വീണ്ടും തിരുവോണ ആവേശത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾ. എല്ലാ മലയാളിക്കും മറുനാടൻ മലയാളി ടീമിന്റെ സമൃദ്ധിയുടേയും ശാന്തിയുടേയും തിരുവോണാശംസകൾ. മലയാളിക്ക് ഈ ദിവസം പ്രത്യാശയുടേയും സമൃദ്ധിയുടേയും ആഘോഷ ദിനമാണ്. മലയാളിയുടെ ദേശീയോത്സവ ദിനം. കോവിഡിനെ ഭയക്കാതെ വീണ്ടും ഓണം ആഘോഷിക്കുന്ന ദിവസം.

മാവേലി ഭരണത്തിന്റെ ഓർമ്മയിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം ആഘോഷിക്കുകയാണ് മലയാളികൾ. ജാഗ്രത കൈവിടാത്ത മറ്റൊരു ഓണക്കാലം. ഓണപ്പൂക്കളത്തിനും ഓണക്കോടിക്കും ഓണസദ്യയ്ക്കുമുള്ളതെല്ലാം ഉത്രാട ദിനത്തിൽ തന്നെ മലയാളി ഒരുക്കി. ലോകത്തിന്റെ ഏതു കോണിലായാലും മലയാളി ഈ ദിനം ആഘോഷിക്കും. ഓണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ട് മഹാബലി എന്നൊരു അസുര ചക്രവർത്തി നാടു ഭരിച്ചിരുന്നു. ത്രിലോകങ്ങളെയും ജയിച്ചവനായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ചക്രവർത്തിയുടെ സൽഭരണം സ്വർഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കി. അതു വീണ്ടെടുത്തു നൽകാമെന്നു മഹാവിഷ്ണു സമ്മതിച്ചു.

അപ്രകാരം വാമനനെന്ന ബ്രാഹ്‌മണ ബാലനായി അദ്ദേഹം അവതരിച്ച്, തപസ്സു ചെയ്യുവാൻ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നൽകാമെന്നു സമ്മതിച്ചു. തൽക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനൻ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവർത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനൻ ആ ശിരസ്സിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കൽ വന്നു കണ്ടുകൊള്ളാൻ മഹാബലിക്ക് വാമനൻ നൽകിയ അവസരമാണ് തിരുവോണമായി കേരളീയർ ആഘോഷിക്കുന്നത്.

മഹാബലിയെ വരവേൽക്കുന്ന ദിവസം കൂടിയാണ് തിരുവോണം. ഉത്രാടം, തിരുവോണം നാൾ മുതൽ നാലു ദിവസം മഹാബലി എല്ലാ വീടുകളിലും എത്തി പ്രചകളുടെ ക്ഷേമം അന്വേഷിക്കും എന്നാണ് വിശ്വാസം. വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തിയ മഹാബലി എന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണ കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് പല ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും കേരളത്തിന് ഓണം എന്നത് വിളവെടുപ്പിന്റെ ഉത്സവം കൂടി ആണ്.. ഒണാഘോഷം പോലെ പ്രധാനപ്പെട്ടതുതന്നെയാണ് ഓണ സദ്യയും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി തന്നെ.

തിരുവോണ നാളിൽ തൂശനിലയിൽ പഴവും ഉപ്പേരിയും പപ്പടവും പായസവും ഒക്കെ കൂട്ടി ഓണസദ്യ കഴിക്കാതെ മലയാളികൾക്ക് ഒരു ഓണമില്ല. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. എന്നാൽ പരമ്പരാഗത ഓണസദ്യയിൽ 26 ലധികം വിഭവങ്ങളുണ്ടാവും. സദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുമുണ്ട്. എല്ലാവരും വീട്ടുമുറ്റത്ത് പൂക്കളമിട്ടും ബന്ധുക്കളുടെ വീടുകൾ സന്ദർശിച്ചുമൊക്കെയാണ് സന്തോഷം പങ്കുവെയ്ക്കുന്നത്. ഓണത്തിന് പ്രിയപ്പെട്ടവർക്ക് അയക്കാനുള്ള ചില ആശംസകൾ നോക്കാം..

നിലവിളക്കിന്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈർമല്ല്യവും ഒന്നിച്ചുചേർന്ന ഈ പൊന്നിൻ ചിങ്ങ മാസത്തിലേ, പൊന്നോണത്തെ ഹൃദയം നിറഞ്ഞ് വരവേൽക്കാം സ്‌നേഹത്തോടെ ഓണാശംസകൾ.

- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.