'നീ ആരാടീ? എന്നോട് ആവശ്യമില്ലാത്ത കാര്യം പറയാന്‍? നീ ഇനി ഈ പാര്‍ട്ടിയില്‍ ഉണ്ടാവില്ല; അടിച്ച് പണിക്കുറ്റം തീര്‍ക്കും'; ശോഭാ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ബിജെപി നേതാവ്; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

Update: 2026-04-11 10:48 GMT

ആലപ്പുഴ: പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാര്‍. പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്ന ശോഭയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ തന്നെ ഫോണിലൂടെ അസഭ്യം പറയുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബിന്ദു ആരോപിച്ചു. ഇതുസംബന്ധിച്ച ഫോണ്‍ റെക്കോര്‍ഡ് പുറത്തുവിടുകയും ചെയ്തു.

പാലക്കാട് പണവുമായി എത്തിയെന്ന് പറയുന്ന സിന്ധു എന്ന പെണ്‍കുട്ടി ഒരു സാധാരണ വീട്ടമ്മയല്ല. ഇവരാണ് പാലക്കാട്ട് പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ തടഞ്ഞത്. ഇവര്‍ ശബരിമല സമരകാലം മുതല്‍ ശോഭാ സുരേന്ദ്രന്റെ സന്തതസഹചാരിയും പിഎ ആയി കൂടെയുള്ള ആളുമാണെന്നും ബിന്ദു വെളിപ്പെടുത്തി. പാലക്കാട്ടെ പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് കലാശക്കൊട്ട് സമയത്ത് താന്‍ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനൊപ്പമായിരുന്നുവെന്നും ബിന്ദു വ്യക്തമാക്കി.

പാര്‍ട്ടിയില്‍ തനിക്കെതിരെ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശോഭാ സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്ന് ബിന്ദു ആരോപിക്കുന്നു. ആലപ്പുഴ ജില്ലയില്‍ ശോഭ സ്വന്തം പക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ നെടുംതൂണുകളായ വനിതാ പ്രവര്‍ത്തകരെയും യുവമോര്‍ച്ചാ നേതാക്കളെയും തഴയുകയാണെന്നും അവര്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റിനെ അറിയിക്കാതെ ശോഭാ സുരേന്ദ്രന്‍ ജില്ലയില്‍ പണപ്പിരിവ് നടത്തുന്നതിനെതിരെ നേരത്തെതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ശോഭയുടെ ഈ നിലപാടുകള്‍ക്കെതിരെ താന്‍ രാജീവ് ചന്ദ്രശേഖറിനും കേന്ദ്ര നേതാവ് നിതിന്‍ ഗഡ്കരിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തുച്ഛമായ വരുമാനം കാണിച്ചിരുന്ന ശോഭയ്ക്ക് ഇപ്പോള്‍ രണ്ട് കോടിക്കടുത്ത് ആസ്തി എങ്ങനെ വന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ അച്ചടക്കം പാലിച്ച് ക്ഷമയോടെ ഇരിക്കുകയായിരുന്നുവെന്നും എന്നാല്‍, തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ബിന്ദു വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ശോഭയ്‌ക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് താന്‍ പിന്‍വലിച്ചതെന്നും ബിന്ദു വ്യക്തമാക്കി.

നിശ്ശബ്ദ പ്രചാരണദിനമായ 8നു കണ്ണാടി തരുവക്കുറിശിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി വോട്ടര്‍ക്ക് 5,000 രൂപ നല്‍കിയെന്നു കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി വോട്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്‌ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. ശോഭയുടെ മൊഴിയും രേഖപ്പെടുത്തി. വിവാദം ബിജെപിക്ക് തിരിച്ചടിയായി. ഈ വിവാദത്തില്‍ ബിന്ദുവിനു പങ്കുണ്ടെന്നാണ് ശോഭ ആരോപിക്കുന്നത്.

നിങ്ങള്‍ ബിജെപി പ്രവര്‍ത്തക അല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടര്‍ക്ക് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്ന് ആരോപിക്കുന്ന ശോഭ, അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്നാണ് ഫോണ്‍ സന്ദേശത്തില്‍ പറയുന്നത്. വോട്ടര്‍ക്ക് പണം നല്‍കിയ സ്ത്രീ വന്നത് ആലപ്പുഴ റജിസ്‌ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നല്‍കുമെന്നും ശോഭ പറയുന്നുണ്ട്.

ശോഭാ സുരേന്ദ്രനെതിരെ ബിന്ദു പൊലീസില്‍ പരാതി നല്‍കി. കോള്‍ റെക്കോര്‍ഡ് അടക്കമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു പറഞ്ഞു. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചു. തന്നെയും ഭര്‍ത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയതെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍നിന്ന് മത്സരിച്ചിരുന്നു. അന്നു മുതല്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. പാര്‍ട്ടിയെ രണ്ട് ജില്ലകളായി തിരിച്ചതിന് പിന്നാലെ രൂപപ്പെട്ട ചേരിതിരിവുകളാണ് പുതിയ വിവാദങ്ങള്‍ക്ക് അടിസ്ഥാനമെന്നാണ് സൂചന.

Similar News