'സാദിഖലി ശിഹാബ് തങ്ങളെ ഉള്‍പ്പെടെ അവഹേളിച്ചവരാണ് ഫാത്തിമ തഹ്ലിയ; എന്തും പറയാമെന്നതാണോ സ്ഥാനാര്‍ഥികളുടെ യോഗ്യത; ജയന്തി രാജന്‍ സ്ഥാനാര്‍ഥിയായായത് എന്തിന്റെ അടിസ്ഥാനത്തില്‍; എന്തിനാണ് വനിതാ ലീഗ് എന്ന ചോദ്യം ബാക്കിയാകുന്നു'; മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തുറന്നടിച്ച് നൂര്‍ബിന റഷീദ്

Update: 2026-03-17 14:47 GMT

കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വനിതാ സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. ഫാത്തിമ തഹ്‌ലിയയെയും ജയന്തിരാജനെയും സ്ഥാനാര്‍ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂര്‍ബിന ചോദിച്ചു. വനിതാ ലീഗിന് അര്‍ഹമായ സീറ്റ് നല്‍കിയില്ല എന്നും ജയന്തിരാജന്‍ സ്ഥാനാര്‍ഥിയായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അവര്‍ ചോദിച്ചു.

'സാദിഖലി ശിഹാബ് തങ്ങളെ ഉള്‍പ്പെടെ അവഹേളിച്ചവരാണ് ഫാത്തിമ തഹ്ലിയ. അവരെ സ്ഥാനാര്‍ഥി ആക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.തങ്ങള്‍ സ്വമനസാലെയാണ് ഫാത്തിമ തെഹ്ലിയയെ പ്രഖ്യാപിച്ചതെന്ന് തോന്നുന്നില്ല. ജനമധ്യത്തിലാണ് തങ്ങള്‍ക്കെതിരെ സംസാരിച്ചത്. എന്തും പറയാവുന്നതാണ് യോഗ്യതയെന്ന് പുതിയ തലമുറ ചിന്തിച്ചേക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ വന്ന രണ്ടു വനിതകളിലൊന്ന് യൂത്ത് ലീഗിന്റെ മുഖവും മറ്റൊന്ന് മുസ്‌ലിം ലീഗിന്റെ ദേശീയ അസി.സെക്രട്ടറിയുമാണ്. രണ്ടുപേരും എങ്ങനെയാണ് പാര്‍ട്ടിക്ക് പ്രവര്‍ത്തിച്ചത് എന്നറിയില്ല. എന്റെ കൂടെ മത്സരിച്ച് തോറ്റ എല്ലാ പുരുഷന്മാര്‍ക്കും ഇത്തവണയും അവസരം നല്‍കിയിട്ടുണ്ട്. വിമര്‍ശിക്കുന്നതും, എന്തും പറയാമെന്നതുമാണ് സ്ഥാനാര്‍ഥികളുടെ യോഗ്യത. വളരെ അടുക്കും ചിട്ടയോടും പ്രവര്‍ത്തിച്ചുവരികയാണ് വനിതാ ലീഗ്. വിദ്യാസമ്പന്നരും പ്രവര്‍ത്തന പരിചയമുള്ള നിരവധി പേര്‍ വനിതാ ലീഗിലുണ്ട്. വനിതാ ലീഗിന് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്നും ജയന്തി രാജന്‍ സ്ഥാനാര്‍ഥിയായായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല.എന്തിനാണ് വനിതാ ലീഗ് എന്ന ചോദ്യം ബാക്കിയാകുന്നെന്നും നൂര്‍ബിന പറഞ്ഞു.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ രണ്ട് വനിതാ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തഹലിയയുമാണ് മത്സരിക്കുന്നത്. ഇന്ന് വൈകിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പാണക്കാട് വെച്ച് സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചത്. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബു മത്സരിക്കും.തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ഥി പട്ടികയാണ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതെന്ന് മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ എം.കെ. മുനീര്‍ പ്രതികരിച്ചു. യുവാക്കളുടെ ഒരു നീണ്ട നിര തന്നെ ഈ പട്ടികയില്‍ ഉണ്ട്. പരിചയസമ്പന്നന്‍ എന്നുള്ള നിലയില്‍ അതിനെ നയിക്കുന്നത് പികെ കുഞ്ഞാലിക്കുട്ടി സാഹിബാണ്. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളുകള്‍, കഴിഞ്ഞ നിയമസഭയില്‍ നന്നായി പെര്‍ഫോം ചെയ്ത ആളുകള്‍ എല്ലാവരും ഉള്‍ക്കൊള്ളുന്ന നല്ല ലിസ്റ്റ് ആണ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത് -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'മത്സരിക്കുമെന്നും മത്സരിക്കില്ല എന്നും പറഞ്ഞ് വാര്‍ത്തകള്‍ വന്നപ്പോഴൊക്കെ അത് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അവകാശം പാര്‍ട്ടിക്കുള്ളതാണ് എന്നാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. മത്സരിക്കാനും മത്സരിക്കാതിരിക്കാനും പാര്‍ട്ടിക്ക് പറയാം. എന്തായാലും അത് സ്വീകരിക്കാന്‍ ബാധ്യസ്ഥനായ ഒരാളാണ് ഞാന്‍ എന്ന് അന്നേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയത്തിന് വിവിധ തുറകളുണ്ട്. അതില്‍ ഒന്നു മാത്രമാണ് പാര്‍ലമെന്ററി രാഷ്ട്രീയം. ഏകദേശം 30 വര്‍ഷമായി ഞാന്‍ നിയമസഭയ്ക്കകത്തുണ്ട്. രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. പാര്‍ട്ടി എനിക്ക് തന്ന അംഗീകാരമാണത്. അതിന് ഞാന്‍ വളരെ നന്ദിയുള്ളവനാണ്' -അദ്ദേഹം പറഞ്ഞു.

Similar News