വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു
ദമ്മാം: കേരള മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കേരള രാഷ്ട്രീയത്തില്‍ എട്ട് പതിറ്റാണ്ടിലേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം സൃഷ്ടിച്ച കമ്മ്യുണിസ്റ്റ് നേതാവായിരുന്നു വി.എസ്.അച്യുതാനന്ദന്‍. പരിസ്ഥിതിയ്ക്കും, പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് വി.എസ് ജനനായകനായി മാറിയത്.
മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വി.എസ് നിര്‍ണായക പങ്ക് വഹിച്ചു. അനീതികള്‍ക്കെതിരെ തലയുയര്‍ത്തി നിന്ന, രാഷ്ട്രീയ പ്രതിബദ്ധതയും കാര്‍ക്കശ്യവും ജീവിതപാഠമാക്കിയ വി.എസ് വിടവാങ്ങുമ്പോള്‍ പോരാട്ടവീര്യം നിറഞ്ഞ രാഷ്ട്രീയ യുഗം കൂടി അവസാനിക്കുകയാണ്.
കേരളം നിലനില്‍ക്കുന്ന കാലത്തോളം വി എസ് അച്യുതാനന്ദന്‍ എന്ന വിപ്ലവകാരിയുടെ ഓര്‍മ്മകള്‍ തലമുറകള്‍ കൈമാറി നിലനില്‍ക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.