വര്‍ക്കലയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തം; വിഎസ് ജോയി തന്നെ സ്ഥാനാര്‍ത്ഥി; തിരുവനന്തപുരം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി എഎ റഹിം; ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റിന് ആദ്യമായി പാര്‍ട്ടി പദവി; യുവ നേതാവിന് തുണയായത് പിണറായിയുടെ പിന്തുണ; തിരുവനന്തപുരത്തെ വിഭാഗീയത തകര്‍ക്കാന്‍ റഹിം എത്തുന്നു
തിരുവനന്തപുരം സി.പി.എമ്മില്‍ നിര്‍ണ്ണായക നേതൃമാറ്റം. രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീമിനെ സി.പി.എം. തിരുവനന്തപുരം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.
ഞായറാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. നിലവിലെ ജില്ലാ സെക്രട്ടറി വി. ജോയിയെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി. ഇതോടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എ.എ. റഹീം മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ റഹീമിലൂടെ പാര്‍ട്ടി നേതൃത്വത്തില്‍ യുവമുഖത്തെ പ്രതിഷ്ഠിക്കാനാണ് സി.പി.എം. ലക്ഷ്യമിടുന്നത്.
നിലവില്‍ വര്‍ക്കല എം.എല്‍.എ. കൂടിയായ വി. ജോയിയെ മാറ്റിനിര്‍ത്തിയാല്‍ മണ്ഡലത്തിലെ വിജയസാധ്യതയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശങ്ക നിലനിന്നിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങളില്‍ ഓരോ സീറ്റും നിര്‍ണ്ണായകമായതിനാല്‍, വര്‍ക്കലയില്‍ ജോയിയെ തന്നെ വീണ്ടും കളത്തിലിറക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ആനാവൂര്‍ നാഗപ്പന്‍ ഒഴിഞ്ഞ പദവിയിലേക്കാണ് ജോയി എത്തിയിരുന്നത്.
അന്ന് വി.എസ്. സുനില്‍കുമാറിന്റെ പേര് പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ റഹീമിന് നറുക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിയിലുള്ള ചെറിയ രീതിയിലുള്ള വിഭാഗീയതകള്‍ പരിഹരിക്കാനും എല്ലാ വിഭാഗത്തിനും സ്വീകാര്യനായ റഹീമിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. ആദ്യമായാണ് സിപിഎമ്മില്‍ നിര്‍ണ്ണായക ചുമതല റഹിമിനെ തേടിയെത്തുന്നത്.