വൈക്കത്തഷ്ടമി ഡിസംബര്‍ 12ന്; മുന്നൊരുക്ക ചടങ്ങുകള്‍ 24-ന് തുടങ്ങും
വൈക്കത്തഷ്ടമി ഡിസംബര്‍ 12ന്; മുന്നൊരുക്ക ചടങ്ങുകള്‍ 24-ന് തുടങ്ങും
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ അഷ്ടമി ഡിസംബര്‍ 12-ന് നടക്കും.അഷ്ടമി ഉത്സവത്തിന് ഡിസംബര്‍ ഒന്നിന് കൊടിയേറും. മുന്നൊരുക്ക ചടങ്ങുകള്‍ 24-ന് തുടങ്ങും. 13-ന് വൈകീട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും. അഷ്ടമിയുടെ ആദ്യചടങ്ങായ പുള്ളിസന്ധ്യവേലയ്ക്ക് 24-ന് രാവിലെ ആറിനും 10-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ദേവസ്വംകലവറയില്‍ കോപ്പുതൂക്കും. ഉത്സവാഘോഷങ്ങള്‍ക്കും അടിയന്തരങ്ങള്‍ക്കും ആവശ്യമായ സാധനസാമഗ്രികള്‍ ദേവസ്വം അധികാരി അളന്നുതൂക്കി കീഴുദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍.
മഞ്ഞളും ചന്ദനമുട്ടിയും ആദ്യം അളന്നുതൂക്കും. പുള്ളിസന്ധ്യവേല 27,29, 31, നവംമ്പര്‍ രണ്ട് തീയതികളിലാണ്. രണ്ടാമത്തെ ചടങ്ങായ മുഖസന്ധ്യവേലയുടെ കേപ്പുതൂക്കല്‍ നവംബര്‍ മൂന്നിന് രാവിലെ ഏഴിനും ഒമ്പതിനും ഇടയ്ക്കാണ്. നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് മുഖസന്ധ്യവേലയുടെ ചടങ്ങുകള്‍.
പ്രഭാതശ്രീബലിക്കും വൈകീട്ട് വിളക്കിനും വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് അലങ്കാരങ്ങള്‍ ചാര്‍ത്തി ആനപ്പുറത്ത് എഴുന്നള്ളിക്കും. ആദ്യപ്രദക്ഷിണത്തിന് നാദസ്വരമേളവും രണ്ടാമത്തേതിന് ചെണ്ടമേളവും മൂന്നാമത്തേതിന് അനുഷ്ഠാനവാദ്യവും ഉപയോഗിക്കും. ദേവസ്വംബോര്‍ഡിലെ വാദ്യകലാകാരന്മാരാണ് മേളം ഒരുക്കുന്നത്.
ഡിസംബര്‍ ഒന്നിന് രാവിലെ 6.30-നും 7.30-നും മധ്യേ, തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെയും മേക്കാട്ടില്ലത്ത് ചെറിയമാധവന്‍ നമ്പൂതിരിയുടേയും മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും. വൈക്കത്തഷ്ടമി ദര്‍ശനം ഡിസബര്‍ 12-ന് പുലര്‍ച്ചെ 4.30-നാണ്. 13-ന് വൈകീട്ട് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. ഉദയനാപുരം ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന് നവംബര്‍ 26-ന് രാവിലെ 6.30-നും 7.45-നും മധ്യേ കൊടിയേറും. കാര്‍ത്തികദര്‍ശനം ഡിസംബര്‍ നാലിനാണ്.