'പറയുന്നത് ശ്രദ്ധിക്കാന്‍ പാടില്ലെന്ന മട്ടാണോ നിങ്ങള്‍ക്ക്; അതാണോ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുന്നത്'? പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയതില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി

Update: 2026-02-16 15:48 GMT

കോട്ടയം: അധ്യാപക സംഘടനയായ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലെ ചെണ്ട കൊട്ടില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന പ്രസംഗത്തിനിടെ പ്രകടനത്തിന്റെ ഭാഗമായി എത്തിയ ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. കോട്ടയം തിരുനക്കര മൈതാനിയില്‍ ആയിരുന്നു സമ്മേളനം. നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള ചെണ്ട കൊട്ടാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി നമ്മുടെ നാടിന്റെ അവസ്ഥയെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും മൈക്കിലൂടെ പറഞ്ഞു. പറയുന്നത് ശ്രദ്ധിക്കാന്‍ പാടില്ലെന്ന മട്ടില്‍ നിങ്ങളുടെ കൂട്ടത്തിലുള്ള ആള്‍ക്കാര്‍ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹികള്‍ ഇടപെട്ട് ചെണ്ട കൊട്ടുന്നത് ഉടന്‍തന്നെ നിര്‍ത്തി. ചെണ്ട നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു.

പ്രസംഗത്തിനിടെ ചെണ്ടമേളം ഉയര്‍ന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ചെണ്ടകൊട്ടിയവര്‍ക്കെതിരെ മുഖ്യമന്ത്രി പ്രസംഗത്തിനിടയില്‍ രോഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 'നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇത്? പറയുന്നത് ശ്രദ്ധിക്കാന്‍ പാടില്ലെന്ന മട്ടില്‍ നിങ്ങളുടെ കൂട്ടത്തിലുള്ള ആള്‍ക്കാര്‍ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോ' - എന്നായിരുന്നു പിണറായി മൈക്കിലൂടെ പരസ്യമായി ചോദിച്ചത്. വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെക്കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോള്‍ ഇത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗൗരവതരമായ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ തടസ്സമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കര്‍ശനായി പറയുകയും ചെയ്തു.

അതേസമയം ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിക്കുകയും ചെയ്തു. പുസ്തകം നേരത്തെ അച്ചടിച്ചിറക്കുന്നത് തുഗ്ലക്ക് പരിഷ്‌കാരമെന്ന ചെന്നിത്തലയുടെ പ്രസ്താവനക്കാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനമേറ്റത്. പുസ്തകം നേരത്തെ അച്ചടിച്ചിറക്കിയതിനെ വിമര്‍ശിച്ച മഹാന്റെ മന്ത്രിസഭയുടെ കാലത്ത് പാഠപുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കിയ കാര്യം ഓര്‍ക്കണമെന്നായിരുന്നു പിണറായിയുടെ പരിഹാസം. ഗാന്ധിവധം കുട്ടികള്‍ പഠിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗാന്ധി വന്ധം കുട്ടികളില്‍ നിന്നും മറച്ചു വയ്ക്കുകയാണ്. ഗാന്ധിയെ വധിച്ചവരെ വീരപുരുഷന്‍മാരായി ചിത്രീകരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Similar News