്കളുടെ പ്രതികരണം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഘടകകക്ഷിയെന്ന പരിഗണന നല്‍കാത്ത ബിജെപി നടപടിയില്‍ പ്രതിഷേധിച്ച് ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിഡിജെഎസ് മത്സരത്തിന് പോലും തയ്യാറായിരുന്നു. എന്‍ഡിഎയില്‍ ജനാധിപത്യമില്ലെന്നും മുന്നണിയോഗങ്ങളില്‍പ്പോലും പങ്കെടുപ്പിക്കാറില്ലെന്നും ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന ജില്ലാ കമ്മിറ്റിയംഗം എസ് സതീഷ് വാര്‍ത്താസമ്മേളനത്തില്‍ അന്ന് ആരോപിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ബിഡിജെഎസ്സിനെ പങ്കെടുപ്പിച്ചില്ല. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍, നിങ്ങള്‍ക്കെത്ര വോട്ടുണ്ടെന്നാണ് മറുചോദ്യം വരുമെന്നായിരുന്നു ബിഡിജെഎസ് അന്ന് പറഞ്ഞത്.
തങ്ങള്‍ വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍.ഡി.എഫും യു.ഡി.എഫും വരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ പ്രതികരിച്ചിട്ടുണ്ട്. ഒരു കൊല്ലം മുമ്പായിരുന്നു ഇത്. ഹിന്ദുത്വംകൊണ്ട് മാത്രം കേരളം ഭരിക്കാനാവില്ലെന്നും ന്യൂനപക്ഷ പിന്തുണ ആവശ്യമാണെന്നും പറഞ്ഞിരുന്നു. 2023ലെ പാര്‍ട്ടി പഠന ശിബിരത്തിലായിരുന്നു ഇത്. ഏഴ് വര്‍ഷം മുന്‍പ് ഉയര്‍ന്നുവന്നതാണ് ബി.ഡി.ജെ.എസ്. ജില്ലാ കമ്മിറ്റികള്‍ പോലും ഉണ്ടായിരുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിയുടെ കരുത്ത് കേരളം കണ്ടു. എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ 2000-ല്‍ നിന്ന് 20,000-30,000-ല്‍ എത്തി. ഇന്ന് കേരളത്തില്‍ ആര് ജയിക്കണമെന്ന് നിര്‍ണയിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും. ഓട്ടോറിക്ഷയില്‍ കൊള്ളാന്‍പോലും ആളില്ലാത്ത പാര്‍ട്ടിയുടെ നേതാക്കള്‍ കേരളത്തില്‍ അധികാരക്കസേരകളില്‍ ഇരിക്കുമ്പോഴാണ് സംസ്ഥാനം മുഴുവന്‍ സംഘടനാ സംവിധാനമുള്ള, വലിയൊരു സമൂഹത്തിന്റെ പിന്തുണയും കരുത്തുമുള്ള ബി.ഡി.ജെ.എസ്. സാമൂഹികനീതിക്കായി പോരാടുന്നതെന്നായിരുന്നു തുഷാര്‍ അന്ന് പറഞ്ഞത്.
ബിഡിജെഎസ് കടലാസ് സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന വക്താവും തൃശൂരിലെ സഹപ്രഭാരിയുമായ ബി രാധാക്യഷ്ണ മേനോന്‍ പറഞ്ഞത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്. കോട്ടയത്തും മാവേലിക്കരയിലും ബിജെപി വോട്ടുകള്‍ മാത്രമാണ് ബിഡിജെഎസിന് ലഭിച്ചത്. പ്രതീക്ഷിച്ച സമുദായ വോട്ടുകള്‍ കിട്ടിയില്ലെന്നു രാധാകൃഷ്ണ മേനോന്‍ മീഡിയവണിനോട് പറഞ്ഞിരുന്നു. പത്തനംതിട്ടയിലും കോട്ടയത്തും സ്ഥാനാര്‍ഥി നിര്‍ണയം തിരിച്ചടിയായെന്ന് പി.സി ജോര്‍ജും തുറന്നടിച്ചു. സംസ്ഥാനത്ത് എന്‍ഡിഎ വോട്ടു വിഹിതം വര്‍ധിപ്പിച്ചപ്പോഴും തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണ് ബി രാധാകൃഷ്ണ മേനോന്റെ വിമര്‍ശനം. സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം മാത്രമല്ല ശക്തമായ സംഘടന അടിത്തറയുടെ ബലത്തിലാണ് തൃശൂരിലെ ജയമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.