'ബ്രേക്കിങ് ന്യൂസ്' ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത്; ഈ നിലപാട് മര്യാദകേടിൻ്റെ അങ്ങേയറ്റം; തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ

Update: 2025-12-25 16:26 GMT

തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനാർഥി നിർണയ ചർച്ചകളിൽ താൻ ഇടപെട്ടിട്ടില്ലെന്ന് ബി.ജെ.പി. നേതാവ് വി. മുരളീധരൻ. വി വി രാജേഷിനുവേണ്ടി താൻ ഇടപെട്ടു എന്ന മാധ്യമവാർത്തകൾ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമാണ് മേയർ സ്ഥാനാർഥിയുമായി ബന്ധപ്പെട്ടതെന്നും മുരളീധരൻ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലും ഒരു ഘട്ടത്തിലും താൻ ഭാഗമായിട്ടില്ലെന്നും, ആരുടെയും പേര് നിർദേശിക്കുകയോ ആരെയെങ്കിലും എതിർക്കുകയോ ചെയ്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. "ആയിരംവട്ടം ആവർത്തിച്ചാലും നുണ സത്യമാവില്ല" എന്ന് പറഞ്ഞ അദ്ദേഹം, വിവാദങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ മാധ്യമങ്ങൾ തന്റെ പേര് ഉപയോഗിക്കുകയാണെന്നും ആരോപിച്ചു. തലസ്ഥാന നഗരിയിൽ ബി.ജെ.പി. അധികാരമേൽക്കുന്ന ആദ്യ ദിവസം തന്നെ 'ഇൻഡി സഖ്യ ഫാക്ടറിയിൽ' നിന്ന് വ്യാജവാർത്തകൾ ഒഴുകിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയുക്ത മേയർ വി. വി. രാജേഷിനും ഡെപ്യൂട്ടി മേയർ ആശാനാഥിനും മുരളീധരൻ ആശംസകൾ നേർന്നു.

വി മുരളീധരന്‍റെ കുറിപ്പ്:

തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ്റെ പേര് " ബ്രേക്കിങ് ന്യൂസിൽ " ഉൾപ്പെടുത്തിയ മാധ്യമ സുഹൃത്തുക്കളോട്.... വിവാദത്തിന് കൊഴുപ്പുകൂട്ടാൻ വി.മുരളീധരൻ്റെ പേരുകൂടി കിടക്കട്ടെ എന്ന നിലപാട് മര്യാദകേടിൻ്റെ അങ്ങേയറ്റമാണ് ! ! തലസ്ഥാന നഗരിയിൽ ബിജെപി അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ 'ഇൻഡി സഖ്യ ഫാക്ടറിയിൽ 'നിന്ന് വ്യാജവാർത്തകൾ ഒഴുകിത്തുടങ്ങി എന്ന് വ്യക്തം.

മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലും ഒരു ഘട്ടത്തിലും ഞാൻ ഭാഗമായിട്ടില്ല. ആരുടെയും പേര് നിർദേശിക്കുകയോ ആരെയെങ്കിലും എതിർക്കുകയോ ചെയ്തിട്ടില്ല. പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമെന്ന് ഞാൻ മനസിലാക്കുന്നു.

'ബ്രേക്കിങ് ന്യൂസ് ' ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത് എന്ന് തലസ്ഥാനത്തെ മാധ്യമസുഹൃത്തുക്കളെ സ്നേഹപൂർവം ഓർമിപ്പിക്കുന്നു. അതല്ല ,ഇൻഡി സഖ്യം തയാറാക്കുന്ന വ്യാജവാർത്ത നിങ്ങൾ ബോധപൂർവം കൊടുക്കുന്നതാണെങ്കിൽ ,ഒന്നേ പറയാനുള്ളൂ... ആയിരംവട്ടം ആവർത്തിച്ചാലും നുണ, സത്യമാവില്ല ! ശ്രീ.വി.വി.രാജേഷിനും ശ്രീമതി.ആശാനാഥിനും ആശംസകൾ !

Tags:    

Similar News