- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാഗശാലയായി തലസ്ഥാന നഗരി; ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല: അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ പൊങ്കാലയർപ്പിക്കും: രാവിലെ 10.30ന് പൊങ്കാല കലത്തിന് അഗ്നിപകരും
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അമ്മയുടെ മന്ത്രങ്ങൾ ഉരുവിട്ട് പ്രാർത്ഥനയോടെ ഭക്ത ലക്ഷങ്ങൾ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. തലസ്ഥാന നഗരത്തെ യാഗശാലയാക്കുന്ന ആറ്റുകാൽ പൊങ്കാല രാവിലെ പത്തരയ്ക്കാണ് തുടങ്ങുക. ദൂരെ ദിക്കുകളിൽ നിന്നും വരെ എത്തിയ ഭക്തർ രാവിലെ തന്നെ ക്ഷേത്ര പരിസരത്ത് എത്തി അമ്മയെ തൊഴുതു വണങ്ങി പൊങ്കാലയ്ക്കായി കാത്തിരിപ്പ് തുടങ്ങി.
ദൂര ദിക്കുകളിൽ നിന്നുള്ള ഭക്തർ ഇന്നലെ തന്നെ തലസ്ഥാനത്തെത്തി. രാവിലെ 10ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമർപ്പണ ചടങ്ങിന് തുടക്കമാകും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു പകർന്നു നൽകുന്ന ദീപത്തിൽ നിന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി 10.30ന് ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. തുടർന്ന് സഹമേൽശാന്തി വലിയ തിടപ്പള്ളിയിലെ അടുപ്പും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പും ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളവും നാലു ദിക്കും കേൾക്കുമാറ് കരിമരുന്ന് പ്രയോഗവും മുഴങ്ങുന്നതാണ് ഭക്തർക്ക് അടുപ്പുകൾ കത്തിക്കുന്നതിനുള്ള വിളംബരം.
പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപം ക്ഷേത്രത്തിൽ നിന്നു കിലോമീറ്ററുകളോളം അകലെ വരെ നിരന്ന അടുപ്പുകളിലേക്കു പകർന്നു കൈമാറും. ഉച്ചയ്ക്ക് 2.30ന് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം. ഈ സമയം വ്യോമസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. നിവേദ്യത്തിനു സഹായിക്കാൻ 300 ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്.
ആറ്റുകാൽ ഭഗവതി ക്ഷേത്രം മുതൽ പത്തു കിലോമീറ്ററിലധികം ദൂരത്തേക്കാണ് അടുപ്പുകൾ നിരന്നത്.വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കു ചൂരൽകുത്ത്. രാത്രി 11ന് തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാന ദേവിയുടെ തിടമ്പേറ്റി, വാദ്യമേളങ്ങളുടെയും കുത്തിയോട്ട ബാലന്മാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. നാളെ രാവിലെ എട്ടിന് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. രാത്രി കാപ്പഴിക്കും. പുലർച്ചെ 12.30ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.