യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിക്ക് നറുക്ക് വീഴുമോ? സാമുദായിക സന്തുലന വാദം തടസ്സമാകുമോ? പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കാന്‍ തിരക്കിട്ട കൂടിയാലോചന; നാലുപേരുടെ പേരുകള്‍ സജീവ പരിഗണനയില്‍

ആരാകും പുതിയ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍?

Update: 2025-08-21 14:12 GMT

തിരുവനന്തപുരം: യുവനടിയുടെ കടുത്ത ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസേര തെറിച്ചതോടെ, ആരാകും പുതിയ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനെന്ന ചൂടേറിയ ചര്‍ച്ച സജീവമായി. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ തിരക്കേറിയ കൂടിയാലോചനകള്‍ തുടരുകയാണ്. ഗ്രൂപ്പ്-സാമുദായിക സമവാക്യങ്ങള്‍ പാലിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി.

പല പേരുകള്‍ നേതൃത്വത്തിന് മുന്നിലുണ്ടെങ്കിലും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ അബിന്‍ വര്‍ക്കിക്ക് നറുക്ക് വീഴാനാണ് സാധ്യതയെന്ന് സൂചനകളുണ്ട്. സംഘടനയുടെ ചട്ടപ്രകാരം, അധ്യക്ഷന്‍ രാജി വെച്ചാല്‍ ചുമതല വൈസ് പ്രസിഡന്റിനായിരിക്കും കൈമാറേണ്ടത്. മറ്റൊരാളെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് നീതി നിഷേധമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, സാമുദായിക പരിഗണനകളാണ് അബിന് തടസ്സമായി നില്‍ക്കുന്നത്. ഒ. ജെ.ജനീഷ്, ബിനു ചുള്ളിയില്‍, കെ എം അഭിജിത്ത്, അബിന്‍ വര്‍ക്കി എന്നീ നാലുപേരുകളാണ് മുഖ്യമായി പരിഗണിക്കുന്നതെന്നാണ് സൂചന.

രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായിരുന്ന കമ്മിറ്റിയില്‍ അബിന്‍ വര്‍ക്കിക്ക് പുറമെ അരിതാ ബാബു, വിഷ്ണു സുനില്‍, അനുതാജ്, വൈശാഖ് എസ്. ദര്‍ശന്‍, ഒ.ജെ. ജനീഷ്, ഷിബിന എന്നിവരും ഉപാധ്യക്ഷന്മാരായിട്ടുണ്ട്. ഇവരില്‍ ഒരാള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിന്റെ പിന്‍ഗാമിയാകാന്‍ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഉപാധ്യക്ഷനായ നേതാവാണ് അബിന്‍ വര്‍ക്കി. ഒരു ലക്ഷത്തി അറുപതിനായിരത്തോളം വോട്ടുകളാണ് ഇദ്ദേഹം സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേടിയത്. തെരഞ്ഞെടുപ്പ് മാനദണ്ഡം അനുസരിച്ച് അബിന്‍ വര്‍ക്കി അധ്യക്ഷനാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍, സാമുദായിക സന്തുലനമാണ് അബിന് തടസ്സമാകുന്നത്. കെ.പി.സി.സി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കെ.എസ്.യു അധ്യക്ഷനും ന്യൂനപക്ഷ സമുദായക്കാരായതാണ് അബിന്റെ സാധ്യത കുറയ്ക്കുന്നത്. അബിനടക്കം മൂവരും എറണാകുളം ജില്ലക്കാരായതും തടസ്സമാണ്. ഇതുകണക്കിലെടുത്താല്‍, ഒ.ജെ. ജനീഷ് പ്രസിഡന്റാകാനാണ് സാധ്യത കൂടുതല്‍. തൃശ്ശൂരില്‍നിന്നുള്ള ഒ.ജെ. ജനീഷ് കെ.സി. വേണുഗോപാലിനോട് അടുത്തുനില്‍ക്കുന്ന യുവനേതാവാണ്. ജനീഷിനൊപ്പം ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്ന പേര് ബിനു ചുള്ളിയിലിന്റേതാണ്.

ജെ.എസ്. അഖിലിന്റെ പേരും മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും പരിഗണിക്കാന്‍ സാധ്യത കുറവാണ്. കെ.സി. പക്ഷത്തുനിന്നുള്ള ബിനു ചുള്ളിയിലിനെ ദേശീയ പുനഃസംഘടനയില്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. അഖില്‍ നിലവില്‍ കെപിസിസി അംഗമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയാവാന്‍ ആദ്യം പരിഗണിച്ചവരില്‍ അഖിലിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍, അവസാനനിമിഷം അഖിലിനെ തഴഞ്ഞു. തുടര്‍ന്നാണ് രാഹുലിനെ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയാക്കി വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചു.

ദേശീയ പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ അഭിജിത്തിന്റേ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കെ എസ് യു മുന്‍ സംസ്ഥാന അദ്ധ്യക്ഷമായ അഭിജിത്ത് തഴയപ്പെട്ടു. അഭിജിത്തിന്റെ പേരും യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണയിലുണ്ടെന്നാണ് സൂചന.

Tags:    

Similar News