തലശേരി കലാപത്തിന് പിന്നില്‍ സിപിഎമ്മാണെന്ന വ്യാജ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് സംഘപരിവാറിന്റെ സയാമിസ് ഇരട്ടിയായി മാറി; കലാപം ശാന്തമാക്കാനാണ് സി.പി.എം നേതാക്കള്‍ ആഹ്വാനം ചെയ്തത്: എം.വി ജയരാജന്‍
തലശേരി കലാപത്തിന് പിന്നില്‍ സിപിഎമ്മാണെന്ന വ്യാജ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് സംഘപരിവാറിന്റെ സയാമിസ് ഇരട്ടിയായി മാറി
കണ്ണൂര്‍: തലശേരി കലാപത്തിന് പിന്നില്‍ ജനസംഘമാണെന്ന ചരിത്ര സത്യം മറച്ചുപിടിക്കുന്ന കോണ്‍ഗ്രസ് സംഘപരിവാറിന്റെ സയാമീസ് ഇരട്ടയാണെന്ന് തെളിയിച്ചു കഴിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംഎം.വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 1970 ഡിസംബര്‍ 28 നാ യിരുന്നു തലശ്ശേരി കലാപം അക്കാലത്ത് കേരളത്തില്‍ ആഭ്യന്തരമന്ത്രി കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. കലാപം അവസാനിക്കുന്നത് വരെ അഭ്യന്തര മന്ത്രി തലശ്ശേരിയില്‍ തിരിഞ്ഞുനോക്കിയില്ല.
ഒരാഴ്ചക്ക് ശേഷം വന്നപ്പോഴാവട്ടെ അന്നത്തെ അഭ്യന്തര മന്ത്രി പറഞ്ഞത് ' തലശ്ശേരിയില്‍ ഒരു വര്‍ഗീയലഹളയും നടന്നിട്ടില്ല. അത് മാര്‍ക്‌സിസ്റ്റുകാര്‍ ഇളക്കിവിട്ട ഒരു രാഷ്ട്രീയ കലാപമായിരുന്നു ' എന്നായിരുന്നു. അത് പച്ച കള്ളമാണെന്ന് അന്ന് തന്നെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ആ പ്രസ്താവന ഇപ്പോള്‍ പൊടിതട്ടിയെടുക്കുകയാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാറിനെ പോലെ കോണ്‍ഗ്രസും മാറി.
തലശ്ശേരി കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ മുമ്പാകെ അന്നത്തെ സര്‍ക്കാരിനെ പിന്തുണക്കുന്ന ആളുകള്‍ നല്‍കിയ മൊഴി മാത്രം ഉദ്ധരിച്ചാണ് സിപിഎമ്മിനെ കോണ്‍ഗ്രസുകാര്‍ കുറ്റപ്പെടുത്തുന്നത്. അല്ലാതെ കമ്മീഷന്റെ നിഗമനം അല്ല. തലശേരിയിലെ കലാപം ശാന്തമാക്കാനാണ് കൊടി വെച്ച കാറില്‍ സഞ്ചരിച്ച് സി.പി.എം നേതാക്കള്‍ ആഹ്വാനം ചെയ്തത്.സിപി. എം നേതാക്കളും പ്രവര്‍ത്തകരാരും കലാപത്തില്‍ പങ്കാളിയായിട്ടില്ലെന്നത് തര്‍ക്കമറ്റ കാര്യമാണ്.
കൊടികെട്ടിയ കാറില്‍ 29ന് വൈകുന്നേരം സിപിഎം നേതാക്കള്‍ സഞ്ചരിക്കുകയും കലാപം അവസാനിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്' ചെയ്തത് എന്ന് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസുകാര്‍ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ന്യൂനപക്ഷം വേട്ട നടത്തുന്ന ആര്‍എസ്എസിനെ വെള്ളപൂശുകയും അവരുടെ വോട്ട് സമ്പാദിക്കുകയുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ശാഖയ്ക്ക് കാവല്‍ നിന്ന ഒരു നേതാവിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് കൊണ്ട് അനുയായികളും അങ്ങനെ ആയിരിക്കുമല്ലോയെന്നും ജയരാജന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗങ്ങള്‍ വര്‍ഗീയ കലാപത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്നത്തെ തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചിട്ടുണ്ട് എന്നാണ് കമ്മീഷന്‍ നിഗമനത്തില്‍ ചൂണ്ടിക്കാട്ടുന്നത് ജനസംഘത്തിന്റെ പങ്കിനെ കുറിച്ച് കമ്മീഷന്‍ 88 പേജില്‍ വിശദമായി പറയുന്നുണ്ട് ബല്‍രാജ് മധൂക്ക്, കുല്‍ദീപ് നയ്യാര്‍ എന്നിവരുടെ പുസ്തകങ്ങള്‍ ഉദ്ധരിച്ച്‌കൊണ്ട് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത് ജനസംഘത്തിന്റെ സൈനിക വിഭാഗമാണ് ആര്‍എസ്എസ് എന്നും, രണ്ടു കൂട്ടരും കലാപത്തിന് നേതൃത്വം കൊടുത്തവരാണെന്നുമാണ്.
