ചീഫ് സെക്രട്ടറി ടി സിദ്ദിഖിന്റെ പേര് പറഞ്ഞപ്പോള്‍ കൂക്കിവിളിച്ച് ഒരു വിഭാഗം; ചില്ലിക്കാശ് നല്‍കരുതെന്ന് പറഞ്ഞവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കയ്യടി; ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല, കല്ലിന് മേലെ കല്ല് വെക്കും എന്ന് മന്ത്രി കെ. രാജന്റെ പരിഹാസം

Update: 2026-03-01 07:47 GMT

കല്‍പ്പറ്റ: സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങില്‍ ടി സിദ്ദിഖ് എംഎല്‍എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാജനും. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖ് എംഎല്‍എയുടെ പേര് പറഞ്ഞപ്പോള്‍ കൂക്കിവിളിച്ചാണ് ഒരു വിഭാഗം പ്രതികരിച്ചത്. അതേസമയം, ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് സര്‍ക്കാരിന് സഹായം നല്‍കരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോള്‍ സദസില്‍ നിന്ന് കയ്യടികളുമുണ്ടായി. തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. സിപിഎം പ്രവര്‍ത്തകരാണ് കൂക്കിവിളിച്ചത്. ദുരന്തത്തിന് ഇരയായ ഒരാള്‍ പോലും തനിക്കെതിരെ അസ്വസ്ഥയുടെ ശബ്ദം ഉണ്ടാക്കില്ലെന്നാണ് ടി സിദ്ദിഖ് പ്രതികരിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താന്‍ കണക്കാക്കുന്നില്ല. സര്‍ക്കാരിനോട് ചേര്‍ന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതര്‍ക്കായി പ്രവര്‍ത്തിച്ചത്. ഇനിയും ദുരന്ത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കും. ഇന്നലെ 50ലധികം വീടുകള്‍ ദുരന്ത ബാധിതര്‍ക്കായി സമര്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഉദ്ഘാടന വേദിയില്‍ എംഎല്‍എയെ വേദിയിലിരുത്തി റവന്യു മന്ത്രിയും പരിഹസിച്ചു. ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല കല്ലിന് മേലെ കല്ല് വെക്കും എന്നായിരുന്നു മന്ത്രി കെ. രാജന്റെ പമാമര്‍ശം. ടി. സിദ്ധിഖ് എംഎല്‍എ വേദിയില്‍ സന്നിഹിതനായിരുന്നു. ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള ഇന്ത്യയില്‍ തന്നെ ആദ്യ ടൗണ്‍ഷിപാണിതെന്നും ഭൂമി ഏറ്റെടുക്കുന്നതിലുള്ള കോടതി വ്യവഹാരം നീണ്ടുപോയിരുന്നില്ലെങ്കില്‍ വീടുകള്‍ നേരത്തെ തന്നെ കൈമാറാന്‍ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡിസാസ്റ്റര്‍ എന്‍ജിനീയറിങ് സാധ്യത കൂടി പരിഗണിച്ചാണ് വീട് ഉണ്ടാക്കിയത്. ഒരു ദിവസം പോലും നിര്‍ത്താതെ പണി തുടരുമെന്നും കെ. രാജന്‍ പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുമ്പ് അവസാനത്തെ താക്കോലും കൊടുക്കുമെന്നും 9000 രൂപയുടെ സഹായം സര്‍ക്കാര്‍ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളാര്‍മല സ്‌കൂള്‍ തിരിച്ചുകൊടുക്കും മന്ത്രി വ്യക്തമാക്കി.

178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി

ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതര്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകള്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതര്‍ക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

നല്ല പിന്തുണയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന ഭൂമിയുടെ പട്ടയവും ഇന്ന് കൈമാറും. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓര്‍മകള്‍ കൂടി ഉയര്‍ന്നുവരുകയാണ്. പല നഷ്ടങ്ങള്‍ക്കും ഈ വീടുകള്‍ പകരമാവാന്‍ കഴിയില്ല. എന്നാല്‍ സാമീപ്യം കൊണ്ട് നഷ്ടത്തില്‍ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം. പാരസ്പര്യത്തിന്റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാല്‍, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നല്‍കരുത് എന്ന് ചിലര്‍ പറഞ്ഞു. മാധ്യമങ്ങള്‍ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പുനരധിവാസത്തെ വൈരനിര്യാതന ബുദ്ധിയോടെ ചിലര്‍ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നല്‍കി. കര്‍ണാടക , ആന്ധ്ര സര്‍ക്കാരുകള്‍ 10 കോടി വീതം നല്‍കി. രാജസ്ഥാന്‍ അഞ്ചു കോടി നല്‍കി. കേന്ദ്രസര്‍ക്കാര്‍ കടം എഴുതി തള്ളാന്‍ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാന്‍ പല തവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News