ബിതുല്‍ ബാലന്റെ വീടിനു നേരെ സിപിഎം ബോംബെറിഞ്ഞത് മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവര്‍ത്തനത്തിന്റെ' ഭാഗമോ? ബിതുലിന്റെ വീട് അന്വേഷിച്ചുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വാട്‌സാപ് ചാറ്റുകള്‍ പുറത്തുവിട്ട് ഷാഫി പറമ്പില്‍; സിസി ടിവി ദൃശ്യങ്ങളും പുറത്ത്; മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്നും എംപി
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വാട്‌സാപ് ചാറ്റുകള്‍ പുറത്തുവിട്ട് ഷാഫി പറമ്പില്‍
വടകര: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റെന്ന 'കള്ളക്കഥ' പ്രചരിപ്പിച്ച് കെഎസ്യു ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടിനു നേരെ സിപിഎം ബോംബെറിഞ്ഞത് മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവര്‍ത്തനത്തിന്റെ' ഭാഗമാണോ എന്ന് ഷാഫി പറമ്പില്‍ എംപി. മന്ത്രി നേരിട്ടു കള്ളപ്രചാരണത്തിനു നേതൃത്വം നല്‍കുകയും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ആ തിരക്കഥയില്‍ വേഷമിടുകയുമാണെന്ന് ഷാഫി കുറ്റപ്പെടുത്തി. ബോംബേറുണ്ടായ ബിതുലിന്റെ തോടന്നൂരിലെ വീട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മന്ത്രിയുടെ കഴുത്തിനു പിടിച്ചത് ഗണ്‍മാനല്ലേ?'
ആരോഗ്യമന്ത്രിയുടെ കഴുത്തു പിടിച്ചു തിരിച്ചു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ ഷാഫി പരിഹസിച്ചു. 'കേരളത്തിലെ കാഴ്ചയുള്ള ആരെങ്കിലും മന്ത്രിയെ സമരക്കാര്‍ മര്‍ദിക്കുന്നത് കണ്ടോ? കറുത്ത തുണിയുമായി മന്ത്രിക്ക് അരികിലെത്തിയത് സമരക്കാരനാണെന്നു പ്രചരിപ്പിച്ചു. എന്നാല്‍ അത് മന്ത്രിയുടെ ഗണ്‍മാനായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ഇനി ഗണ്‍മാനാണ് മന്ത്രിയുടെ കഴുത്തിനു പിടിച്ചതെങ്കില്‍ കെഎസ്യുക്കാരന്റെ വീട്ടിലേക്കല്ല ബോംബെറിയേണ്ടതെന്ന് പാര്‍ട്ടി സെക്രട്ടറി അണികളോട് പറയണം. കലാപത്തിന് ആഹ്വാനം ചെയ്ത ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ കേസെടുക്കണം' ഷാഫി പറഞ്ഞു.
ചാറ്റുകള്‍ പുറത്ത്; ആസൂത്രിതമെന്ന് ആരോപണം
ബിതുല്‍ ബാലന്റെ വീട് അന്വേഷിച്ചു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയെന്നു സൂചിപ്പിക്കുന്ന വാട്‌സാപ് ചാറ്റുകള്‍ ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നതിന് തെളിവാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചപ്പോള്‍ പോലും ഏതെങ്കിലും സിപിഎം നേതാവിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞോ എന്നും ഷാഫി ചോദിച്ചു. ബിജെപി നേതാവ് പരസ്യമായി മര്‍ദിക്കാന്‍ മുതിര്‍ന്നിട്ടും അവരുടെ സ്തൂപം പോലും തകര്‍ക്കാന്‍ സിപിഎം തയാറാകാത്തത് ബിജെപിയെ നോവിക്കാന്‍ ആഗ്രഹിക്കാത്തതു കൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു.
പരാജയഭീതിയിലെ അക്രമം
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയ ഭീതിയുമാണ് സിപിഎമ്മിനെ അക്രമത്തിലേക്ക് നയിക്കുന്നത്. പൊലീസിനെ സിപിഎമ്മിന്റെ പോഷക സംഘടനയാക്കി മാറ്റരുത്. ഈ കെടുതി തുടരാന്‍ അനുവദിക്കില്ലെന്നും ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷാഫി മുന്നറിയിപ്പ് നല്‍കി.
സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണം പുലര്‍ച്ചെ
വെള്ളിയാഴ്ച പുലര്‍ച്ചെ 2.36 നാണ് ബിതുല്‍ ബാലന്റെ വീടിനു നേരെ മൂന്നംഗ സംഘം ബോംബെറിഞ്ഞത്. വീടിന്റെ കിടപ്പുമുറിയുടെ ജനല്‍പ്പാളിയും സണ്‍ഷെയ്ഡും തകര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിതുലിന്റെ പിതാവ് ബാലന്റെ പരാതിയില്‍ വടകര പൊലീസ് കേസെടുത്തു. മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കണ്ടാലറിയാവുന്നവരാണ് ആക്രമണം നടത്തിയതെന്നും പിതാവ് പറഞ്ഞു. കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടിയും വീട് സന്ദര്‍ശിച്ചു. ആക്രമണത്തെ തള്ളുന്നതായും വീട്ടില്‍ കയറിയുള്ള അക്രമം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
