'രാഹുല്‍ വിഷയം ഗൗരവതരം; വൈകാതെ പാര്‍ട്ടി തീരുമാനം എല്ലാവരെയും അറിയിക്കും'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ കെ സി വേണുഗോപാല്‍
രാജി സാധ്യത തള്ളാതെ കെ സി വേണുഗോപാല്‍
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍. കേരളത്തിലെ നേതാക്കള്‍ ഗൗരവമായി ആശയവിനിമയം നടത്തുകയാണെന്നും താന്‍ പറയുന്നതില്‍ എല്ലാമുണ്ടെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വൈകാതെ പാര്‍ട്ടി തീരുമാനം എല്ലാവരെയും അറിയിക്കും വളരെ ഗൗരവമേറിയ വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ഉയര്‍ന്നുവന്ന് 24 മണിക്കൂറിനകം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചെന്നും ബാക്കി തീരുമാനം പിന്നീടറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ഗൗരവതരമായ വിഷയമാണ്. അത് പാര്‍ട്ടി മനസിലാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഏറ്റവും ശക്തമായ നടപടി പാര്‍ട്ടി 24 മണിക്കൂറിനകം എടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹം മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. - കെ.സി. വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പിന്നീടും ചിലകാര്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം കാര്യങ്ങളില്‍ കേരളത്തിലെ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പാര്‍ട്ടിയുടെ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിവെക്കേണ്ടിവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ എല്ലാമുണ്ടെന്നാണ് കെ.സി. മറുപടി നല്‍കിയത്.
ആരോപണങ്ങളില്‍ പ്രതിരോധവുമായി രാഹുല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് പിന്നാലെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ട്രാന്‍സ്ജന്‍ഡര്‍ അവന്തികയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പുറത്തുവിട്ടിരുന്നു. എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നുള്ള ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ ഉയരുന്നതിനിടെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടതെങ്കിലും തന്റെ രാജിക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ല. എന്നാല്‍ താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന് കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗം കൂടി ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്. മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചിട്ടേ അന്തിമ തീരുമാനം എടുക്കൂ. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് നടപടി എടുക്കില്ല. സിപിഐഎമ്മും ബിജെപിയും ചെയ്യും പോലെ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
രാഹുലിന്റെ വിഷയം നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിട്ട് എഐസിസിയെ വിവരങ്ങള്‍ അറിയിക്കും. യുഡിഎഫിലെ ഘടകകക്ഷികള്‍ ആരും ഇതുവരെ ഈ വിഷയത്തില്‍ എന്നെ ബന്ധപ്പെട്ടിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍ ആയതിനുശേഷം ഇതുപോലൊരു പരാതി കിട്ടിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടം തന്റെ നാട്ടുകാരനാണ്. ഇതുവരെ എന്നെ വിളിച്ചിട്ടുമില്ല, ഞാന്‍ അങ്ങോട്ടും വിളിച്ചിട്ടില്ല. ശബ്ദരേഖയും പരാതികളും കാണുന്നതും കേള്‍ക്കുന്നതും എല്ലാം മാധ്യമങ്ങളിലൂടെയാണ്. എല്ലാക്കാര്യങ്ങള്‍ക്കും അഭിപ്രായം പറയുന്ന വനിതാ കമ്മീഷന്‍ അതെ അഭിപ്രായത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. വേണ്ടിടത്തും വേണ്ടാത്തിടത്തുമാണ് കമ്മീഷന്‍ അഭിപ്രായം പറയുന്നതും കേസെടുക്കുന്നതും അദ്ദേഹം വിമര്‍ശിച്ചു.