'മലപ്പുറത്ത് ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് പഴയ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല; സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിലും കുറവ് സംഭവിച്ചു; പോരായ്മ പരിഹരിയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തന പരിപാടികള്‍ വേണം'; വിമര്‍ശനവുമായി ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്

മലപ്പുറത്ത് ചെറുപ്പക്കാരെ പഴയപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Update: 2025-01-01 13:14 GMT

മലപ്പുറം: മലപ്പുറത്ത് യുവാക്കളെ പാര്‍ട്ടിയിലേക്ക് പഴയ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. മലപ്പുറത്ത് സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിലും കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തി. പോരായ്മ പരിഹരിയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തന പരിപാടികള്‍ വേണമെന്നും ജില്ലാ സമ്മേളനം വിലയിരുത്തി. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

മൂന്ന് ഭാഗങ്ങളിലായി 162 പേജുള്ള റിപ്പോര്‍ട്ടാണ് ജില്ലാ സെക്രട്ടറി അവതരിപ്പിച്ചത്. ഇരുപത്തിയഞ്ച് ശതമാനം വനിതകളാവണമെന്ന സംഘടനാ തീരുമാനം നടപ്പിലാക്കാനായില്ല. പതിനാറ് ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. പാര്‍ട്ടി കേഡര്‍മാര്‍ക്ക് രാഷ്ട്രീയ, സംഘടനാ പരിശീലനം നല്‍കുന്നതില്‍ അപര്യാപ്തതയുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അതേസമയം, ചെറുപ്പക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഇ എന്‍ മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ യുവത്വത്തിന്റെ വൈവിധ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരിപാടികള്‍ സംഘടിപ്പിച്ച് പാര്‍ട്ടിയിലേക്ക് ആകര്‍ഷിപ്പിക്കും. യുവത്വമാണ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത്.

മലപ്പുറത്ത് ഇഎംഎസ് സ്മാരക പഠന ഗവേഷണ കേന്ദ്രം വഴി യുവാക്കള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. ഇഎംഎസ് കേന്ദ്രം വഴി നടപ്പിലാക്കുന്ന പരിപാടികള്‍ വിപുലീകരിക്കുമെന്നും ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. ഇടതു പക്ഷത്തെ പിന്തുണച്ചു എന്ന ജമാഅത്തെ ഇസ്ലാമി അമീറിന്റെ പ്രസ്താവന ജില്ലാ സെക്രട്ടറി തള്ളി.

അത് അമീര്‍ പറയുന്നതാണ്. തിരഞ്ഞെടുപ്പ് സമയത്ത് ആരെല്ലാം പിന്തുണക്കുന്നു എന്ന് ഭൂതകണ്ണാടി വെച്ച് നോക്കാന്‍ കഴിയില്ലല്ലോ എന്നും ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. ജമാത്ത് ഇസ്ലാമിയും, എസ്ഡിപിഐയും മത വര്‍ഗീയ സംഘടനകളാണ്. പിഡിപിയെ ആ ഗണത്തില്‍ പെടുത്താനാവില്ലെന്നും ഇ എന്‍ മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം റോഡില്‍ സ്റ്റേജ് കെട്ടി നടത്തിയതിനെ വീണ്ടും ന്യായീകരിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ രംഗത്തെത്തി. ഒരു സമരം നടത്തിയാല്‍ അത് സഹിക്കാന്‍ പറ്റാത്ത ആളുകള്‍ നമ്മുടെ നാട്ടിലുണ്ടെന്നും മലയില്‍ പോയി ആരെങ്കിലും പ്രകടനം നടത്തുമോയെന്നും വിജയരാഘവന്‍ പറഞ്ഞു. സമരം ചെയ്യാന്‍ ഒരു തെരുവെങ്കിലും വിട്ടുതരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

'റോഡിലൂടെ പ്രകടനം നടത്തണ്ട, മലയില്‍പോയി പ്രകടനം നടത്തിക്കോ എന്നാണ് ചിലരുടെ വാദം. ആരെങ്കിലും മലയില്‍ പോയി പ്രകടനം നടത്തുമോ? പാര്‍ലമെന്റ് ശത കോടീശ്വരന്‍മാര്‍ കൈവശപ്പെടുത്തി. അതുകൊണ്ട് സമരം ചെയ്യാന്‍ അങ്ങോട്ട് പോകാനും വയ്യാതെയായി. റോഡില്‍ പ്രകടനം നടത്തിയാല്‍ അത് നടത്തുന്നവരെ പിടികൂടുന്ന അവസ്ഥയാണുള്ളത്. സമരം ചെയ്യാന്‍ ഒരു തെരുവെങ്കിലും വിട്ടു തരൂ എന്നാണ് ഞങ്ങള്‍ പറയുന്നത്.'വിജയരാഘവന്‍ വ്യക്തമാക്കി.

മതനിരപേക്ഷത ഏറ്റവും ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന പ്രദേശമാണ് മലപ്പുറമെന്നും ഇത് തകര്‍ക്കാന്‍ ചിലര്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് വര്‍ഗീയതയ്ക്ക് വിധേയപ്പെട്ടു. ജന്മിയുടെ വീട്ടില്‍ വാഴക്കുല കൊണ്ടുപോകുന്നത് പോലെയാണ് സന്ദീപ് വാര്യരേയും കൊണ്ട് കോണ്‍ഗ്രസ് പോയത്. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ മാധ്യമങ്ങളേയും വിജയരാഘവന്‍ വിമര്‍ശിച്ചു. വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായത്തിനായി കേരളം ഒന്നും ചോദിച്ചില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍വവിജ്ഞാനകോശം തങ്ങളാണെന്നാണ് മാധ്യമങ്ങളുടെ വിചാരമെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. ചാനല്‍ ചര്‍ച്ചയില്‍ അവതാരകരായി ഇരിക്കുന്നത് ആല്‍ബര്‍ട് ഐന്‍സ്റ്റീനേക്കാള്‍ വലിയ കണക്ക് വിദഗ്ധരാണ്. മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് വിരോധമാകാം, എന്നാല്‍ കുറച്ച് മനുഷ്യത്വം കൂടി വേണം. ജനപ്രിയ ഗവര്‍ണര്‍ പോയെന്ന് മാധ്യമങ്ങള്‍ എഴുതി. ആ ഗവര്‍ണര്‍ നാടിനോട് ചെയ്ത ദ്രോഹം ഒരു വരിയെങ്കിലും എഴുതിയ മാധ്യമങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News