ആര്‍എസ്എസിനെ പോലെ മുസ്ലിം വിരോധം ജനസംഘത്തിനുമുണ്ട്. മുസ്ലീങ്ങള്‍ അവരുടെ സ്വന്തം രാജ്യമായ പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണെന്ന് അക്കാലത്ത് ആര്‍എസ്എസ് തലശ്ശേരിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. തലശ്ശേരിയില്‍ ആര്‍എസ്എസിന്റെ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചതിനെ തുടര്‍ന്നാണ് കലാപം ഉണ്ടായതതെന്നും കമ്മീഷന്‍ ചൂണ്ടി കാട്ടുന്നു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ വീടുകളില്‍ അക്രമം നടത്തുകയും സ്വര്‍ണ്ണമടക്കമുള്ള സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തത് ഉള്‍പ്പെടെ വിശദമായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയ സംഭവത്തിന് തലശ്ശേരി കലാപവുമായി യാതൊരു ബന്ധവുമില്ലെന്ന കോണ്‍ഗ്രസ്‌കാരുടെ കണ്ടെത്തല്‍ പച്ചകള്ളമാണ്. മാങ്ങാട്ടിടം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ.പി. അബൂട്ടി നേരത്തെ പറഞ്ഞത് കോണ്‍ഗ്രസിന്റെ നേതാക്കള്‍ മറന്നുപോയോ? കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ യു.കെ. കുഞ്ഞിരാമനെ കൊലപ്പെടുത്തിയത് കള്ള് ഷാപ്പിലെ തര്‍ക്കം മൂലം ആണെന്ന ആക്ഷേപം പരസ്യമായി ഉന്നയിച്ചപ്പോഴാണ് അബൂട്ടിയുടെ പ്രതികരണം വന്നത്. അബൂട്ടി സ്വന്തം അനുഭവത്തിലൂടെയാണ് അന്ന് അങ്ങനെ പറഞ്ഞത്. ബ'യു.കെ. കുഞ്ഞിരാമന്‍ മദ്യപിക്കുന്ന ആളല്ല. യു.കെ. കുഞ്ഞിരാമനും മറ്റും ഉണ്ടായിരുന്നില്ലെങ്കില്‍ മെരുവമ്പായി പള്ളി ആര്‍എസ്എസുകാര്‍ തകര്‍ക്കുമായിരുന്നു.
യു.കെ. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ ഞങ്ങളുടെ രക്ഷക്കാണ് എത്തിയത്ബ '. സത്യം ഇതായിരിക്കെ എന്തിനാണ് ആര്‍എസ്എസിനെ ന്യായീകരിക്കാന്‍ വേണ്ടി കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ പാടുപെടുന്നത്. തലശ്ശേരി കലാപ സമയത്ത് മെരുവമ്പായി പള്ളി മാത്രമല്ല തലശ്ശേരിയുടെ സമീപപ്രദേശങ്ങളിലും നിരവധി ആരാധനാലയങ്ങളും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന വീടുകളും കടകളും ഉള്‍പ്പെടെ ആര്‍എസ്എസ്‌കാര്‍ അക്രമിച്ചിട്ടുണ്ട്. ആ പദ്ധതി തിരിച്ചറിഞ്ഞപ്പോഴാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒരു പരസ്യ പ്രസ്താവന അന്ന് നടത്തിയത്. അത് അക്കാലത്ത് മാധ്യമങ്ങളില്‍ വന്നിരുന്നു. സിപി.എമ്മിന്റെ ആഹ്വാനം പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ ' ആത്മഹത്യാഗം ചെയ്തുപൊലും സാമുദായിക സൗഹാര്‍ദം സംരക്ഷിക്കാന്‍ രംഗത്തിറങ്ങണം ' എന്നാണ്.
