തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചതില്‍ ക്രൈസ്തവ വോട്ട് നിര്‍ണ്ണായകമായി; തൃശൂരും തിരുവനന്തപുരത്തും പാലക്കാടും ആലപ്പുഴയിലും അത്ഭുതം കാട്ടാന്‍ ആ വോട്ടുകള്‍ ഇനിയും അനിവാര്യം; ക്രിസ്മസ്-പതുവത്സര കാലത്ത് വീണ്ടും കേക്കുമായി വീടുകളിലേക്ക് സ്‌നേഹ യാത്രയ്ക്ക് ബിജെപി; 'ജോര്‍ജ് കുര്യന്‍' ഇഫക്ടിലും പ്രതീക്ഷ

Update: 2024-12-20 00:53 GMT

തിരുവനന്തപുരം: ക്രൈസ്തവ സമുദായങ്ങളുമായുള്ള ബന്ധം അതിശക്തമാക്കാന്‍ വീണ്ടും ബിജെപി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ക്രിസ്മസ് കാലത്ത് കേരളത്തില്‍ ബിജെപി ഇതിന് വേണ്ടിയുള്ള ശ്രമം തുടരും. ബന്ധം അരക്കിട്ടുറപ്പിക്കാന്‍ ബി.ജെ.പി. ഇത്തവണയും സ്‌നേഹയാത്ര നടത്തും. തൃശ്ശൂര്‍ ലോക്സഭാ സീറ്റില്‍ സുരേഷ്ഗോപിയുടെ വിജയത്തിനുപിന്നില്‍ ക്രിസ്ത്യന്‍ സഭകളുടെയും ഇടപെടല്‍ ഉണ്ടെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍. തൃശ്ശൂരില്‍ ക്രിസ്മസ് കാലത്ത് ശക്തമായ രീതിയില്‍ തന്നെ ക്രൈസ്തവരെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാടുകള്‍ എടുക്കും.

ക്രിസ്മസ്-പതുവല്‍സര കാലത്ത് കെയ്ക്കും പ്രധാനമന്ത്രിയുടെ ആശംസയുമായി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവരുടെ വീടുകളിലെത്തും. 'സ്‌നേഹയാത്ര'യെന്ന പേരിലുള്ള ഭവനസന്ദര്‍ശനം 2023ലും നടത്തി. ഇത് വലിയ വിജയമായി എന്നാണ് വിലയിരുത്തല്‍. ക്രിസ്മസ് അവധിക്കാലംമുതല്‍ പുതുവര്‍ഷംവരെയാണ് ഇത്തവണത്തേയും സ്‌നേഹയാത്ര. ബി.ജെ.പി.യുടെ ഭാരവാഹിപ്പട്ടികയിലേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതും പരിഗണനയിലാണ്. ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതും ക്രൈസ്തവ വോട്ടുകളെ ബിജെപിയില്‍ അടുപ്പിക്കാന്‍ വേണ്ടിയാണ്.

തൃശ്ശൂര്‍ കോര്‍പ്പറേഷനും തൃശ്ശൂര്‍ നിയമസഭാ മണ്ഡലവുമൊക്കെ നേടാന്‍ ബിജെപി തന്ത്രങ്ങളൊരുക്കുന്നുണ്ട്. ഇതിന് വേണ്ടി ചില അപ്രതീക്ഷിത നീക്കങ്ങളുമുണ്ടാകും. സംസ്ഥാനത്താകെ മികച്ച വോട്ടുവിഹിതമുള്ള അറുപതോളം നിയമസഭാ മണ്ഡലങ്ങളില്‍ ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമാണ്. തിരുവനന്തപുരത്തും ആലപ്പുഴയിലും പാലക്കാട്ടും തൃശൂരും തദ്ദേശ-നിയസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ബിജെപി ലക്ഷ്യമിടുന്നുണ്ട്. ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതിന്റെ ഗുണം ഉണ്ടാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. എല്ലാവിഭാഗങ്ങളുമായും നല്ലബന്ധം പുലര്‍ത്തുന്ന നേതാവാണ് ജോര്‍ജ് കുര്യന്‍.

സംസ്ഥാനത്ത് ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം മുപ്പതായി ഉയര്‍ത്താന്‍ കോര്‍കമ്മിറ്റി അംഗീകാരം നല്‍കിക്കഴിഞ്ഞു. ഒരു ജില്ലയില്‍ ഒന്നിലധികം പ്രസിഡന്റുമാര്‍ വരും. ഭാരവാഹികളുടെ എണ്ണം കൂടുമെന്നതിനാല്‍ ജാതി, മത, സമുദായ, ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചാകും പുനസംഘടന. ഈ സമയം കൂടുതല്‍ ക്രൈസ്തവര്‍ക്ക് ഭാരവാഹികളാകാന്‍ സാധ്യത വരും. ഡിസംബര്‍ 21 മുതല്‍ 31 വരെയാണ് ബി.ജെ.പി ക്രിസ്മസ് സ്‌നേഹയാത്ര നടത്തുക ന്നൊണ് സൂചന. ക്രൈസ്തവ സമൂഹവുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പിയുടെ യാത്ര.

കഴിഞ്ഞ ക്രിസ്മസിനും ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവഭവനങ്ങളിലെത്തിയിരുന്നു. അത് വിജയകരമായ പ്രചാരണമായിരുന്നെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ചുരുങ്ങിയ കാലത്തിനിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ക്രൈസ്തവരുടെ എണ്ണം കൂടിയെന്നും പറയുന്നു. പഞ്ചായത്ത് തലത്തില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ വ്യാപകമായ ഭവനസന്ദര്‍ശനത്തിനാണ് ഇത്തവണ ബി.ജെ.പി പദ്ധതിയിടുന്നത്. ഭവന സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല, ക്രിസ്തുമസ് ആശംസകള്‍ നേരുക മാത്രമാണ് ഉദ്ദേശമെന്ന് പറയുമ്പോഴും കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണ് ബിജെപിയുടെ സ്‌നേഹയാത്ര.

കഴിഞ്ഞ തവണ സിറോ മലബാര്‍ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ യാത്രയ്ക്ക് തുടക്കമിട്ടത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ സുരേന്ദ്രന്‍, ഒരു മണിക്കൂറിലേറെ സെന്റ് തോമസ് മൗണ്ടില്‍ ചിലവഴിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള യാത്രയല്ലെന്നായിരുന്നു സന്ദര്‍ശനത്തിന് ശേഷമുള്ള പ്രതികരണം. മണിപ്പൂര്‍ വിഷയം കഴിഞ്ഞ തവണ വലിയ വെല്ലുവിളിയായി. എന്നാല്‍ ഇത്തവണ അത്തരം വിഷയമൊന്നുമില്ലെന്നതാണ് വസ്തുത. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ സ്‌നേഹയാത്ര ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Tags:    

Similar News