തന്ത്രപരമായ പിഴവോ അതോ ട്രംപിന്റെ വജ്രായുധമോ? നയതന്ത്ര വിദഗ്ധരെ മാറ്റിനിര്‍ത്തി ജെ ഡി വാന്‍സിനെ ഇറക്കിയതില്‍ പുകഞ്ഞ് അമേരിക്ക; ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ 'ഹൈ വോള്‍ട്ടേജ്' ചര്‍ച്ച; പരാജയപ്പെട്ടാല്‍ കാത്തിരിക്കുന്നത് വന്‍ വിനാശം! യുദ്ധമോ സമാധാനമോയെന്ന ആകാംക്ഷയില്‍ ലോകം

തന്ത്രപരമായ പിഴവോ അതോ ട്രംപിന്റെ വജ്രായുധമോ?

Update: 2026-04-11 07:31 GMT

ഇസ്ലാമാബാദ്: ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അമേരിക്ക-ഇറാന്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കുകയാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന ഏറ്റവും നിര്‍ണ്ണായകമായ നേരിട്ടുള്ള ചര്‍ച്ചയാണിത്. നിലവില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ തകരാതിരിക്കാനുള്ള അവസാന വട്ട ശ്രമമെന്ന നിലയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനുമായി ചര്‍ച്ച നടത്തുന്നത്.

ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും കുപ്രസിദ്ധനായ യുദ്ധതന്ത്രജ്ഞനുമായ മുഹമ്മദ് ബാഗര്‍ ഗാലിബാഫാണ് ഇറാന്റെ പക്ഷത്തുനിന്നും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ക്രൂരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച 'റൂഫ് ടോപ്പ് കില്ലര്‍' എന്നാണ് ഗാലിബാഫ് അറിയപ്പെടുന്നത്. വാന്‍സിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നര്‍ എന്നിവരും അമേരിക്കന്‍ സംഘത്തിലുണ്ട്. എന്നാല്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ അസാന്നിധ്യം ചര്‍ച്ചകളില്‍ പ്രകടമാണ്.

നയതന്ത്ര വിദഗ്ധര്‍ക്ക് പകരം വൈസ് പ്രസിഡന്റിനെ തന്നെ നേരിട്ട് ചര്‍ച്ചയ്ക്ക് അയക്കാനുള്ള ട്രംപിന്റെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഇതൊരു 'തന്ത്രപരമായ പിഴവാണെന്ന്' മുന്‍ യുഎന്‍ ഉപദേഷ്ടാവ് ജോനാഥന്‍ വക്ടെല്‍ ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് റാങ്കിലുള്ള ഒരാളെ ചര്‍ച്ചയ്ക്ക് നിയോഗിക്കുന്നതിലൂടെ ഇറാന്റെ ക്രൂര ഭരണകൂടത്തിന് അനാവശ്യമായ പ്രാധാന്യമാണ് അമേരിക്ക നല്‍കുന്നതെന്നാണ് വിമര്‍ശകരുടെ വാദം.

അതേസമയം, വാന്‍സിനെ അയക്കാന്‍ ഇറാന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. ഇത് വെറും പ്രൊപ്പഗണ്ട മാത്രമാണെന്നും പ്രസിഡന്റ് ട്രംപ് നേരിട്ടാണ് വാന്‍സിനെ ഈ ദൗത്യം ഏല്‍പ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇറാനിലെ പൗരന്മാരുടെ സുരക്ഷയും ആഗോള സമാധാനവും മുന്‍നിര്‍ത്തിയാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക നീക്കം. ആറ് ആഴ്ചകളായി നീണ്ടുനിന്ന വ്യോമാക്രമണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ നിലവില്‍ വന്ന 14 ദിവസത്തെ താല്ക്കാലിക സമാധാനം ഒരു സ്ഥിരമായ സമാധാന ഉടമ്പടിയായി മാറ്റുകയാണ് ഈ ചര്‍ച്ചയുടെ ലക്ഷ്യം.

സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. ഈ ഘട്ടത്തില്‍ വാന്‍സിന് തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളത്. അമേരിക്കന്‍ ജനതയുടെ ഇടയില്‍ വാന്‍സിന്റെ ജനപ്രീതി വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, ഒരു കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രാപ്തിയില്‍ 48 ശതമാനം പേര്‍ക്കും ഇപ്പോഴും സംശയമുണ്ട്. ഈ സമാധാന ദൗത്യത്തിന്റെ വിജയം വാന്‍സിന്റെ രാഷ്ട്രീയ ഭാവിയിലും നിര്‍ണ്ണായകമാകും. ഇറാന്‍ ആത്മാര്‍ത്ഥമായാണ് ചര്‍ച്ചയ്ക്ക് വരുന്നതെങ്കില്‍ സമാധാനം ഉറപ്പാണെന്നും, മറിച്ച് കളിക്കാനാണ് ഭാവമെങ്കില്‍ അമേരിക്കന്‍ സംഘം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും വാന്‍സ് വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ചര്‍ച്ചയിലെ പ്രധാന കടമ്പ. ഇറാന്‍ മുന്നോട്ടുവെച്ച 10 ഇന നിര്‍ദ്ദേശങ്ങള്‍ തള്ളിയ വൈറ്റ് ഹൗസ്, തങ്ങളുടെ 15 ഇന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആണവായുധ നിര്‍മ്മാണത്തിനുള്ള നീക്കങ്ങളില്‍ നിന്ന് ഇറാന്‍ പിന്മാറണമെന്ന കര്‍ക്കശമായ നിലപാടിലാണ് അമേരിക്ക. ഇറാന്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളും ചര്‍ച്ചയെ സങ്കീര്‍ണ്ണമാക്കുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറണമെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ അമേരിക്ക ഇടപെടരുതെന്നുമാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് വിട്ടുനല്‍കുന്നത് ആഗോള ദുരന്തത്തിന് വഴിവെക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്ലാമാബാദിലെ തെരുവുകളില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ ചര്‍ച്ചയില്‍ മധ്യസ്ഥന്റെ റോളിലാണ്. സമാധാന കരാറില്‍ ഒരു തീരുമാനമായില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുകയും യുദ്ധം പുനരാരംഭിക്കുകയും ചെയ്യും എന്ന കാര്യം ഉറപ്പാണ്.

ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ 'ഒരു നാഗരികത തന്നെ ഇല്ലാതാകുന്ന' തരത്തിലുള്ള വലിയ പോരാട്ടം ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ നടത്തിയ 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തില്‍ ഇറാന്റെ സുപ്രീം ലീഡര്‍ അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയില്‍ അശാന്തിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Tags:    

Similar News