'മന്ത്രിക്ക് അവിടെ എന്ത് പണിയാണ്? ഞങ്ങളെ എന്തിന് മെനക്കെടുത്തി? സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മണി ആശാന്‍; ഉദ്ഘാടനത്തിന് വരാത്ത മന്ത്രിയെ 'വിറപ്പിച്ച് ശകാരം; 'എന്നെ ഇനി ഇത്തരം പരിപാടിക്ക് വിളിക്കരുതെന്നും' ചൂടായി എം എം മണി

സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മണി ആശാന്‍

Update: 2026-03-12 13:51 GMT

ഇടുക്കി: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം.എം. മണി. ഇടുക്കിയിലെ ചെങ്കുളം മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു മണിയുടെ രോഷപ്രകടനം. 'ഒരുമാതിരി പണി മന്ത്രിയാണെങ്കിലും കാണിക്കരുത്,' എന്ന് അദ്ദേഹം തുറന്നടിച്ചു.

ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി സജി ചെറിയാന്‍ പരിപാടിക്ക് നേരിട്ടെത്താതെ ഓണ്‍ലൈനായി പങ്കെടുത്തതാണ് എം.എം. മണിയെ പ്രകോപിപ്പിച്ചത്. താന്‍ വേദിയില്‍ സന്നിഹിതനായിരിക്കെ മന്ത്രിയുടെ ഈ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് മണി സംസാരിച്ചത്. 'ഞങ്ങളെയൊക്കെ എന്തിന് മെനക്കെടുത്തി?' എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

മന്ത്രിയുടെ ഓണ്‍ലൈന്‍ പങ്കാളിത്തം അറിഞ്ഞതോടെ മണിയുടെ പ്രതികരണം കൂടുതല്‍ രൂക്ഷമായി. 'അവിടെയൊക്കെ പിന്നെ എന്ത് ജോലിയാണ്?' എന്ന് ചോദിച്ച അദ്ദേഹം, താന്‍ പറഞ്ഞ കാര്യങ്ങള്‍ മന്ത്രിയെ അറിയിക്കാന്‍ വേദിയിലുണ്ടായിരുന്നവരോട് ആവശ്യപ്പെടുകയും ചെയ്തു. മേലില്‍ ഇത്തരം ചടങ്ങുകളിലേക്ക് തന്നെ ക്ഷണിക്കരുതെന്നും എം.എം. മണി താക്കീത് നല്‍കി.

താന്‍ തന്റെ ശൈലിയില്‍ സംസാരിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വരുമെന്നും, ഈ സദസ്സിന്റെ മര്യാദ മാനിച്ചാണ് ഇപ്പോള്‍ സംയമനം പാലിക്കുന്നതെന്നും മണി വ്യക്തമാക്കി. മുഖ്യാതിഥിയായി അഭിവാദ്യ പ്രസംഗം നടത്തിയെന്ന് പറഞ്ഞ് തന്റെ പ്രസംഗം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News