'കാട്ടുകള്ളന്മാർക്ക് ഒരിക്കലും കൂട്ടുനിൽക്കില്ല, അത് അറിയാമായിരുന്നെങ്കിലും പോറ്റിയെ അടുപ്പിക്കുമായിരുന്നില്ല'; സ്വർണക്കൊള്ള ആരോപണത്തിൽ മറുപടിയുമായി അടൂർ പ്രകാശ്

Update: 2025-12-25 10:28 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി എം.പി. അടൂർ പ്രകാശ് രംഗത്ത്. താൻ കാണുന്നതിന് മുൻപ് ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും, ശബരിമല ഏൽപ്പിച്ചെന്ന് മുഖ്യമന്ത്രി പോറ്റിയോട് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതായും അടൂർ പ്രകാശ് വെളിപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കാത്ത ആരോപണങ്ങളാണ് തങ്ങൾക്കെതിരെ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ പോറ്റിയെ അടുപ്പിക്കുമായിരുന്നില്ല. കാട്ടുകള്ളന്മാർക്ക് ഒരിക്കലും കൂട്ടുനിൽക്കില്ല," അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സോണിയാ ഗാന്ധിയെ കാണാൻ പോറ്റിയെ കൊണ്ടുപോയത് താനല്ലെന്നും, ആരാണ് അതിനുള്ള അപ്പോയിന്റ്‌മെന്റ് എടുത്തു നൽകിയതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ്റിങ്ങൽ എം.പി. ആയിരിക്കെ സാമൂഹിക സേവന പരിപാടിയുടെ കാര്യത്തിനാണ് പോറ്റി തന്നെ വന്നു കണ്ടത്. അന്ന് സ്വർണക്കൊള്ളയെക്കുറിച്ചായിരുന്നില്ല സംസാരിച്ചത്. താൻ പങ്കെടുത്ത പരിപാടിയിൽ ആറ്റിങ്ങൽ എം.എൽ.എയും ഉണ്ടായിരുന്നു. അന്നദാന ഉദ്ഘാടനം നടത്താൻ പോറ്റിയെ ക്ഷണിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രി പോറ്റിയോട് ശബരിമല ഏൽപ്പിച്ചെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കൊള്ളയെക്കുറിച്ചുള്ള നിർദേശങ്ങളാണെന്ന് സംശയിച്ചാൽ തെറ്റുപറയാനാകില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Tags:    

Similar News