എം കെ മുനീറിന് സീറ്റില്ല; കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവും കൊടുവള്ളിയില്‍ പി കെ ഫിറോസും മത്സരിക്കും; കെ എം ഷാജി വേങ്ങരയില്‍; പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; പട്ടികയില്‍ രണ്ട് വനിത സ്ഥാനാര്‍ത്ഥികള്‍? മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍

Update: 2026-03-17 10:41 GMT

കോഴിക്കോട്: യുഡിഎഫില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. മുസ്ലിം ലീഗ് നേതാവ് എം. കെ. മുനീറിന് സീറ്റില്ല. കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവും കൊടുവള്ളിയില്‍ പി കെ ഫിറോസും മത്സരിക്കുമെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങളുള്ള മുനീറിന് ഇത്തവണ സീറ്റ് നല്‍കരുതെന്നും, മുനീര്‍ ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനില്‍ക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചിരുന്നു. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു.

പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ ലീഗ് പ്രവര്‍ത്തകരാണ് സൈബര്‍ പ്രചാരണത്തിന് പിന്നിലെന്നാണ് മുനീര്‍ അനുകൂലികള്‍ ആരോപിച്ചത്. മുനീറിനെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അവര്‍ കരുതുന്നു. മുനീറിന്റെ ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് 'സീറ്റ് നല്‍കരുത്' എന്ന പ്രചാരണം നടന്നത്. പാര്‍ട്ടിയുടെ യുവജന വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന വാദവും ഇവര്‍ ഇതിനോടൊപ്പം ഉയര്‍ത്തുന്നുണ്ട്. അതേസമയം, മുനീറിനെ അനുനയിപ്പിച്ച് മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാന്‍ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചനകളുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായ മുനീര്‍ മത്സരിച്ചില്ലെങ്കില്‍ അത് മലബാര്‍ മേഖലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് മറു വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേ സമയം പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്ത് പോരാട്ടത്തിന് ഇറങ്ങും. കെ എം ഷാജിയെ വേങ്ങരയില്‍ മത്സരിക്കുമെന്നാണ് സൂചന. കാസര്‍കോട്ടെ പ്രാദേശിക എതിര്‍പ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയില്‍ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്. ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിലും ജയന്തി രാജന്‍ കുത്തുപ്പറമ്പിലും റഹ്‌മത്തുള്ള മഞ്ചേരിയിലും ജനവിധി തേടുമെന്നാണ് വിവരം.

അതേ സമയം തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. തിരുവമ്പാടിയില്‍ ലീഗ് തന്നെ മത്സരിക്കുമെന്ന് പി.എം.എ സലാം പറഞ്ഞു. തിരുവമ്പാടിക്ക് പകരമായി തവനൂര്‍ സീറ്റ് നല്‍കാമെന്ന് ഇന്നലെ കോണ്‍ഗ്രസ് അറിയിച്ചെങ്കിലും പിന്നിട് തീരുമാനം മാറ്റി. അതോടെ തിരുവമ്പാടി വെച്ചുമാറേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രണ്ട് പാര്‍ട്ടികളും എത്തുകയായിരുന്നു. തിരുവമ്പാടിയില്‍ സി.കെ കാസിമിന്റെ പേരിനാണ് മുന്‍ഗണന.

Similar News