വന്ദേഭാരതിനെ സ്വീകരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെത്തി; ചടങ്ങ് ബഹിഷ്‌കരിച്ച് ബിജെപി നേതാക്കള്‍; ഇറങ്ങിപ്പോയത് പ്രശാന്ത് ശിവനും സി. കൃഷ്ണകുമാറും
ചടങ്ങ് ബഹിഷ്‌കരിച്ച് ബിജെപി നേതാക്കള്‍
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്ത വന്ദേഭാരത് സ്വീകരണ പരിപാടി ബഹിഷ്‌കരിച്ച് ബി.ജെ.പി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സി. കൃഷ്ണകുമാറും ബി.ജെ.പി പ്രവര്‍ത്തകരുമാണ് ചടങ്ങില്‍ രാഹുല്‍ എത്തിയത് കണ്ട് ബഹിഷ്‌ക്കരിച്ചത്. ഇന്ന് രാവിലെയാണ് കേരളത്തിലെ മൂന്നാമത്ത വന്ദേഭാരത് എറണാകുളം -ബംഗളൂരു സര്‍വീസിന് തുടക്കമായത്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതരാണ് പാലക്കാട് സ്റ്റേഷനില്‍ എത്തുന്ന വന്ദേഭാരതിന് സ്വീകരണം ഒരുക്കിയത്.
സ്ഥലം എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലും സഹപ്രവര്‍ത്തകരും പരിപാടിയിലേക്ക് എത്തിയതോടെ പ്രശാന്ത് ശിവന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ ഇറങ്ങി പോവുകയായിരുന്നു. അതേസമയം, ലൈംഗികാരോപണം ഉയര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കൊപ്പം മന്ത്രിമാരായ വി. ശിവന്‍കുട്ടിയും എം.ബി. രാജേഷും ഇന്നലെ വേദി പങ്കിട്ടിരുന്നു. സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിമാര്‍ക്കൊപ്പം രാഹുലും വേദിയിലെത്തിയത്. എം.ബി. രാജേഷ് അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് രാഹുല്‍ എത്തിയത്.
രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ മിനി കൃഷ്ണകുമാര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. രാഹുലിനെ സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.