ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം: പാര്‍ട്ടിയിലെ എതിര്‍പ്പ് പരസ്യമായി സമ്മതിച്ച് എം.വി ഗോവിന്ദന്‍; ഭാര്യക്ക് സീറ്റ് നല്‍കിയത് ബന്ധുത്വം നോക്കിയല്ല! ശൈലജയെ ഒതുക്കേണ്ട കാര്യം സിപിഎമ്മിനില്ല; ടി.കെ ഗോവിന്ദന്റേത് സ്ത്രീവിരുദ്ധത; ഹാപ്പിനസ് ഫെസ്റ്റിവലില്‍ പത്തുപൈസയുടെ വെട്ടിപ്പ് നടത്തിയിട്ടില്ല; ആഞ്ഞടിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍
പാര്‍ട്ടിയിലെ എതിര്‍പ്പ് പരസ്യമായി സമ്മതിച്ച് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളില്‍ എതിര്‍പ്പുണ്ടായെന്ന് സമ്മതിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അതേസമയം, നേതാവിന്റെ പങ്കാളിയായത് സ്ഥാനാര്‍ഥി ആകാനുള്ള യോഗ്യതയോ അയോഗ്യതയോ അല്ലെന്നും കെ.കെ. ശൈലജയെ ഒതുക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിവിഷന്‍ ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.
'ഒരു നേതാവിന്റെ പങ്കാളിയായി എന്നത് സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യതയോ അയോഗ്യതയോ അല്ല. വിവാഹത്തിന് മുന്‍പേ അവര്‍ പാര്‍ട്ടി കേഡറായിരുന്നു. എല്ലാ സ്ഥാനാര്‍ത്ഥികളെയും നിശ്ചയിച്ചത് ഒരേ മാനദണ്ഡപ്രകാരമാണ്. ബന്ധുത്വം നോക്കിയല്ല പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.' - എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ശ്യാമളയ്ക്ക് എതിരെ എതിര്‍പ്പുണ്ടായി
ജില്ലാ കമ്മിറ്റിയില്‍ ശ്യാമളയ്ക്ക് എതിരെ എതിര്‍പ്പുണ്ടായിരുന്നതായി എം.വി. ഗോവിന്ദന്‍ സ്ഥിരീകരിച്ചു. എന്നാല്‍, ശ്യാമളയുടെ പേര് വന്നത് കണ്ണൂര്‍ സെക്രട്ടേറിയറ്റില്‍ നിന്നാണെന്നും ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത് ടി.കെ. ഗോവിന്ദന്റെ അധ്യക്ഷതയിലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലെ ഭൂരിപക്ഷ എതിര്‍പ്പിനെ അവഗണിച്ചാണ് ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് എന്ന് മുന്‍പ് ടി.കെ. ഗോവിന്ദന്‍ ആരോപിച്ചിരുന്നു. ഈ ആരോപണം തള്ളിയ എം.വി. ഗോവിന്ദന്‍, എല്ലാ സ്ഥാനാര്‍ഥികളെയും ഒരേ മാനദണ്ഡപ്രകാരമാണ് തീരുമാനിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
ടി കെ ഗോവിന്ദന്റെ ആരോപണങ്ങള്‍ സ്ത്രീവിരുദ്ധം
ടി.കെ. ഗോവിന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്ത്രീവിരുദ്ധവും അവസരവാദപരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ നിന്ന് കൂറുമാറുന്നവര്‍ക്ക് പഴയ പിന്തുണ ലഭിക്കില്ലെന്നും അവസരവാദികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പി.കെ. ശ്യാമളയുടെ പേര് എതിര്‍ത്തെന്ന ടി.കെ. ഗോവിന്ദന്റെ വാദം തെറ്റിദ്ധാരണ പരത്തുന്നതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കുന്ന വിശദീകരണം ശരിയല്ലാത്തതുമാണെന്ന് അദ്ദേഹം ആരോപിച്ചു. 'ഞാന്‍ അംഗീകരിച്ചതുകൊണ്ടോ എതിര്‍ത്തതുകൊണ്ടോ സ്ഥാനാര്‍ഥി വരുമോ? കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നാണ് പ്രൊപ്പോസല്‍ വന്നത്. അത് തന്നെയാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തത്. ഈ പ്രക്രിയയിലൂടെയാണ് മുഴുവന്‍ സ്ഥാനാര്‍ഥി നിര്‍ണയവും നടത്തിയത്,' എം.വി. ഗോവിന്ദന്‍ വിശദീകരിച്ചു.
കെ കെ ശൈലജയെ ഒതുക്കിയെന്ന് ആരുപറഞ്ഞു?
കെ.കെ. ശൈലജയെ ഒതുക്കിയെന്ന ആരോപണത്തിനും എം.വി. ഗോവിന്ദന്‍ മറുപടി നല്‍കി. കെ.പി.സി.സി അധ്യക്ഷന്റെ മണ്ഡലത്തില്‍ അതിശക്തമായ പോരാട്ടത്തിലൂടെ വിജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സി.പി.ഐ.എമ്മിന് ആരെയും ഒതുക്കേണ്ട ആവശ്യമില്ലെന്നും പേരാവൂര്‍ പിടിച്ചെടുക്കേണ്ട മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂര്‍ പോലെയല്ല പേരാവൂര്‍ എന്നും, ഇരിക്കൂര്‍ പിടിച്ചെടുക്കാന്‍ കുറച്ചുകൂടി ബലത്തിന്റെ ആവശ്യമുണ്ടെന്നും എം.വി. വ്യേക്തമാക്കി.
വികസനവും ഹാപ്പിനസ് ഫെസ്റ്റിവലും
തളിപ്പറമ്പ് മണ്ഡലത്തില്‍ നടപ്പാക്കിയ 2000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി.500-ലേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. അഴിമതിരഹിതമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഹാപ്പിനസ് ഫെസ്റ്റിവല്‍ തികച്ചും സുതാര്യമായാണ് നടത്തിയത്. അതിന്റെ കണക്കുകള്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്നും തന്റെ പേരില്‍ പത്ത് പൈസയുടെ വൗച്ചര്‍ പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫും ബി.ജെപിയും
യു.ഡി.എഫ് വോട്ട് കുറയുമ്പോഴാണ് ബി.ജെ.പി ജയിക്കുന്നത്. കോണ്‍ഗ്രസ് വോട്ട് ചെയ്തില്ലെങ്കില്‍ കേരളത്തില്‍ ഒരിടത്തും ബി.ജെ.പി ജയിക്കില്ല.
മുഖ്യമന്ത്രി പദം
ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് ഉറപ്പാണ്. പിണറായി വിജയന്‍ തന്നെയാണ് സ്റ്റാര്‍ ക്യാമ്പെയ്‌നര്‍. പി.ബിയില്‍ നിന്ന് മത്സരിക്കുന്ന ഏക നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
