സതീശന്‍ വനവാസത്തിന് പോകേണ്ട; കേരളം പൊറുക്കും; ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ല; ഇടതിന് 90 സീറ്റും ഭരണത്തുടര്‍ച്ചയും ഉറപ്പ്; വാര്‍ത്താസമ്മേളന വിലക്ക് വ്യാജമെന്ന് എം.വി. ഗോവിന്ദന്‍; അത്മവിശ്വാസത്തില്‍ സിപിഎം

Update: 2026-04-12 11:23 GMT

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് ഇത്തവണയും നിയമസഭയില്‍ സീറ്റൊന്നും ലഭിക്കില്ലെന്നും എല്‍.ഡി.എഫ്. 90 സീറ്റുകളോടെ ഭരണത്തുടര്‍ച്ച നേടുമെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കടുത്ത വേനലിനെയും വലതുപക്ഷത്തിന്റെ അപവാദ പ്രചാരണങ്ങളെയും അതിജീവിച്ച് രാഷ്ട്രീയ പോരാട്ടം നയിച്ച ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും വാര്‍ത്താസമ്മേളനം നടത്തുന്നതിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016-ലും 2021-ലും 90-ലധികം സീറ്റുകള്‍ നേടിയാണ് എല്‍.ഡി.എഫ്. അധികരത്തിലെത്തിയത്. ഇത്തവണയും വന്‍ ഭൂരിപക്ഷത്തോടെ മൂന്നാം ഇടത് സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'യുഡിഎഫും ചില മാധ്യമങ്ങളും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ തവണയും അവര്‍ ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ജനവിധി എല്‍ഡിഎഫിന് അനുകൂലമായിരുന്നു. ഇത്തവണയും അത് ആവര്‍ത്തിക്കും,' അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല. രാഷ്ട്രീയമായി ബിജെപി വനവാസത്തിലേക്ക് പോകുമെന്നും അദ്ദേഹം പരിഹസിച്ചു. തോറ്റാല്‍ വനവാസത്തിന് പോകുമെന്ന് പറയുന്ന വി.ഡി. സതീശന്‍ അത്തരം നിലപാടുകള്‍ ഒഴിവാക്കണമെന്നും, രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്ന് യുഡിഎഫ് നേതാവായി കേരളത്തില്‍ തന്നെ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം സതീശനോട് പൊറുക്കുമെന്നാണ് ഗോവിന്ദന്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് കണക്കുകളെ സംബന്ധിച്ച ചില സുപ്രധാന വസ്തുതകള്‍ അദ്ദേഹം വിശദീകരിച്ചു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമീകരണങ്ങള്‍ക്ക് ശേഷം 94 മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രം 47,647 വോട്ടര്‍മാരുടെ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 71 മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറഞ്ഞത് രാഷ്ട്രീയമായി വിശകലനം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 20,000-ത്തോളം പേര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ ജാതിയധിക്ഷേപത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവം അതീവ ഗൗരവതരമാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി കൃത്യമായി പരിശോധിക്കപ്പെടണം. എല്ലാ വശങ്ങളും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കഠിനമായ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Similar News