ചാഞ്ചാടി നില്‍ക്കുന്ന 10 ശതമാനം നിഷ്പക്ഷ വോട്ടുകള്‍ കൂടി അനുകൂലമാക്കണം; 30 മണ്ഡലങ്ങളില്‍ 'വിജയിക്കണം'; വികസനത്തിനൊപ്പം ശബരിമലയും സജീവ ചര്‍ച്ചയാക്കും; തൃശൂരും തിരുവനന്തപുരത്തും സര്‍വ്വ സന്നാഹം; ഗ്രൂപ്പിസം വേണ്ടെന്ന് മുന്നറിയിപ്പ്; നിയമസഭയ്ക്കായി ബിജെപി തന്ത്രങ്ങള്‍ റെഡി
കൊച്ചി: കേരളത്തില്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന ഇടത് മുന്നണിയെയും തിരിച്ചുവരവിനൊരുങ്ങുന്ന യുഡിഎഫിനെയും ഞെട്ടിക്കാന്‍ വമ്പന്‍ പ്ലാനുമായി ബിജെപി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളില്‍ എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊച്ചിയില്‍ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് അന്തിമ രൂപമായത്.
തിരുവനന്തപുരത്തെ നാല് നിര്‍ണ്ണായക മണ്ഡലങ്ങളിലും തൃശൂര്‍ ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലും കേന്ദ്ര നേതൃത്വം നേരിട്ടാകും മേല്‍നോട്ടം വഹിക്കുക. ഗ്രൂപ്പിസം പാടില്ലെന്നും ഒറ്റക്കെട്ടായി നീങ്ങണമെന്നും യോഗത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തിറക്കാനാണ് നീക്കം. പരിചയസമ്പന്നരും ജനകീയരുമായ മുഖങ്ങളെയാകും ബിജെപി ഇത്തവണ രംഗത്തിറക്കുക. ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രചാരണത്തില്‍ വലിയ മുന്‍തൂക്കം ലഭിക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശബരിമല സ്വര്‍ണ്ണക്കൊള്ളയും പ്രധാന പ്രചാരണ വിഷയമാക്കും. കേരളത്തെ തകര്‍ത്ത എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികളുടെ അഴിമതിയും പ്രീണനവും താഴെത്തട്ടില്‍ തുറന്നുകാട്ടാന്‍ നിതിന്‍ നവീന്‍ ആവശ്യപ്പെട്ടു. ശബരിമലയെ തകര്‍ക്കാന്‍ ഇരുമുന്നണികളും കൈകോര്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എന്‍ഡിഎ ഘടകകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സാബു ജേക്കബ് എന്നിവരും പങ്കെടുത്തു. അടുത്ത 90 ദിവസം താഴെത്തട്ടില്‍ സജീവമാകാനാണ് പ്രഭാരിമാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
വോട്ടര്‍മാര്‍ക്കിടയില്‍ ചാഞ്ചാടി നില്‍ക്കുന്ന 10 ശതമാനം നിഷ്പക്ഷ വോട്ടുകള്‍ കൂടി അനുകൂലമാക്കാന്‍ കഴിഞ്ഞാല്‍ ഇത്തവണ കേരളത്തില്‍ നിയമസഭാ പ്രവേശനം എളുപ്പമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.