കുറുപ്പിന്റെ മകനെ പിടിച്ചു കെട്ടാന്‍ ബിജെപി ഇറക്കുക സാക്ഷാല്‍ കേന്ദ്രമന്ത്രിയെ; ജോര്‍ജ് കുര്യന്‍ പോരിനിറങ്ങുമ്പോള്‍ ശ്രദ്ധേയമാകുന്ന കാഞ്ഞിരപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മകളുടെ മോഹങ്ങള്‍ വെട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍ജിക്കല്‍ സട്രൈക്ക്; ത്രികോണ പോരിന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുക സുപ്രീംകോടതി ജസ്റ്റീസിന്റെ മരുമകനെ; ആരാണ് അഡ്വ മാത്യു ആന്റണി?
കോട്ടയം: കോട്ടയം ജില്ലയിലെ നിര്‍ണ്ണായക മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി മോഹികളെ ഞെട്ടിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരുമോ? മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്‍ മണ്ഡലം ലക്ഷ്യമിട്ടിരുന്നെങ്കിലും, ദേശീയ തലത്തിലുള്ള കരുത്തുറ്റ മുഖത്തെ ഇറക്കി സീറ്റ് തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം. എ.ഐ.സി.സി സെക്രട്ടറിയും മാനേജ്മെന്റ് വിദഗ്ദ്ധനുമായ അഡ്വ. മാത്യു ആന്റണിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതായാണ് സൂചന. ഇതോടെ മരിയ ഉമ്മന്റെ കന്നി അങ്കത്തിനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.
കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി എന്‍. ജയരാജിന്റെ കുത്തക തകര്‍ക്കാന്‍ ദേശീയ പ്രഭാവമുള്ള ഒരാള്‍ വേണമെന്ന കോണ്‍ഗ്രസ് സര്‍വ്വേ ഫലമാണ് മാത്യു ആന്റണിക്ക് തുണയായത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മരുമകനും ചങ്ങനാശ്ശേരി സ്വദേശിയുമായ മാത്യു നിലവില്‍ മേഘാലയ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ എ.ഐ.സി.സി ചുമതലക്കാരനാണ്. കാഞ്ഞിരപ്പള്ളിയിലെ കരിപ്പാപ്പറമ്പില്‍ കുടുംബവുമായുള്ള വേരുകളും മികച്ച അക്കാദമിക് പശ്ചാത്തലവും കത്തോലിക്കാ സഭയുമായുള്ള അടുപ്പവും അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു. ജോസഫ് വാഴയ്ക്കന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ മറികടന്നാണ് ഈ യുവനേതാവിന്റെ പേര് സജീവമാകുന്നത്.
കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ പോരാട്ടം ദേശീയ ശ്രദ്ധയാകര്‍ഷിക്കുമെന്നുറപ്പാണ്. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് (എമ്മിലെ) എന്‍. ജയരാജ് തന്നെ കളത്തിലിറങ്ങും. മുന്‍ മന്ത്രിയും ഡെപ്യൂട്ടീ സ്പീക്കറുമായ നാരായണ കുറുപ്പിന്റെ മകനാണ് ജയരാജ്. കുറുപ്പിനും ഈ മേഖലയില്‍ വലിയ സ്വാധീനമുണ്ട്. ജയരാജും ഈ മേഖലയില്‍ അജയ്യനാണ്. പഴയ വാഴൂര്‍ മണ്ഡലമാണ് ഏതാണ്ട് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി മണ്ഡലം. ദേശീയ രാഷ്ട്രീയത്തിലെ പരിചയസമ്പത്തുമായി മാത്യു ആന്റണി എത്താനാണ് 90% സാധ്യത. ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ ബി.ജെ.പി രംഗത്തിറക്കിയേക്കും. ഇതോടെ കാഞ്ഞിരപ്പള്ളിയിലെ മത്സരം പ്രവചനാതീതമാകും.
ഉമ്മന്‍ചാണ്ടിയുടെ മകള്‍ എന്ന നിലയില്‍ മരിയ ഉമ്മന് മണ്ഡലത്തില്‍ വലിയ പിന്തുണ ലഭിക്കുമെന്ന് അനുയായികള്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍, ബി.ജെ.പി കേന്ദ്രമന്ത്രിയെ തന്നെ രംഗത്തിറക്കാന്‍ ആലോചിക്കുന്നതോടെ മത്സരം പ്രാദേശിക നേതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ട്രംപ് ഭരണകൂടം വരെ ഉറ്റുനോക്കുന്ന ആഗോള രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയില്‍, കേരളത്തിലെ ഓരോ സീറ്റും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചര്‍ച്ചകളിലേക്ക് മാറുന്ന സാഹചര്യത്തില്‍ മാത്യു ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് കരുത്താകുമെന്നാണ് വിലയിരുത്തല്‍.
എഐസിസി സെക്രട്ടറിയും ടാലന്റ് ഹണ്ട് സോണല്‍ കോര്‍ഡിനേറ്ററുമായ അഡ്വ. മാത്യു ആന്റണിയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മുംബൈയിലാണ് താമസം. മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ് എന്നിവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് അദ്ദേഹം. ശക്തമായ അക്കാദമിക്, മാനേജ്‌മെന്റ് യോഗ്യതകളുള്ള ഒരു സമര്‍ത്ഥനായ സംഘാടകനായിട്ടാണ് മാത്യു ആന്റണിയെ പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ ഒരു സര്‍വേയില്‍ പ്രാദേശിക സ്ഥാനാര്‍ത്ഥികളേക്കാള്‍ മാത്യു ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിച്ചതായി പറയപ്പെടുന്നു.
''കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാല്‍ കാഞ്ഞിരപ്പള്ളി ദേശീയ ശ്രദ്ധ നേടും. ഈ സാഹചര്യത്തില്‍, യു.ഡി.എഫിന് ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ആവശ്യമാണ്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാത്യു ആന്റണിയാണ് മണ്ഡലത്തിന് ഏറ്റവും അനുയോജ്യന്‍.'' ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ പഠിക്കുമ്പോഴാണ് മാത്യു ആന്റണി കെഎസ്യുവിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് 1994 നും 1997 നും ഇടയില്‍ ഭാരത് മാതാ കോളേജിലെ കെഎസ്യു യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു. രണ്ട് എംബിഎ ബിരുദധാരിയായ അദ്ദേഹം മാനേജ്മെന്റ് വിദഗ്ദ്ധന്‍ എന്നും അറിയപ്പെടുന്നു.
