കെ സി വേണുഗോപാല്‍ ഗെറ്റ് ഔട്ട് അടിച്ചതോടെ ജോസ് വള്ളൂര്‍ പെട്ടിമടക്കി; തൃശ്ശൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി അഡ്വ. ജോസഫ് ടാജറ്റോ ഷാജി കോടങ്കണ്ടത്തോ വരും; ടി വി ചന്ദ്രമോഹനന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനാകും; കെ മുരളീധരനെ കാലുവാരി തോല്‍പ്പിച്ചവരോട് നോ കോംപ്രമൈസ് ലൈനില്‍ പാര്‍ട്ടി
കെ സി വേണുഗോപാല്‍ ഗെറ്റ് ഔട്ട് അടിച്ചതോടെ ജോസ് വള്ളൂര്‍ പെട്ടിമടക്കി
തൃശൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തോല്‍വി നേരിട്ട മണ്ഡലമായിരുന്നു തൃശ്ശൂരിലേത്. കെ മുരളീധരന്റെ തോല്‍വി ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ വിലിയ പൊട്ടിത്തെറിക്കും ഇടയാക്കി. ഇതോടെ നേതൃതലത്തിലുള്ളവര്‍ നീക്കി പാര്‍ട്ടിയുടെ താല്‍ക്കാലിക അധ്യക്ഷനായി വി കെ ശ്രീകണ്ഠന്‍ എംപിയെ നിയമിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചേരക്കരയിലെ തോല്‍വിയോടെ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരിക്കുന്നത്. കെ മുരളീധരന്റെ തോല്‍വിയുടെ വേളയില്‍ പാര്‍ട്ടിയെ നയിച്ചവര്‍ക്ക് ചുമതലയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വലിയ തോതില്‍ പിന്നില്‍ പോയി. ഇതോടെ മുരളീധരന് പാലംവലിച്ചവരോട് കോണ്‍ഗ്രസ് കടുത്ത നിലപാടിലേക്ക് പോകുകയാണ്.
കെ മുരളീധരനുണ്ടായ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍ ഡിസിസിയില്‍ ഉണ്ടായ കൂട്ടത്തല്ലിനെ തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം.വിന്‍സന്റും രാജി വച്ചിരുന്നു. ഇവര്‍ വീണ്ടും സ്ഥാനത്തേക്ക് വരാന്‍ ശ്രമം നടത്തിയെങ്കിലും ഇവര്‍ക്ക് മുന്നില്‍ ഇനി ഡിസിസി വാതില്‍ തുറക്കില്ലെന്നാണ് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയത്. ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെ കാണാന്‍ പോയെങ്കിലും അദ്ദേഹം നേതാക്കള്‍ക്ക് മുന്നില്‍ ഗെറ്റ് ഔട്ട് പറഞ്ഞു.
തൃശൂരില്‍ പാര്‍ട്ടിയെ ട്രാക്കിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് രോഷാകുലനായ കെ സി, ടി എന്‍ പ്രതാപന്‍, ജോസ് വളളൂര്‍, എം പി വിന്‍സന്റ് തുടങ്ങിയ തൃശൂരില്‍ നിന്നുള്ള നേതാക്കളോട് കട്ടായം പറഞ്ഞത്. ഡിസംബര്‍ 7 നായിരുന്നു സംഭവം. പ്രതാപനും, വള്ളൂരും, വിന്‍സന്റും കൂടി ആലപ്പുഴയിലെ വേണുഗോപാലിന്റെ എംപി ക്യാമ്പ് ഹൗസ് സന്ദര്‍ശിച്ചപ്പോഴാണ് കെ സി കാര്യങ്ങള്‍ തീര്‍ത്തുപറഞ്ഞത്.
