'നട്ടുനനച്ചു വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും!' സണ്ണി ജോസഫിന്റെ പേരാവൂരില്‍ സുധാകരനെ അനുകൂലിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍; സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ണൂരില്ല; സുധാകരന്‍ കടുത്ത അതൃപ്തിയില്‍; അനുനയനീക്കം പാളി; ഡല്‍ഹിയില്‍ നാളെ മാധ്യമങ്ങളെ കണ്ടേക്കും
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍ കടുത്ത അതൃപ്തിയില്‍. കണ്ണൂര്‍ സീറ്റിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഈ സാഹചര്യത്തില്‍ സുധാകരന്‍ ബുധനാഴ്ച ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ണൂര്‍ മണ്ഡലം ഉള്‍പ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതേ സമയം കണ്ണൂര്‍ നിയമസഭാ സീറ്റിനായി കെ സുധാകരന്‍ എം പി സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പേരാവൂര്‍ മണ്ഡലത്തില്‍ നിറയെ സുധാകരന്‍ അനുകൂല ഫ്‌ലക്‌സുകള്‍. കൊട്ടിയൂര്‍ ചുങ്കക്കുന്ന് മുതല്‍ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളില്‍ എട്ടോളം ഫ്‌ലക്‌സ് ബോര്‍ഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. 'നട്ടുനനച്ചു വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയുള്ള ഫ്‌ലക്‌സുകളാണ് നിരന്നിട്ടുള്ളത്.
നേരത്തെ കണ്ണൂര്‍ ഡി സി സി ഓഫീസിന് മുന്നിലും സമാനമായ ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. കെ സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള അണികളുടെ ഈ പരസ്യ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എം പി സ്ഥാനത്തുള്ള ആരും മത്സരിക്കണ്ട എന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം തുടരുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്. ഇതിന്റെ ഭാഗമായി നാളെ സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിച്ചേക്കുമെന്നാണ് സൂചന. മത്സരിക്കുന്ന കാര്യത്തിലെ നിലപാട് വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നാണ് വ്യക്തമാകുന്നത്.
കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ണൂര്‍ സീറ്റില്‍ പ്രഖ്യാപനം നടത്തിയിട്ടില്ല. സുധാകരന്‍ മത്സരിക്കണമെന്ന ഉറച്ച നിലപാടില്‍ തുടരുന്നതാണ് കാരണം. ആദ്യ പട്ടികയില്‍ എം പിമാര്‍ ആരുമില്ല എന്നതാണ് ശ്രദ്ധേയം. സുധാകരന്റെ കണ്ണൂരിനൊപ്പം അടൂര്‍ പ്രകാശ് സമ്മര്‍ദ്ദമുയത്തുന്ന കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരില്‍ ചിലരും ഇന്ന് കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, തന്റെ അതൃപ്തി സുധാകരന്‍ ശക്തമായ ഭാഷയില്‍ അറിയിച്ചതായാണ് വിവരം. തനിക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല എന്ന വികാരം അദ്ദേഹത്തിനുണ്ട്. കണ്ണൂരിലെ സീറ്റ് ചര്‍ച്ചയില്‍ തന്നെ ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയും സുധാകരന്‍ ഉന്നയിക്കുന്നുണ്ട്.
ബുധനാഴ്ച കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഒന്നുകില്‍ ഇതിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ ശേഷമോ മാധ്യമങ്ങളോട് സുധാകരന്‍ സംസാരിച്ചേക്കുമെന്നാണ് വിവരം. 55 സ്ഥാനാര്‍ഥികളുടെ പേരുകളടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. കെ. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആദ്യ പട്ടികയില്‍ എം.പിമാര്‍ ആരുമില്ല. എന്നാല്‍, ഇവര്‍ താത്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.
പറവൂരില്‍ വി ഡി സതീശന്‍, പേരാവൂരില്‍ സണ്ണി ജോസഫ്, ഹരിപ്പാട് രമേശ് ചെന്നിത്തല, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മന്‍, സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി. ബാലകൃഷ്ണന്‍, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, മലമ്പുഴയില്‍ എ സുരേഷ്, മാനന്തവാടിയില്‍ ഉഷ വിജയന്‍, കോവളത്ത് എം വിന്‍സന്റ്, കൊയിലാണ്ടിയില്‍ കെ പ്രവീണ്‍ കുമാര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം.
