വിസപ്രശ്‌നത്തില്‍ കുരുങ്ങിയ ആന്ധ്ര സ്വദേശിനി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Update: 2025-01-20 14:35 GMT

ദമ്മാം: വിസ സംബന്ധമായ നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങിയ ആന്ധ്ര സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമക്കുരുക്കുകള്‍ കഴിച്ചു നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രപ്രദേശുകാരിയായ ഭാരതി ഒരു വര്ഷം മുന്‍പാണ് വീട്ടുജോലിക്കാരിയായി ഖത്തറില്‍ വന്നത്. പിന്നീട് സ്‌പോണ്‍സര്‍ ഭാരതിയെ വിസിറ്റിങ് വിസയില്‍ സൗദി അറേബ്യയിലെ നൈരിയ എന്ന സ്ഥലത്ത് കൊണ്ട് വരികയായിരുന്നു. അവിടെ വീട്ടില്‍ ജോലിയ്ക്ക് നിര്‍ത്തിയ ഭാരതിയുടെ വിസിറ്റിങ് വിസ, കൃത്യസമയത്തു പുതുക്കാന്‍ സ്‌പോണ്‍സര്‍ വിട്ടു പോയതിനാല്‍, വിസ കാലാവധി അവസാനിയ്ക്കുകയും, ഭാരതി നിയമവിരുദ്ധമായി തങ്ങുന്ന സന്ദര്‍ശകയായി മാറുകയുമായിരുന്നു. അങ്ങനെ ഭാരതിക്ക് നാട്ടില്‍ പോകാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങി പോയി.

നാട്ടില്‍ പോകണം എന്നുള്ള ഭാരതിയുടെ നിരന്തരം ആവശ്യം ശല്യമായപ്പോള്‍, വിസ തീര്‍ന്നതിന്റെ വലിയ പിഴ അടക്കാന്‍ കഴിയാത്തത് കൊണ്ട്, സ്‌പോണ്‍സര്‍ നാരിയയിലെ ഇന്ത്യന്‍ സാമൂഹികപ്രവര്‍ത്തകന്‍ അന്‍സാരിയുമായി ബന്ധപെടുകയും, പാസ്‌പോര്‍ട്ട് കളഞ്ഞു പോയെന്നും പറഞ്ഞു ഭാരതിയെ ഏല്‍പ്പിക്കുകയും ചെയ്തു. അന്‍സാരി നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവിന്റെ നിര്‍ദ്ദേശമനുസരിച്ചു, അന്‍സാരി ഭാരതിയെ ദമ്മാമില്‍ മഞ്ജുവിന്റെ അടുത്തേയ്ക്ക് അയച്ചു. അങ്ങനെ ഭാരതി ദമാമില്‍ എത്തി മഞ്ജുവിന്റെ കുടുംബത്തോടൊപ്പം താമസിച്ചു.

മഞ്ജു വിവരങ്ങള്‍ ഇന്ത്യന്‍ എംബസ്സിയെ അറിയിച്ചു. ഭാരതിയുടെ കേസില്‍ ഇടപെടാന്‍ എംബസ്സി മഞ്ജുവിന് അധികാരപത്രം നല്‍കുകയും, നാട്ടിലേയ്ക്ക് മടങ്ങാന്‍ ഔട്ട്പാസ്സ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് മഞ്ജു ഭാരതിയെ ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കൊണ്ട് പോയി, തമിഴ് സാമൂഹ്യപ്രവര്‍ത്തകനായ വെങ്കിടേഷിന്റെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി. കുറെ പ്രാവശ്യം നടന്നിട്ടാണെങ്കിലും, ഫൈന്‍ അടക്കാതെ തന്നെ ഭാരതിയ്ക്ക് എക്‌സിറ്റ് തരപ്പെടുത്താന്‍ മഞ്ജുവിന് കഴിഞ്ഞു.

നിയമനടപടികള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു എല്ലാവര്ക്കും നന്ദി പറഞ്ഞു ഭാരതി നാട്ടിലേയ്ക്ക് മടങ്ങി.

Similar News