ജോസ് വള്ളൂരിനെ ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു നേതാക്കളുടെ സന്ദര്‍ശനം. തനിക്ക് ഒരു ഊഴം കൂടി തരണമെന്നും സംഘടനാ തെരഞ്ഞെടുപ്പ് വേളിയില്‍ മാറ്റിക്കോളൂ എന്നുമാണ് വള്ളൂര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, കെ സി വേണുഗോപാല്‍ വഴങ്ങിയിട്ടില്ല. ഇതോട കെ സുധാകരനുമായി സംസാരിച്ചു സ്ഥാനം നേടാനുള്ള നീക്കമാണ് വള്ളൂര്‍ നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ നാഥനില്ലാ കളരിയായി മാറിയ ജില്ലയിലെ കോണ്‍ഗ്രസിന് ഭാവി കൂടി മുന്നില്‍ കണ്ടുള്ള പുതിയ തലവന്‍മാരെ നിയമിക്കാനാണ് നീക്കം.
ഇപ്പോഴത്തെ നിലയില്‍ തൃശ്ശൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി അഡ്വ. ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കാനാണ് സാധ്യത. കെ സി വേണുഗോപാലിന്റെ വിശ്വസ്തരെന്ന നിലയിലാണ് ഇവരെ പരിഗണിക്കുന്നത്. അതേസമയം കെ മുരളീധരന്റെ അടുപ്പക്കാരനായ ടി വി ചന്ദ്രമോഹനനെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നു. അധികം താമസിയാതെ അടുത്ത ആഴ്ച്ചയില്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകള്‍.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ്. അദ്ദേഹം ജില്ലയില്‍ സജീവമായി നില്‍ക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ ജോസഫ് ടാജറ്റിന് സാധ്യത കൂടുതലാണ്. നിലവില്‍ കെപിസിസി സെക്രട്ടറി കൂടിയായ ഷാജി കോടങ്കണ്ടത്തിലും അധ്യക്ഷ സ്ഥാനത്തേക്കുള്ള സജീവ സാധ്യതാ പട്ടികയിലു നേതാവാണ്. നേരത്തെ എങ്ങനെയെങ്കിലും പാര്‍ട്ടിയില്‍ തിരികെ എത്താന്‍ ജോസ് വള്ളൂര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത് കെ സിയുടെ അനിഷ്ടമാണ്. നേരത്തെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും കെ മുരളീധരന്‍ സ്വീകരിച്ച ഉദാര സമീപനം കാരണം വള്ളൂര്‍ അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരുന്നത്.
ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം വന്നതോടെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് പി വി മോഹന്‍, മൂന്ന് നേതാക്കളുടെയും പ്രചാരണത്തിലേക്കുളള സംഭാവന സൂക്ഷ്മമായി വിലയിരുത്തേണ്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രചാരണത്തിലുടനീളം പ്രതാപന്റെയും, വളളൂരിന്റെയും, വിന്‍സന്റിന്റെയും നിസ്സഹകരണത്തെ കുറിച്ച് കെ മുരളീധരനും, രമ്യ ഹരിദാസും കെ സിയോട് പരാതിപ്പെട്ടിരുന്നു. മുരളീധരന്റെ തൃശൂരിലെ പരാജയത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളു.
ചേലക്കരയില്‍ കോണ്‍ഗ്രസ് അതിന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തെന്ന് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും യാഥാര്‍ഥ്യം അകലെയാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് ജയിച്ചുവെന്നതല്ല, കോണ്‍ഗ്രസ് തോറ്റുവെന്നതാണ് പ്രശ്നമെന്നാണ് പി വി മോഹന്‍ ചില മാധ്യമങ്ങളോട് പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം, വിപുലമായ പദ്ധതികളും സംവിധാനങ്ങളും ഒരുക്കിയെങ്കിലും അതൊക്കെ ഫലപ്രദമായി നടപ്പാക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടു. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ മേല്‍നോട്ടമാണ് പി വി മോഹനുള്ളത്. വിപുലമായ പ്രചാരണം പ്ലാന്‍ ചെയ്തെങ്കിലും അത് താഴെത്തട്ടില്‍ ഫലപ്രദമായി നടപ്പാക്കാന്‍ മധ്യതല നേതൃത്വത്തില്‍ നിരീക്ഷണം ഉണ്ടായില്ല.