മന്ത്രി പദവിയില്‍ ഉടക്കി എന്‍സിപി വീണ്ടും പിളരുമോ? എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കട്ടായം പറഞ്ഞതോടെ പി സി ചാക്കോയ്ക്ക് കടുത്ത അമര്‍ഷം; അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കാമെന്ന് ചാക്കോ; അനാവശ്യ വിവാദം എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്ന് ശശീന്ദ്രനും
സംസ്ഥാനത്ത് എന്‍സിപി വീണ്ടും പിളരുമോ?
തിരുവനന്തപുരം: മന്ത്രിമാറ്റത്തെ ചൊല്ലിയുള്ള ഉടക്കിന്റെ പേരില്‍ സംസ്ഥാനത്ത് എന്‍സിപി വീണ്ടും പിളരുമോ? എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം എന്‍സിപി ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനോട് സി പി എം നിര്‍ദേശിച്ചിട്ടുമുണ്ട്. എന്നാല്‍, സിപിഎമ്മിന്റെ തീരുമാനത്തില്‍, സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ കടുത്ത അതൃപ്തിയിലാണ്.
കഴിഞ്ഞ ദിവസം ശരദ് പവാറിനെ കണ്ട് കാര്യങ്ങള്‍ക്ക് ഒരുതീരുമാനമാക്കാന്‍ ചാക്കോയും തോമസ് കെ തോമസും പരിശ്രമിച്ചെങ്കിലും, ലക്ഷ്യം കണ്ടില്ല. പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം പവാറുമായി കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയെങ്കിലും, ചാക്കോയ്ക്ക് നിരാശയായിരുന്നു ഫലം.
മന്ത്രിമാറ്റത്തില്‍ പി സി ചാക്കോ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നാണ് എ കെ ശശീന്ദ്രന്റെ നിലപാട്. ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണ്. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെ മൂന്നുവട്ടം പറഞ്ഞതാണ്. എ.കെ ശശീന്ദ്രന്‍ മാറിയാല്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അനാവശ്യ ചര്‍ച്ചകള്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
തോമസ് കെ. തോമസും പി.സി ചാക്കോയും കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി സംസാരിച്ചിരുന്നു. സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായും ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മറുപടി അനുസരിച്ച് ദേശീയ നേതൃത്വം തുടര്‍നിര്‍ദേശം നല്‍കുമെന്നാണ് അറിഞ്ഞത്. ശരദ് പവാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.
എന്‍സിപിയുടെ മന്ത്രിമാറ്റത്തിന് താല്‍പര്യമുണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയേയും അറിയിക്കാന്‍ ശരത് പവാര്‍ സിപിഎം കോര്‍ഡിനേറ്ററായ പ്രകാശ് കാരാട്ടിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സിപിഎം കേന്ദ്രനേതൃത്വത്തെ ഇടപെടുത്തി മന്ത്രിമാറ്റം സാധ്യമാക്കാനുള്ള തോമസിന്റെ ശ്രമങ്ങള്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വം തടയിട്ടു.
എ കെ ശശീന്ദ്രനെ മാറ്റുന്നതിനോട് സിപിഎമ്മും മുഖ്യമന്ത്രിയും യോജിക്കുന്നില്ലെന്നു പ്രകാശ് കാരാട്ട് ശരത് പവാറിനെ അറിയിക്കും. തോമസ് കെ തോമസിനെതിരെ കൂറുമാറ്റ കോഴ ആരോപണം നില്‍ക്കുന്നതിനാല്‍ മന്ത്രിസഭയിലെടുക്കാന്‍ ബുദ്ധിമുണ്ടെന്നും പ്രകാശ് കാരാട്ട് ശരത് പവാറിനെ അറിയിക്കും.
എ.കെ. ശശീന്ദ്രന്‍ രാജിവെയ്ക്കണമെന്നാണ് എന്‍സിപിയുടെ താല്പര്യമെങ്കില്‍ വിരോധമില്ലെന്നും പക്ഷെ പിന്നീട് മന്ത്രിസ്ഥാനം എന്‍സിപിക്ക് ഉണ്ടാവില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ എന്തുകൊണ്ട് മന്ത്രായാക്കാനാവില്ലെന്ന് മുഖ്യമന്ത്രി വിശദമായി തന്നെ പ്രകാശ് കാരാട്ടിനെ അറിയിച്ചതായാണ് വിവരം.
അതേസമയം, സിപിഎം നിലപാടില്‍ രോഷാകുലനായ പി സി ചാക്കോ, താന്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിയാമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാനാവാത്ത സാഹചര്യത്തില്‍ കടുത്ത അമര്‍ഷത്തിലാണ് ചാക്കോ.