കിഫ്ബി മസാല ബോണ്ട് ഇഡി നോട്ടീസ് രാഷ്ട്രീയ കലണ്ടര്‍ അനുസരിച്ച്; തെരഞ്ഞെടുപ്പിന് മുമ്പ് ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് കരുതിക്കാണും; പരിഹസിച്ച് മന്ത്രി പി. രാജീവ്
തെരഞ്ഞെടുപ്പിന് മുമ്പ് ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് കരുതിക്കാണും; പരിഹസിച്ച് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിലെ നോട്ടീസില്‍ ഇഡിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പി.രാജീവ്. രാഷ്ട്രീയ കലണ്ടര്‍ അനുസരിച്ചാണ് ഇഡി ഈ നോട്ടീസ് അയക്കുന്നതെന്ന് മന്ത്രി പരിഹസിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങിയെന്നും പി. രാജീവ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് കരുതിക്കാണും. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം നോട്ടീസുമായി ഇറങ്ങലാണ് ഇപ്പോള്‍ ഇഡിയുടെ പ്രധാന പണിയെന്നും പി. രാജീവ് പരിഹസിച്ചു. പശ്ചാത്തല സൗകര്യം വികസനത്തിന് പണം ഉപയോഗിച്ചതിനാണ് ഇഡി നോട്ടീസ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹൈവേ വികസനത്തിലും ആശുപത്രികളും സ്‌കൂളുകളും പാലങ്ങളും നിര്‍മിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ല എന്നാണ് ഇഡി പറയുന്നതെന്നും രാജീവ് പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ 988 കോടിയുടെ ഇഡി നോട്ടീസ് എന്ത് ഡീല്‍ ആയിരിക്കുമെന്നും രാജീവ് ചോദിച്ചു. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ ഇന്ന് വന്നിട്ടുള്ള പ്രധാനപ്പെട്ട കേസ് ആണിതെന്നും ബിജെപി ഡീല്‍ ആണോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.
700 കോടിയില്‍ അധികം സ്വത്തുക്കള്‍ പിടിച്ചെടുക്കാനും തീരുമാനമുണ്ട്. അത് എന്ത് ഡീലിന്റെ അടിസ്ഥാനത്തില്‍ ആണെന്നു കൂടി വ്യക്തമാക്കണം. പ്രതിപക്ഷം പറയുന്നത് അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസിന്റെ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും ഇഡി കേസിനു പിന്നാലെ ബിജെപിയിലേക്ക് പോകുന്നു. അത് കോണ്‍ഗ്രസിന്റെ ശീലമാണെന്നും പി. രാജീവ് പറഞ്ഞു.
ഇഡി അയച്ച നോട്ടീസിനെതിരെ തോമസ് ഐസക് കോടതിയില്‍ പോയി. എന്നാല്‍ ഇഡി കോടതിയില്‍ ഹാജരായില്ല. എന്തിന് ചോദ്യം ചെയ്യണം എന്ന് കോടതിയുടെ ചോദ്യത്തിന് ഇഡി മറുപടി നല്‍കിയില്ല. കോടതിയെ അവഗണിച്ചുകൊണ്ട് തിടുക്കത്തില്‍ നോട്ടീസ് അയക്കുന്നതിന്റെ ഉദേശ്യം വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
സ്ഥലം വാങ്ങിയത് കിഫ്ബി പദ്ധതികള്‍ക്ക് വേണ്ടിയാണ്. ദേശീയപാത അതോറിറ്റി മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. എന്നാല്‍ അത് ചട്ടപ്രകാരമാണ്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സര്‍ക്കാര്‍ മുടക്കുമ്പോള്‍ ചട്ട ലംഘനമായി മാറുന്നു. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാത്ത മട്ടില്‍ ആണ് പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങള്‍ എന്നും രാജീവ് വിമര്‍ശിച്ചു.
