ഗണേഷ് കുമാറിന് പത്തനാപുരത്ത് വന്‍ പ്രഹരം! മന്ത്രി പ്രസിഡന്റായ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു; 'ഏകാധിപത്യ'ത്തിനെതിരെ ഭരണസമിതിയില്‍ കലാപം; പത്ത് അംഗങ്ങള്‍ ഒന്നിച്ച് രാജിവെച്ചു; പത്മ കഫേയില്‍ തട്ടി ഗണേഷിന്റെ കസേര തെറിച്ചോ?
എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രസിഡന്റായിരുന്ന എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. യൂണിയനിലെ പത്ത് ഭരണസമിതി അംഗങ്ങള്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് രജിസ്ട്രാറുടെ ഈ നിര്‍ണായക നടപടി. പ്രസിഡന്റിന്റെ ഏകാധിപത്യപരമായ നടപടികളില്‍ പ്രതിഷേധിച്ചാണ് അംഗങ്ങള്‍ കൂട്ടരാജി വെച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവം ഗണേഷ് കുമാറിന് വലിയ തിരിച്ചടിയായി.
ആകെ 19 അംഗങ്ങളുള്ള ഭരണസമിതിയില്‍ പകുതിയിലേറെപ്പേര്‍ രാജിവെക്കുകയായിരുന്നു. യൂണിയനില്‍ ഗണേഷ്‌കുമാറിന്റെ പ്രവര്‍ത്തനങ്ങളെച്ചൊല്ലി നേരത്തെയും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. പത്മ കഫേ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണസമിതി അംഗങ്ങള്‍ ഗണേഷ്‌കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും, അദ്ദേഹത്തിന്റെ ഏകാധിപത്യപരമായ ശൈലിയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം, താലൂക്ക് യൂണിയനില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് കെ.ബി. ഗണേഷ്‌കുമാര്‍ പ്രതികരിച്ചിരുന്നത്. തന്റെ അച്ഛന്റെ സമ്പാദ്യമുപയോഗിച്ചാണ് താലൂക്ക് യൂണിയന്‍ സ്ഥാപിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.