സുകുമാരന്‍ നായരുടെ 'താക്കോല്‍ സ്ഥാന' പരാമര്‍ശത്തെ ചെന്നിത്തല തള്ളിപ്പറഞ്ഞപ്പോള്‍ തുടങ്ങിയ പിണക്കം; പെരുന്നയില്‍ തരൂര്‍ വന്ന് താരമായപ്പോഴും അകല്‍ച്ച തുടര്‍ന്നു; ഒടുവില്‍ എട്ട് വര്‍ഷത്തിന് ശേഷം മഞ്ഞുരുകല്‍; മന്നം ജയന്തിയില്‍ മുഖ്യപ്രഭാഷകനായി തിളങ്ങാന്‍ ചെന്നിത്തല; പെരുന്നയിലെ വേദി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കും
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയില്‍ തുടക്കത്തില്‍ കെപിസിസി അധ്യക്ഷ പദവിലായിരുന്നു രമേശ് ചെന്നിത്തല. അതിന് ശേഷം ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തല എത്തിയപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതായിരുന്നില്ല. അന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ 'താക്കോല്‍ സ്ഥാന' പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ തന്നെ വെറും നായര്‍ നേതാവായി മുദ്രകുത്തിയെന്ന പരാതിയായിരുന്നു ചെന്നിത്തലക്ക് ഉണ്ടായിരുന്നത്. ഇത് ചെന്നിത്തലയും സുകുമാരന്‍ നായരും തമ്മിലുള്ള നീരസത്തിനും ഇടയാക്കിയിരുന്നു.
ഇതിനിടെ ദ്വീര്‍ഘകാലമായി തുടര്‍ന്നുപോന്ന ഈ അകല്‍ച്ചക്ക് അറുതിയാകുകയാണ്. എന്‍എസ്എസ് നേതൃത്വവും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ മഞ്ഞുരുകുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുകയാണ് എന്‍എസ്എസ്. വര്‍ഷങ്ങളായി തുടരുന്ന അകല്‍ച്ചയ്ക്കാണ് ഇതോടെ അവസാനമാവുന്നത്.
എട്ടു വര്‍ഷമായി എന്‍എസ്എസും ചെന്നിത്തലയും അകല്‍ച്ചയിലായിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ താക്കോല്‍ സ്ഥാന പരാമര്‍ശവും ചെന്നിത്തല അത് തള്ളിപ്പറഞ്ഞതും ആയിരുന്നു അകല്‍ച്ചക്ക് കാരണം. കുറെ നാളുകളായി എന്‍എസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല.
2013 ല്‍ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോല്‍ സ്ഥാന വിവാദം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ താക്കോല്‍ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എന്‍എസ്എസ് ജെനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല. വിവാദമായതോടെ സുകുമാരന്‍ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് തന്നെ അന്ന് തള്ളി പറയേണ്ടി വന്നു. ഇതാണ് ചെന്നിത്തല എന്‍എസ്എസ് അകല്‍ച്ചയിലേക്ക് നയിച്ചത്.
'നായര്‍ ബ്രാന്‍ഡ്' ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ല. പാര്‍ട്ടിയും താനും എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാടാണെന്നുമാണ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ചെന്നിത്തലയെ ആഭ്യന്തര വകുപ്പെന്ന താക്കോല്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത് എന്‍എസ്എസ് ആവശ്യപ്രകാരമായിരുന്നുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചെന്നിത്തല പിന്നീട് സമുദായത്തെ തള്ളിപ്പറഞ്ഞെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഇതിനിടെ പെരുന്നയും സുകുമാരന്‍ നായരുമായി അടുത്തത് ശശി തരൂരായിരുന്നു. മന്നം ജയന്തി ഉദ്ഘാടനത്തിനെത്തിയ ശശി തരൂറിനെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു . ശശി തരൂര്‍ ഡല്‍ഹി നായരല്ല, കേരള പുത്രനെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. തരൂര്‍ വിശ്വപൗരനാണ്. കേരള പുത്രനാണ്. മുമ്പ് ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ തരൂരിനെ ഡല്‍ഹി നായരെന്ന് താന്‍ വിമര്‍ശിച്ചിരുന്നു. ആ തെറ്റ് തിരുത്താന്‍ കൂടിയാണ് മന്നം ജയന്തി ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേദിയില്‍ ക്ഷണമുണ്ടായിരുന്നില്ല.
ഇതിനിടെ എന്‍എസ്എസും ചെന്നിത്തലയും തമ്മിലുള്ള മഞ്ഞുരുകള്‍ ഉണ്ടായിരിക്കുന്നത്. ദ്വീര്‍ഘകാലത്തിന് ശേഷമാണ് ചെന്നിത്തല പെരുന്നയിലെ വേദിയില്‍ എത്തുന്നത്. പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി എന്‍എസ്എസ് നല്ല ബന്ധത്തിലല്ല. അതിനിടെയാണ് ചെന്നിത്തലയെ എന്‍എസ്എസ് വീണ്ടും ചേര്‍ത്തുപിടിക്കുന്നത്. ഇത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വരും ദിവസങ്ങളില്‍ ചലനങ്ങള്‍ ഉണ്ടാക്കാം.
ജനുവരി രണ്ടിന് നക്കുന്ന മന്നംജയന്തി സമ്മേളനത്തിലാണ് ചെന്നിത്തല മുഖ്യപ്രഭാഷകനായി എത്തുന്നത്. അറ്റോര്‍ണിജനറല്‍ ആര്‍. വെങ്കിട്ടരമണി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.ശശികുമാര്‍ അധ്യക്ഷനാകും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി അനുസമ്രണപ്രഭാഷണവും നടത്തും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സ്വാഗതവും ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള നന്ദി പറയും. കേന്ദ്രമന്ത്രിമാരായ ജോര്‍ജ്ജ് കുര്യനും സുരേഷ് ഗോപിക്കും ചടങ്ങിന് ക്ഷണമില്ല.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ചുമതല കഴിഞ്ഞതോടെ ചെന്നിത്തല സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരിക്കയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ആരോപണങ്ങളുമായി അദ്ദേഹം സജീവമായി രംഗത്തുണ്ട്. മണിയാര്‍ ജലവൈദ്യുത പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി ചെന്നിത്തല രംഗത്തുവന്നതോട സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുകയും ചെയ്തു. സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല. പദ്ധതിയുടെ ബി.ഒ.ടി കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ട്. സ്വകാര്യ കമ്പനിക്ക് കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
അതേസമയം ചെന്നിത്തല ഉയര്‍ത്തുകൊണ്ടുവന്ന ഈ വിഷയം ഏറ്റെടുക്കാന്‍ പാര്‍ട്ടിയും പ്രതിപക്ഷ നേതാവും തയ്യാറായിട്ടില്ല. ഇതും കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇതിനിടെയാണ് എന്‍എസ്എസ് പിന്തുണ ചെന്നിത്തല നേടിയെടുത്തതും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരും നയിക്കുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഇപ്പോഴത്തെ മഞ്ഞുരുകല്‍ എന്നതും ശ്രദ്ധേയമാണ്.