ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരമെന്നാണ് പറഞ്ഞത്; കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ടാണ് ജി സുധാകരന്‍ ഉത്തമനായ കമ്യുണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയത്; മുഖ്യമന്ത്രിയെ ന്യായീകരിച്ച് എ.കെ ബാലന്‍
ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരമെന്നാണ് പറഞ്ഞത്
തിരുവനന്തപുരം: സിപിഎമ്മിനോട് പിണങ്ങി അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ജനകീയ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ 'ചെറ്റത്തരം' പ്രയോഗത്തെ ന്യായീകരിച്ച് മുന്‍ മന്ത്രി എ.കെ ബാലന്‍. മുഖ്യമന്ത്രി ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. ചെറ്റത്തരമെന്നാണ് പറഞ്ഞതെന്നാണ് എ കെ ബാലന്‍ ന്യായീകരിക്കുന്നത്.
ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലീഷ്- മലയാളം നിഘണ്ടുവില്‍ അര്‍ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി. സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു. വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരന്‍ സ്വീകരിച്ചപ്പോള്‍ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചു. സുധാകരന്‍ അധഃപതിച്ച് പോയതില്‍ വിഷമമുണ്ടെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ടാണ് ജി സുധാകരന്‍ ഉത്തമനായ കമ്യുണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയതെന്നും ബാലന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സഹായത്തോടെ സുധാകരന് വോട്ട് പിടിക്കാന്‍ എങ്ങനെ കഴിയുന്നുവെന്നും ബാലന്‍ ചോദിച്ചു. അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി.സുധാകരനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു.
ഇതോടെ മറുപടിയുമായി ജി സുധാകരനും രംഗത്തെത്തി. ചെറ്റയെന്ന വിളിയില്‍ അഭിമാനം കൊളളുന്നുവെന്നും ചെറ്റ എന്നത് അടിസ്ഥാന വര്‍ഗത്തിന്റെ പുരയാണ്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. 18 വയസുവരെ ഞാന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.