മുല്ലപ്പെരിയാറില്‍ കേരളത്തിനെതിരെ കേരളത്തില്‍ നിന്നും നേതാക്കള്‍ വേണമെന്നത് തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദീര്‍ഘകാല ആഗ്രഹം; പിണറായിയെ പിണക്കി അന്‍വറിന് സ്റ്റാലിന്‍ കൈ കൊടുക്കുമോ? തമിഴ്‌നാട്ടിലെ മുസ്ലീം ലീഗിനേയും അന്‍വറിന് വേണം; നിലമ്പൂരില്‍ 'ചെന്നൈ' ചര്‍ച്ചയും

അന്‍വര്‍ ചെന്നൈയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

Update: 2024-10-06 01:09 GMT

മുല്ലപ്പെരിയാറില്‍ കേരളത്തിനെതിരെ കേരളത്തില്‍ നിന്നും നേതാക്കള്‍ വേണമെന്നത് തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദീര്‍ഘകാല ആഗ്രഹം; പിണറായിയെ പിണക്കി അന്‍വറിന് സ്റ്റാലിന്‍ കൈ കൊടുക്കുമോ? തമിഴ്‌നാട്ടിലെ മുസ്ലീം ലീഗിനേയും അന്‍വറിന് വേണം; നിലമ്പൂരില്‍ 'ചെന്നൈ' ചര്‍ച്ചയും

മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ഡി.എം.കെ സഹകരണത്തിന് വെല്ലുവിളികള്‍ ഏറെ. ഇതിനിടെ പലതരം അഭ്യൂഹങ്ങളാണ് നിലമ്പൂരില്‍ അന്‍വര്‍ ഉയര്‍ത്തുന്നത്. തമിഴ്‌നാട് മുസ്ലിം ലീഗിന്റെ ചില നേതാക്കളുമായും അന്‍വര്‍ ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സഖ്യകക്ഷിയാണ് മുസ്ലീം ലീഗ്. മഞ്ചേരിയിലെ അന്‍വറിന്റെ യോഗത്തില്‍ ചെന്നൈയില്‍ നിന്നും ആരെല്ലാം എത്തുമെന്നതാണ് നിര്‍ണ്ണായകം.

സി.പി.എമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെയുമായി സഹകരിക്കാനുള്ള അന്‍വറിന്റെ നീക്കം ചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല കേരളത്തില്‍ വേരുറപ്പിക്കാനുള്ള ഡി.എം.കെ. ശ്രമങ്ങളും ഇതില്‍ നിറയുന്നുണ്ട്. മുല്ലപ്പെരിയാറിലും മറ്റും തമിഴ്‌നാട് എടുക്കുന്ന കേരള വിരുദ്ധ നിലപാടുകള്‍ക്ക് കേരളത്തില്‍ തന്നെ പിന്തുണയ്ക്കാന്‍ ആളെ ഉണ്ടാക്കിയെടുക്കുകയെന്നത് തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ്. അതിന് വേണ്ടിയാണ് ഡിഎംകെ അന്‍വറുമായി ചര്‍ച്ച നടത്തുന്നത്. എന്നാല്‍ പിണറായി വിജയനെ പിണക്കി അന്‍വറിന് കൈ കൊടുക്കാന്‍ സ്റ്റാലിന്‍ തയ്യാറാകുമോ എന്നതാണ് ഇനി നിര്‍ണ്ണായകം.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട 1886ലെ പാട്ടക്കരാറിന് ഇപ്പോഴും നിയമസാധുതയുണ്ടോ എന്നത് ഉള്‍പ്പടെയുള്ള നിയമപ്രശ്നങ്ങള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി നവംബറിലേക്ക് മാറ്റിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കേരളത്തിനും തമിഴ്നാടിനും ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് നാലാഴ്ച സാവകാശം അനുവദിച്ചു. കേരളം തിങ്കളാഴ്ച ചില പ്രധാനപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചു. അധികരേഖകള്‍ വരുംദിവസങ്ങളില്‍ സമര്‍പ്പിക്കുമെന്നും അറിയിച്ചു. തങ്ങളുടെ പാട്ടഭൂമിയായ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് കേരളം പാര്‍ക്കിങ്ഗ്രൗണ്ട് നിര്‍മിക്കുന്നത് ചോദ്യംചെയ്ത് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് 1886ലെ പാട്ടക്കരാറിന്റെ നിയമസാധുത ഉള്‍പ്പടെയുള്ള നിയമപ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചത്. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് തമിഴ്‌നാട്ടിലെ ഭരണ പാര്‍ട്ടിയുമായി അന്‍വര്‍ അടുക്കാന്‍ ശ്രമിക്കുന്നത്.

ഡിഎംകെ നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി എന്നും പ്രചരണമുണ്ട്. തമിഴ്‌നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടു. മുസ്ലിം ലീഗിന്റെ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് വിവരം. കൂടിക്കാഴ്ചയില്‍ ഡിഎംകെയുടെ രാജ്യസഭാംഗം എംപി എം.എം.അബ്ദുല്ലയും പങ്കെടുത്തു. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കെ.എ.എം.മുഹമ്മദ് അബൂബക്കര്‍ തയാറായില്ല. മഞ്ചേരി യോഗത്തില്‍ ആരെല്ലാം പങ്കെടുക്കുമെന്നതും നിര്‍ണ്ണായകമാണ്. ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചാ വാര്‍ത്തയെ കേരളത്തിലെ ലീഗ് നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്.

അന്‍വര്‍ ചെന്നൈയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അന്‍വറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് പി.വി. അന്‍വര്‍ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ സ്വതന്ത്രനായി ജയിച്ച എംഎല്‍എ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യതാ ഭീഷണി വരും. അതുകൊണ്ട് തന്നെ പുതിയ പാര്‍ട്ടിയുടെ ഭാഗമാകാന്‍ അന്‍വറിന് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. ഞായറാഴ്ച വൈകിട്ട് വിളിച്ചുചേര്‍ത്തിരിക്കുന്ന പൊതുയോ?ഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News