ഈ ആഹ്വാനം അനുസരിച്ചാണ് യു.കെ. കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഎം പ്രവര്‍ത്തകന്മാര്‍ മെരുവമ്പായി പള്ളിക്ക് കാവല്‍ കിടന്നത്. പള്ളി തകര്‍ത്താല്‍ പിന്നീട് ക്ഷേത്രവും തകര്‍ക്കപ്പെടും എന്ന് കുഞ്ഞിരാമനും പാര്‍ട്ടിക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് പള്ളിക്ക് കാവല്‍ കിടന്നത്. രണ്ടു നാള്‍ കാവല്‍ കിടന്നതിനു ശേഷം വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴിമധ്യേയാണ് ആര്‍എസ്എസുകാര്‍ കുഞ്ഞിരാമനെ കൊലപ്പെടുത്തിയത്. കുഞ്ഞുരാമനോടൊപ്പം പരിക്കുപറ്റിയ ബാലന്‍, വത്സന്‍, നാണു എന്നിവരും ഉണ്ടായിരുന്നു. അതില്‍ നാണുവാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. നാണു പറയുന്നത് എന്താണെന്ന് നമുക്കൊന്ന് കേള്‍ക്കാം.
ഇത്തരത്തില്‍ ചരിത്ര വസ്തുതകളെ വളച്ചച്ചൊടിച്ചു കൊണ്ട് പ്രചാരവേല നടത്തുന്ന കോണ്‍ഗ്രസ് സംഘപരിവാറിനെ സംരക്ഷിക്കുകയാണ്. തലശ്ശേരി കലാപത്തില്‍ വീടുകള്‍ തകര്‍ക്കാന്‍ വന്നപ്പോള്‍ അതിനെ സംരക്ഷിക്കാനും ന്യൂനപക്ഷത്തെ സുരക്ഷിതമായി രക്ഷിക്കാനും വേണ്ടി അന്ന് കൊടികെട്ടിയ കാറില്‍ സഞ്ചരിച്ച നേതാക്കളില്‍ ഒരാളായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് തലശ്ശേരി കലാപ സമയത്ത് സംരക്ഷണം ഒരുക്കിയ മുഖ്യമന്ത്രിയുടെ പരിപാടി സ്ഥലത്ത് വന്ന് പാറപ്പുറത്ത് മുസ്ലിം ജമാഅത്ത് പള്ളി ഭാരവാഹികള്‍ ഒരു ഉപഹാരം സമര്‍പ്പിച്ചത് കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചിരിക്കുന്നു.
അതുകൊണ്ടാണ് തലശ്ശേരി കലാപത്തിന് സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ് സൂത്രധാരന്‍മാര്‍ എന്ന പച്ചക്കള്ളം ഇപ്പോള്‍ പറയുന്നത്. തലശ്ശേരി കലാപത്തെ തുടര്‍ന്ന് ദുരിതാശ്വാസ സഹായം നല്‍കുന്നതിനുവേണ്ടി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ആ കമ്മിറ്റിയില്‍ സിപിഎമ്മിന് പങ്കാളിത്തം നല്‍കിയില്ല. മാത്രമല്ല അക്കാലത്ത് കോണ്‍ഗ്രസ് ആയിരുന്നു അഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത്. കോണ്‍ഗ്രസുകാര്‍ കൊടുക്കുന്ന ലിസ്റ്റിനെ അടിസ്ഥാനമാക്കിക്കൊണ്ട് പാര്‍ട്ടിപ്രവര്‍ത്തകന്മാരുടെ പേരില്‍ പോലീസ് കള്ളക്കേസ് എടുക്കാന്‍ തുടങ്ങി. ഈ രണ്ടു കാരണങ്ങളാല്‍ കരുണാകര ഭരണത്തില്‍ നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ സിപിഎം കമ്മീഷന്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
അതുകൊണ്ടാണ് കമ്മീഷന്‍ മുമ്പാകെ സിപിഎമ്മിന്റെ പ്രവര്‍ത്തകന്മാര്‍ മൊഴി കൊടുക്കാന്‍ പോകാതിരുന്നത്. എന്നിട്ട് പോലും കമ്മീഷന്‍ കലാപത്തിന് ഉത്തരവാദി ജനസംഘം-ആര്‍എസ്എസ് വിഭാഗത്തില്‍ പെട്ടവരാണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുകയുണ്ടായി. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷവുമായി അടുത്തുവരുന്നത് കാണുമ്പോള്‍ ഉള്ള രാഷ്ട്രീയ അസൂയയാണ് ചരിത്ര സത്യത്തെ വളച്ച് ഒടിക്കാന്‍ കോണ്‍ഗ്രസ്‌കാര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.
